പൂനെ: സ്വിഗ്ഗി യിൽ നിന്നും ബജറ്റ് ഫ്രണ്ട്‌ലി ഭക്ഷണമെത്തിക്കാൻ ടോയിംഗ് റെഡി ആയിക്കഴിഞ്ഞു. പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ പുതിയ ഫുഡ് ഡെലിവറി ആപ്പാണ് ടോയിംഗ്’ (Toing). വിദ്യാർത്ഥികളെയും യുവ പ്രൊഫഷണലുകളെയും ലക്ഷ്യമിട്ട് 100-150 രൂപയ്ക്ക് താഴെ വിലവരുന്ന വിഭവങ്ങൾക്കാണ് പുതിയ ആപ്പ് മുൻഗണന നൽകുന്നത്. വിവിധ ആവശ്യങ്ങൾക്കായി വ്യത്യസ്ത ആപ്പുകൾ അവതരിപ്പിച്ച് ‘സൂപ്പർ-ബ്രാൻഡ്’ മാതൃകയിലേക്ക് മാറാനുള്ള സ്വിഗ്ഗിയുടെ തന്ത്രപരമായ നീക്കമായാണ് ഈ പുതിയ ആപ്പ് വിലയിരുത്തപ്പെടുന്നത്.
ടോയിംഗ് ആപ്പിൽ 99 രൂപയിൽ താഴെയുള്ള ഫ്ലാഷ് ഡീലുകൾ ലഭ്യമാണ്. മിനി മീൽസ്, ബർഗറുകൾ, സാൻഡ്‌വിച്ചുകൾ, കേക്കുകൾ, മധുരപലഹാരങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഉദാഹരണത്തിന്, സ്വിഗ്ഗി മെയിൻ ആപ്പിൽ 149 രൂപ വില വരുന്ന ചില സാധനങ്ങൾ ടോയിംഗിൽ 120-ന് വരെ ലഭിക്കും.
ഇൻസ്റ്റാമാർട്ട്, സ്നാക്ക്, ഡൈൻഔട്ട്, ക്രൂസ്, പിംഗ് എന്നിവയ്ക്ക് ശേഷം സ്വിഗ്ഗിയുടെ കീഴിലുള്ള ഏഴാമത്തെ സ്വതന്ത്ര ആപ്ലിക്കേഷനാണ് ടോയിംഗ്. റാപ്പിഡോ അടുത്തിടെ ആരംഭിച്ച ‘ഓൺലി’ ആപ്പുമായിട്ടായിരിക്കും ടോയിംഗിന് മത്സരിക്കേണ്ടി വരിക. നിലവിൽ മഹാരാഷ്ട്രയിലെ പൂനെയിൽ മാത്രമാണ് ടോയിംഗ് സേവനം ലഭ്യമാകുന്നത്. കോത്രുഡ്, ഹിഞ്ചേവാഡി, വകദ്, ഔന്ധ്, പിംപിൾ സൗദാഗർ തുടങ്ങിയ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ ഇതിന്റെ പരീക്ഷണം നടക്കുകയാണ്.
















