മുംബൈ: ഇന്ത്യൻ വിപണിയിലെ ആദ്യ ചുവട് പിഴച്ച് അമേരിക്കൻ ആഡംബരം വൈദ്യുത വാഹന കമ്പനിയായ ടെസ്ല. 2025ൽ വലിയ രീതിയിൽ ഓഡറുകൾ പ്രതീക്ഷിച്ച് ഇന്ത്യയിലെത്തിയ ടെസ്ലയ്ക്ക് പക്ഷേ തണുത്ത പ്രതികരണമാണ് ഇന്ത്യയിലെ ആളുകളിൽ നിന്ന് ലഭിക്കുന്നത്. ആഗോള തലത്തിൽ മണിക്കുറുകൾ കൊണ്ട് നൂറ് കണക്കിന് കാറുകൾ വിൽക്കുന്ന കമ്പനി മുംബൈയിലും ഡൽഹിയിലും ഷോ റൂമുകൾ തുറന്ന് ഒന്നര മാസം കൊണ്ട് വെറും 600 മോഡൽ വൈ കാറുകൾക്ക് മാത്രമാണ് ഓഡർ ലഭിച്ചത്.
ശരാശരി 22 ലക്ഷം രൂപയാണ് ഇന്ത്യയിലെ മുൻനിര വൈദ്യുത വാഹനങ്ങൾക്കുള്ളത് ഈ വിപണിയിലേക്കാണ് 60 ലക്ഷം രൂപയുടെ മോഡൽ വൈ കാറുമായി ടെസ്ല എത്തുന്നത്. മുംബൈ, ഡൽഹി, ഗുർഗ്രാം എന്നിവിടങ്ങളിലെ ഷോ റൂമുകളിലായിരിക്കും ആദ്യ കാർ വിതരണം നടത്തുന്നത്.
ചൈനയിലെ ഷാങ് ഹായിലെ പ്ലാറ്റിൽ നിർമ്മിച്ച കാറുകളുടെ ആദ്യ ബാച്ച് ഈ മാസം അവസാനം ഇന്ത്യയിൽ എത്തിക്കുമെന്നും നിലവിലെ സാഹചര്യത്തിൽ 350 മുതൽ 500 കാറുകൾ വരെ രാജ്യത്ത് എത്തുമെന്നും കമ്പനി സൂചന നൽകുന്നുണ്ട്.
ആഗോള കാർ വിപണിയിൽ മൂന്നാം സ്ഥാനത്ത് ഉണ്ടായിട്ടും ഇന്ത്യയുടെ പ്രതികരണം എങ്ങനെയാകും എന്ന ആശങ്കയിൽ മടിച്ചു നിൽക്കുകയീയിരുന്നു ടെസ്ല. കാറുകളുടെ ഇറക്കുമതിക്ക് ഇന്ത്യയുടെ 100 ശതമാനം തീരുവ കമ്പനിക്ക് പ്രതിബന്ധമായി നിൽക്കുന്നതിനാൽ വിപണിയിലെ യഥാർത്ഥ വിലയിൽ നിന്നും ഇരട്ടി വിലയിലാണ് ടെസ്ലയ്ക്ക് വിൽക്കാനാകുക. ആഗോളതലത്തിൽ മൂന്ന് മാസത്തെ കമ്പനിയുടെ വിപണിയിൽ 13 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഇറക്കുമതി തീരുവയിൽ കുറവുണ്ടാകും എന്ന പ്രതീക്ഷയിലായിരുന്നു ടെസ്ല. എന്നാൽ കാര്യങ്ങളുടെ കിടപ്പ് പ്രതീക്ഷകൾക്ക് വിപരീതമായാണ്.