Food Lifestyle

ദോശ ബാക്കി വന്നോ? കളയേണ്ട; വൈകിട്ട് ചായയ്ക്ക് സ്നാക് റെഡിയാക്കാം

ദോശ മലയാളികൾക്ക് ഒഴിച്ചുകൂടാനാവാത്ത പ്രഭാതഭക്ഷണങ്ങളിലൊന്നാണ്. അതിനാൽതന്നെ, മിക്ക വീടുകളിലും രാവിലെ ദോശയും ചമ്മന്തിയും ആയിരിക്കും പ്രഭാത ഭക്ഷണമായി തയ്യാറാക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാമെന്നതും ദോശ പല വീട്ടമ്മമാരുടെയും ഇഷ്ട ഭക്ഷണമാക്കി മാറ്റുന്നു. അതിനാൽതന്നെ, പലപ്പോഴും ദോശ ബാക്കി വരുന്നത് സ്വഭാവികമാണ്.

ബാക്കി വന്ന ദോശകൾ പിന്നീട് കളയുന്നതാണ് പതിവ്. എന്നാൽ, ഇനി അവ കളയാതെ രുചികരമായ ലഘുഭക്ഷണമാക്കി മാറ്റാം. ബാക്കി വന്ന ദോശ കൊണ്ട് വൈകിട്ട് ചായയ്ക്കുള്ള സ്നാക് എളുപ്പത്തിൽ തയ്യാറാക്കാം. അതിനുള്ള റെസിപ്പി പരിചയപ്പെടാം.

ചേരുവകൾ​

ദോശ
വെളിച്ചെണ്ണ
കടുക്
കറിവേപ്പിലയും
സവാള
ഇഞ്ചി
വെളുത്തുള്ളി
മല്ലിപ്പൊടി
മഞ്ഞൾപ്പൊടി
മുളകുപൊടി
ചിക്കൻ മസാല
ഉപ്പ്
മുട്ട
ഗരംമസാല

തയ്യാറാക്കുന്ന വിധം

ബാക്കി വന്ന ദോശ ചെറിയ കഷ്ണങ്ങളായി മുറിക്കാം. ഒരു പാൻ ചൂടാക്കി അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം. പാൻ ചൂടായി കഴിയുമ്പോൾ കടുക് ചേർത്തു പൊട്ടിക്കാം. ഇതിലേയ്ക്ക് കറിവേപ്പിലയും വറ്റൽമുളകും ചേർത്തു വറുക്കാം. അര ടീസ്പൂൺ ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞതു ചേർത്തു വേവിക്കാം. അതിന്റെ നിറം മാറി വരുമ്പോൾ അര ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, ഒരു നുള്ള് മഞ്ഞൾപ്പൊടി, എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. രുചി വർധിപ്പിക്കുന്നതിന് ചിക്കൻ മസാലയും ആവശ്യത്തിന് ഉപ്പും ചേർക്കാം. ഇതിലേയ്ക്ക് മുട്ട പൊട്ടിച്ചൊഴിച്ചിളക്കാം. മുട്ട വെന്തു കഴിയുമ്പോൾ ഗരം മസാല ചേർക്കാം. നീളത്തിൽ അരിഞ്ഞ ദോശ ഇതിലേയ്ക്കു ചേർത്തിളക്കാം. അൽപം വെള്ളം ഒഴിച്ച് ഇത് അടച്ചു വച്ച് വേവിക്കാം. ശേഷം അടുപ്പണച്ച് ചൂടോടെ വിളമ്പി കഴിക്കാം.

Related Posts