Lifestyle Travel

പരീക്ഷ ജയിക്കാൻ മഞ്ച് വഴിപാട്, ബാല മുരുകൻ മഞ്ച് മുരുകനായപ്പോൾ

ഉഴുന്ന് വട മുതൽ കോഴിക്കറി വരെ ഇഷ്ട നിവേദ്യങ്ങളായ വഴിപാടുകൾ നടത്തുന്ന ക്ഷേത്രങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. എന്നാൽ അഭീഷ്ട സിദ്ധിക്കായി കടകളിൽ നിന്നും വാങ്ങുന്ന നെസ്‌ലെയുടെ മഞ്ച് വഴിപാടായി സ്വീകരിക്കുന്ന അമ്പലം കൂടി നമ്മുടെ നാട്ടിൽ ഉണ്ട്.

തെക്കൻ പഴനി എന്നറിയപ്പെടുന്ന ആലപ്പുഴയിലെ തലവടി ബാല മുരുക ക്ഷേത്രത്തിലാണ് മഞ്ച് പ്രസാദമായി നൽകുന്നത്. മറ്റു മുരുക ക്ഷേത്രങ്ങളിൽ കർപ്പൂരവും, എണ്ണയും പനിനീർ ഒക്കെയാണ് വഴിപാടായി സമർപ്പിക്കുന്നതെങ്കിൽ ഇവിടെ വഴിപാടായി സമർപ്പിക്കുന്നതും പ്രസാദമായി ലഭിക്കുന്നതും മഞ്ച് ആണ്.

ഒരു മഞ്ച് മതി ബാല മുരുകനെ സന്തോഷിപ്പിക്കാൻ. മഞ്ച് കിട്ടി കഴിഞ്ഞാൽ പിന്നെ നമ്മുടെ മനസ്സിലെ ഏതു സങ്കടവും അകറ്റി ആഗ്രഹം സാധിച്ചു തരും ഈ മഞ്ച് മുരുകൻ. ബാല മുരുകനിൽ നിന്ന് മഞ്ച് മുരുകനായിട്ട് അധിക കാലം ആയിട്ടില്ല. 300 വർഷം പഴക്കമുള്ള ക്ഷേത്രം പുതുക്കി പണിതിട്ട് ഏകദേശം 15 വര്‍ഷത്തിന് മുകളിൽ ആയിട്ടുണ്ടാകും.

പരീക്ഷയ്ക്ക് നല്ല മാർക്ക് നേടാൻ ജോലി ലഭിക്കാനും പരീക്ഷയിൽ ഉന്നത വിജയം നേടാനും കാര്യാസാധ്യം എന്നിവയ്ക്കൊക്കെ വേണ്ടിയാണ് ഭക്തർ പ്രധാനമായും മഞ്ച് വഴിപാട് നടത്തുന്നത്. കുട്ടികൾക്ക് വേണ്ടി വഴിപാടായി നടത്തുന്ന തുലാഭാരത്തിനും പ്രധാനം മഞ്ച് തന്നെ. ഉത്സവ ദിവസങ്ങളിൽ വിഗ്രഹത്തിൽ പ്രധാനമായും ചാർത്തുന്നത് മഞ്ച് കൊണ്ടുള്ള മാലയാണ്.

മഞ്ച് വഴിപാടിന്റെ പിന്നിൽ നിരവധി കഥകൾ പ്രദേശ വാസികൾക്ക് പറയാനുണ്ട്. ഒരു ദിവസം സുബ്രഹ്മണ്യ ക്ഷേത്ര പരിസരത്ത് കളിച്ചു കൊണ്ടിരിക്കുന്ന അന്യ ജാതിക്കാരനായ ഒരു കുട്ടി അറിയാതെ ക്ഷേത്രത്തിനകത്ത് പ്രവേശിച്ചു പോയി. ഇതറിഞ്ഞ കുട്ടിയുടെ മാതാപിതാക്കളും വീട്ടുകാരും കുട്ടിയെ ശകാരിക്കുകയും തല്ലുകയും ചെയ്തു. അതോടെ കുട്ടിയുടെ മാനസിക നില തകരാറിലാവുകയും കുട്ടി അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും ചെയ്തു. ഇതു കണ്ടു പേടിച്ച മാതാപിതാക്കള്‍ ക്ഷേത്രത്തില്‍ വന്നു കാര്യം പറഞ്ഞു. നമ്പൂതിരി കുട്ടിയോട് ഇഷ്ടമുള്ള എന്തെങ്കിലും ഒന്ന് വാങ്ങി കൊണ്ടു വന്ന് ബാലമുരുകന്റെ നടയില്‍ വച്ച് പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടു. കുട്ടി തനിക്ക് ഇഷ്ടമുള്ള മഞ്ച് വാങ്ങി നടയിൽ വെച്ച് പ്രാർത്ഥിച്ചു. പെട്ടന്ന് തന്നെ കുട്ടിയുടെ എല്ലാ ആധികളും മാറി. ഇത് ഇവിടുത്തെ ആളുകളെ അത്ഭുതപ്പെടുത്തി. പിന്നെ ഓരോ ആളുകളും മഞ്ച് വെച്ച് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. അവര്‍ പ്രാര്‍ത്ഥിച്ച കാര്യങ്ങളെല്ലാം നടന്നതോടെ ബാലമുരുകന്‍ മഞ്ച് മുരുകനായി മാറി.

ജാതിമത ഭേദ മില്ലാതെയാണ് കുട്ടികൾ പരീക്ഷ അടുക്കുമ്പോൾ ക്ഷേത്രത്തിൽ എത്തുന്നത്. മഞ്ച് പറ, മഞ്ച് കൊണ്ട് തുലാ ഭാരം എന്നിവയും ഇവിടെ നടത്തുന്നു. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭക്തജനങ്ങൾ ഉത്സവത്തിൽ പങ്കെടുക്കാനും പ്രസാദം വാങ്ങാനും എത്താറുണ്ടെന്ന് ക്ഷേത്ര ഭാരവാഹികൾ പറയുന്നു. അതേസമയം വിമർശനങ്ങള്‍ ഉണ്ടെങ്കിലും മഞ്ച് വഴിപാട് ക്ഷേത്രത്തില്‍ മുടക്കമില്ലാതെ നടന്നുവരുന്നുണ്ട്. ആലപ്പുഴ കെ എസ് ആർ ടി സിയിൽ നിന്ന് 4 കിലോമീറ്റർ അകലെയാണ് അമ്പലം. റെയിൽവേ സ്റ്റേഷനിൽ നിന്ന് 7 കിലോമീറ്റർ ദൂരം ആണ് ഇവിടേക്ക് ഉള്ളത്.

Related Posts