ആപ്പിൾ ആരാധകർ കാത്തിരുന്ന ഐഫോൺ 17 സീരീസ് കാലിഫോർണിയയിലെ കുപെർട്ടിനോയിൽ നടന്ന പരിപാടിയിൽ കമ്പനി പുറത്തിറക്കി. പരിപാടിയിൽ ഏറെ ആകർഷണീയമായത് ഏറ്റവും കനംകുറഞ്ഞ ഐഫോൺ ആയ ഐഫോൺ എയർ ആണ്. ഐഫോൺ 17, ഐഫോൺ 17 പ്രോ എന്നിവയും ആപ്പിൾ പ്രേമികളുടെ ഇഷ്ടം നേടുന്നവയായിരുന്നു. അടിസ്ഥാന മോഡലിൽ സ്ക്രീൻ വലുപ്പം അപ്ഗ്രേഡ് ചെയ്തിട്ടുണ്ടെങ്കിലും രണ്ടു ഫോണുകളും തമ്മിൽ ചില പ്രധാന വ്യത്യാസങ്ങളുണ്ട്. പ്രത്യേകിച്ച് പ്രോ മോഡൽ അധിക ക്യാമറ ഹാർഡ്വെയറും ഉയർന്ന സ്റ്റോറേജ് ഓപ്ഷനുകളും നൽകുന്നുണ്ട്. ഈ ഫോണുകളുടെ ഇന്ത്യയിലെ വിലയും മറ്റു പ്രധാന ഫീച്ചറുകളും അറിയാം.
ഐഫോൺ 17, ഐഫോൺ 17 പ്രോ ഫോണുകളുടെ ഇന്ത്യയിലെ വില
ഐഫോൺ 17 256 ജിബി സ്റ്റോറേജ് വേരിയന്റിന് 82,900 രൂപയിലാണ് വില തുടങ്ങുന്നത്. അതേസമയം 512 ജിബി മോഡലിന് 1,02,900 രൂപയിലാണ് വില. ലാവെൻഡർ, മിസ്റ്റ് ബ്ലൂ, സേജ്, വൈറ്റ്, ബ്ലാക്ക് എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ ഫോൺ ലഭ്യമാണ്.
ഐഫോൺ 17 പ്രോയുടെ 256 ജിബി വേരിയന്റിന് 1,34,900 രൂപയിലും 512 ജിബി ഓപ്ഷന് 1,54,900 രൂപയിലും വില തുടങ്ങുന്നു. ഉയർന്ന സ്റ്റോറേജ് മോഡലുകളിൽ 1,74,900 രൂപയ്ക്ക് 1ടിബിയും, 2,29,900 രൂപയ്ക്ക് 2ടിബിയും ലഭിക്കും. കോസ്മിക് ഓറഞ്ച്, ഡീപ് ബ്ലൂ, സിൽവർ എന്നീ മൂന്ന് പുതിയ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.
ഐഫോൺ 17, ഐഫോൺ 17 പ്രോ: ഫീച്ചറുകൾ
ഐഫോണ്‍ 17 വേരിയന്റ്. 6.3 ഇഞ്ച് വലിപ്പമാണ് മോഡലിനുള്ളത്. 3,000 nits പീക്ക് ബ്രൈറ്റ്നസ് ഡിസ്പ്ലേയാണ് മോഡലിനുള്ളത്. സെറാമിക് ഷീൽഡ് 2 ഉപയോഗിച്ചാണ് സ്ക്രീന്‍ നിര്‍മ്മിച്ചിരിക്കുന്നത്. പുതിയ A19 ചിപ്പാണ് ഐഫോൺ 17-ന് കരുത്ത് പകരുന്നത്. 48MP പ്രധാന ക്യാമറയും 2x ടെലിഫോട്ടോ ലെൻസും ഒരൊറ്റ ക്യാമറയിലേക്ക് സംയോജിപ്പിക്കുന്ന ഡ്യുവൽ ഫ്യൂഷൻ സിസ്റ്റമാണ് ക്യാമറ. പുതിയ 48MP അൾട്രാ വൈഡ് ക്യാമറയും ഫോണിന്റെ സവിശേഷതയാണ്. ലാൻഡ്സ്കേപ്പ് സെൽഫികൾക്കായി ഉപയോഗിക്കാവുന്ന 18MP ഫ്രണ്ട് ക്യാമറയാണ് മോഡലിനുള്ളത്.
ആപ്പിൾ ഐഫോൺ 17 പ്രോയിൽ 6.3 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്പ്ലേയാണുള്ളത്. 120Hz റിഫ്രഷ് റേറ്റ്, ഓൾവേസ്-ഓൺ മോഡ്, 3,000 nits പീക്ക് ബ്രൈറ്റ്നസ് ഡിസ്പ്ലേ എന്നിവയാണ് പ്രോ മോഡലിനുമുള്ളത്. സെറാമിക് ഷീൽഡ് 2 ആണ് ഫോണിന് സംരക്ഷണം നല്‍കുന്നത്. വലിയ ബാറ്ററി മികച്ച ബാറ്ററി ലൈഫ് നൽകുകയും ചെയ്യുന്നു. 20 മിനിറ്റിനുള്ളിൽ 50% വരെ ചാർജ് ചെയ്യാൻ കഴിയുന്ന ഫാസ്റ്റ് ചാർജിങ് സൗകര്യവും ഇതിനുണ്ട്. A19 പ്രോ ചിപ്പാണ് മോഡലിന് കരുത്തേകുന്നത്. Wi-Fi 7, ബ്ലൂടൂത്ത് 6 തുടങ്ങിയ പുതിയ വയർലെസ് സാങ്കേതികവിദ്യകൾ സാധ്യമാക്കുന്ന N1 എന്ന പുതിയ ചിപ്പും ഇതിലുണ്ട്. 48-മെഗാപിക്സൽ മെയിൻ, അൾട്രാ വൈഡ്, ടെലിഫോട്ടോ ലെൻസുകളുള്ള മൂന്ന് ക്യാമറ ഫ്യൂഷൻ സിസ്റ്റമാണ് ഐഫോൺ 17 പ്രോയിലുള്ളത്.