2024 മാർച്ചിലാണ് ടാറ്റ മോട്ടോഴ്സിന്റെ വാണിജ്യ വാഹനങ്ങൾ, പാസഞ്ചർ വാഹനങ്ങൾ എന്നിങ്ങനെ രണ്ട് പ്രത്യേക ലിസ്റ്റഡ് സ്ഥാപനങ്ങളായി വിഭജിക്കാനുള്ള തീരുമാനം കമ്പനി ബോർഡ് അംഗീകരിച്ചത്. ഒക്ടോബർ ഒന്ന് മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരും. ഈ നീക്കത്തോടെ, വാണിജ്യ വാഹനങ്ങളുടെ ബിസിനസ്സ് ടാറ്റ മോട്ടോഴ്സ് ലിമിറ്റഡ് കൊമേഴ്സ്യൽ വെഹിക്കിൾസ് ലിമിറ്റഡിലേക്ക് (TMLCV) മാറുകയും ഇലക്ട്രിക് വാഹനങ്ങൾ, ജാഗ്വാർ ലാൻഡ് റോവർ എന്നിവ ഉൾപ്പടെയുള്ള സ്വകാര്യ വാഹനങ്ങൾ ടാറ്റ മോട്ടോഴ്സിലേക്കും മാറും.
രണ്ട് ബിസിനസുകളും വ്യത്യസ്തമാണെന്നും വ്യത്യസ്ത തന്ത്രങ്ങളുമാണുള്ളത് എന്നാണ് ടാറ്റ മോട്ടോഴ്സ് പറയുന്നത്. 2024 മാർച്ചിൽ നൽകിയ പ്രസ് റിലീസിൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി പിവി, സിവി, ഇവി ബിസിനസുകളിൽ പ്രത്യേക തന്ത്രങ്ങൾ നടപ്പിലാക്കുന്നതിലൂടെ ശക്തമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്ന് വാഹന നിർമ്മാതാവ് അഭിപ്രായപ്പെട്ടിരുന്നു. ഓരോ ബിസിനസിനെയും കൂടുതൽ ചടുലതയോടെയും ഉത്തരവാദിത്തത്തോടെയും വളർച്ചാ പാത പിന്തുടരാൻ ഈ വിഭജനം സഹായകമാകുമെന്നും 2021 മുതൽ ഇവ അതത് സിഇഒമാരുടെ കീഴിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനി കൂട്ടിച്ചേർത്തു.
സിവികൾ ചാക്രികമാണെന്നും അടിസ്ഥാന സൗകര്യങ്ങൾ, ചരക്ക്, ഖനനം, നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും, പിവികൾ വളർച്ചയെ അടിസ്ഥാനമാക്കിയുള്ളതും, സാങ്കേതികവിദ്യയെ ആശ്രയിച്ചുള്ളതും, ഉപഭോക്തൃ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമാണെന്നും ടാറ്റ എടുത്തുപറഞ്ഞു. “സിവിക്കും പിവിക്കും ഇടയിൽ പരിമിതമായ സമന്വയം നിലവിലുണ്ട്, എന്നാൽ പിവി, ഇവി, ജെഎൽആർ എന്നിവയിലുടനീളം, പ്രത്യേകിച്ച് ഇവികൾ, ഓട്ടോണമസ് വാഹനങ്ങൾ, വാഹന സോഫ്റ്റ്വെയർ എന്നിവയിൽ ഗണ്യമായ സമന്വയം പ്രയോജനപ്പെടുത്താൻ കഴിയുമെന്നും പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പിവി, ഇലക്ട്രിക് വാഹന ബിസിനസുകൾക്ക് സിവികളിൽ നിന്ന് വ്യത്യസ്തമായ ധനസഹായമാണ് വേണ്ടത്. ബാറ്ററികൾ, പ്ലാറ്റ്ഫോമുകൾ, സോഫ്റ്റ്വെയർ തുടങ്ങിയ സാങ്കേതികവിദ്യകളിൽ പിവിക്ക് കോടിക്കണക്കിന് ഡോളർ നിക്ഷേപം ആവശ്യമാണ്, അതേസമയം സിവികൾ പ്ലാന്റുകളിലും ഫ്ലീറ്റ് ഫിനാൻസിംഗിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2025 സാമ്പത്തിക വർഷത്തിലെ 80-ാമത് വാർഷിക സംയോജിത റിപ്പോർട്ട് അനുസരിച്ച്, പിവി നിക്ഷേപങ്ങൾ സാങ്കേതിക പരിശീലന കേന്ദ്രങ്ങളിലേക്കും അക്കാദമിക് സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തിലേക്കുമാണ് നയിച്ചത്, അതേസമയം ഇവി നിക്ഷേപങ്ങൾ സുസ്ഥിര മൊബിലിറ്റി, ആവാസവ്യവസ്ഥ വികസനം, നൂതനവും പരിസ്ഥിതി സൗഹൃദവുമായ വാഹനങ്ങൾ എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
1:1 എന്ന അനുപാതത്തിലായിരിക്കും ഓഹരി അവകാശം. അതായത് ടാറ്റ മോട്ടോഴ്സ് ഓഹരി ഉടമകൾക്ക് രണ്ട് കമ്പനികളിലും ഒരേ അനുപാതം ഉണ്ടായിരിക്കും, അങ്ങനെ മൊത്തത്തിലുള്ള ഉടമസ്ഥാവകാശം മാറ്റമില്ലാതെ തുടരും.
















