Homepage Featured Lifestyle Tech

മികച്ച എ ഐ പ്രതിഭകൾ മെറ്റ വിടാൻ കാരണമെന്ത്? മാർക്ക് സക്കർബർഗിന്റെ പദ്ധതികൾ പാളിയതെവിടെ?

വാഷിംഗ്‌ടൺ ഡിസി: മെറ്റയെ എ ഐയുടെ ( കൃത്രിമബുദ്ധി ) മുൻനിരയിലേക്ക് എത്തിക്കാനുള്ള മാർക്ക് സക്കർബർഗിന്റെ നീക്കത്തിന് പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചടി നേരിടുന്നതായി റിപ്പോർട്ട്. കമ്പനിയുടെ പുതുതായി രൂപീകരിച്ച മെറ്റാ സൂപ്പർഇന്റലിജൻസ് ലാബ്‌സ് (MSL) പ്രഖ്യാപനം വന്ന് മാസങ്ങൾക്ക് ശേഷം നിരവധി പ്രമുഖ ഗവേഷകരാണ് പദ്ധതിയിൽ നിന്ന് പുറത്തുപോയത്.

മെറ്റയുടെ ഉയർന്ന തലത്തിലുള്ള എ ഐ ഗവേഷണത്തിലേക്കുള്ള യാത്ര പടിപടിയായി ഉയർത്തുക എന്നതായിരുന്നു എംഎസ്എൽ -ന്റെ ലക്ഷ്യം. OpenAI, DeepMind, Apple തുടങ്ങിയ എതിരാളികളിൽ നിന്ന് വിദഗ്ധരെ മെറ്റയിലെത്തിക്കാനുള്ള ശ്രമങ്ങൾ എംഎസ്എൽ നടത്തിയിരുന്നു. അഭൂതപൂർവമായ ശമ്പളവും കോടിക്കണക്കിന് ഡോളറിന്റെ കരാറുകളും വാഗ്ദാനം ചെയ്ത് സക്കർബർഗ് തന്നെയാണ് നിയമന ശ്രമങ്ങൾക്ക് നേതൃത്വം നൽകിയതെന്ന് റിപ്പോർട്ടുണ്ട്.

ഇത്രയും ഗംഭീര ഓഫറുകൾ ഉണ്ടായിരുന്നിട്ടും, സമീപ ആഴ്ചകളിൽ കുറഞ്ഞത് മൂന്ന് ഗവേഷകരെങ്കിലും എംഎസ്എല്ലിൽ നിന്നും രാജിവച്ചിട്ടുണ്ട്.
ഓപ്പൺഎഐയിൽ ഉണ്ടായിരുന്ന അവി വർമ്മയും ഏഥൻ നൈറ്റും മെറ്റയിൽ കുറച്ചുകാലം ജോലി ചെയ്തതിനു ശേഷം തിരിച്ചു പോകാൻ തീരുമാനിച്ചു. അതേസമയം, ഗൂഗിൾ ഡീപ് മൈൻഡിൽ നിന്ന് 1 മില്യൺ ഡോളറിന്റെ പാക്കേജിൽ റിക്രൂട്ട് ചെയ്ത ഇന്ത്യൻ ഗവേഷകനായ ഋഷഭ് അഗർവാൾ, ഓഗസ്റ്റ് മാസം ലാബിലെ തന്റെ അവസാന മാസമാണെന്ന് സ്ഥിരീകരിച്ചു. ഈ തീരുമാനങ്ങൾ സക്കർബർഗിന് കനത്ത തിരിച്ചടി ആയേക്കും.

മെറ്റയുടെ എ ഐ പ്രവർത്തനങ്ങളിൽ കൃത്യതയില്ലെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഗവേഷകരുടെ പിന്മാറ്റം. ഇടയ്ക്കിടെയുള്ള പുനഃസംഘടനകൾ, സ്ട്രാറ്റജിയിലെ മാറ്റം, നേതൃത്വത്തിൽ നിന്നുള്ള സൂക്ഷ്മ മേൽനോട്ടം എന്നിവ അസ്വസ്ഥതയ്ക്ക് കാരണമായി എന്നാണ് ഗവേഷകർ രാജി പ്രഖ്യാപിക്കാനുള്ള കാരണമായി പറയുന്നത്. എ ഐ തൊഴിൽ മേഖലയെ നാല് പ്രത്യേക ടീമുകളായി വിഭജിക്കാനുള്ള സമീപകാല തീരുമാനം അനിശ്ചിതത്വത്തിന് കൂടുതൽ ആക്കം കൂട്ടി.

നിരീക്ഷിച്ചതുപോലെ, എ ഐ രംഗത്തു പല മുൻനിര ഗവേഷകരെയും നിലനിർത്തുന്നത് ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസിന്റെ സുരക്ഷിതമായ വികസനം രൂപപ്പെടുത്താനുള്ള അവസരമാണെന്നും അല്ലാതെ ശമ്പളമല്ലെന്നും ഡീപ്പ് മൈൻഡ് സഹസ്ഥാപകൻ ഡെമിസ് ഹസാബിസ് പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ആന്ത്രോപിക്കിലെ ഏറ്റവും നല്ല കാര്യം നമ്മൾ മനുഷ്യരാശിയുടെ ഭാവിയെ സ്വാധീനിക്കുന്നു എന്നതാണ്. എന്നാൽ മെറ്റയിലെ സ്ഥിതി നമ്മൾ പണം സമ്പാദിക്കുന്നു എന്നതാണ് എന്ന ആന്ത്രോപിക്കിന്റെ സഹസ്ഥാപകനായ ബെഞ്ചമിൻ മാനിന്റെ പ്രസ്താവനയും മെറ്റയ്ക്കു തിരിച്ചടിയായി.

അതേസമയം ആപ്പിളിന്റെ മുൻനിര എ ഐ ഗവേഷകരെ മെറ്റാ വേട്ടയാടുന്നു എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഓപ്പൺഎഐയെ സംബന്ധിച്ചിടത്തോളം, സമയം അനുകൂലമാണ്. മെത്തയിൽ നിന്നും വർമ്മയുടെയും നൈറ്റിന്റെയും തിരിച്ചുവരവിനൊപ്പം, മെറ്റയിൽ ഒരു പതിറ്റാണ്ടോളം പരിചയസമ്പന്നയായ ചായ നായക്കിനെ കമ്പനിയിലേക്ക് എത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. മുൻ സ്കെയിൽ എഐ മേധാവി അലക്സാണ്ടർ വാങ്, മുൻ ഗിറ്റ്ഹബ് സിഇഒ നാറ്റ് ഫ്രീഡ്മാൻ തുടങ്ങിയ പ്രമുഖരെ മുതിർന്ന സ്ഥാനങ്ങളിലേക്ക് നിയമിച്ചിട്ടുണ്ടെങ്കിലും, മെറ്റയുടെ സൂപ്പർ ഇന്റലിജൻസ് വിഭാഗം അസ്ഥിരതയും സാംസ്കാരിക സംഘർഷങ്ങളും മൂലം ദുർബലമായ അവസ്ഥയിലാണെന്നാണ് റിപ്പോർട്ട്.

Related Posts