പാൽ, ക്രീം, പഞ്ചസാര എന്നിവ ചേർത്ത് തണുപ്പിച്ച് ഉണ്ടാക്കുന്ന സ്വാദിഷ്ടമായ മധുര പലഹാരമാണ് ഐസ്‌ക്രീം. ലോകമെമ്പാടുമുള്ള ആളുകൾക്ക് ഏറ്റവും പ്രിയപ്പെട്ട ഡെസേർട്ടുകളിൽ ഒന്നാണിത്. പലപ്പോഴും പഴങ്ങൾ, നട്ട്സ്, വിവിധതരം ഫ്ലേവറുകൾ, കൃത്രിമ നിറങ്ങളും മധുരങ്ങളും എന്നിവയും ഐസ്‌ക്രീമിൽ ചേർക്കാറുണ്ട്.
ഐസ്‌ക്രീം കേവലം ഒരു രുചി മാത്രമല്ല, അത് സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ഒരു പ്രതീകം കൂടിയാണ്. ഒരുപാട് ആഘോഷ വേളകളിൽ ഐസ്‌ക്രീം ഒരു പ്രധാന വിഭവമായി മാറാറുണ്ട്. ചൂടുള്ള കാലാവസ്ഥയിൽ ശരീരത്തിന് ഒരു തണുപ്പ് നൽകാനും മനസ്സിന് ആശ്വാസം നൽകാനും ഐസ്‌ക്രീമിന് കഴിയും.
മഴക്കാലമാണെങ്കിലും ഇതിനോടുള്ള പ്രിയം കുറയില്ല. വിപണയിൽ സുലഭമായ തണ്ണിമത്തൻ ഉപയോഗിച്ച് ഹെൽത്തി ഐസ്ക്രീം വീട്ടിൽ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ?. തണ്ണിമത്തൻ വെറുതെ കഴിക്കുന്നതിനേക്കാൾ രുചികരവും, അതോടൊപ്പം ആരോഗ്യകരവുമായ ഒരു വിഭവം തന്നെയാണിത്. തണ്ണിമത്തന്റെ സ്വാഭാവികമായ മധുരവും, തണുപ്പും, ഐസ്‌ക്രീമിന്റെ ക്രീമി സ്വഭാവവും ചേരുമ്പോൾ അതൊരു സൂപ്പർ ഫുഡായി മാറും എന്നതിൽ സംശയമില്ല. കവിത സുരേൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഐസ്ക്രീം തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
തണ്ണിമത്തൻ
ഫ്രെഷ് ക്രീം
കണ്ടൻസ്ട് മിൽക്ക്
തയ്യാറാക്കുന്ന വിധം
തണ്ണിമത്തൻ വൃത്തിയായി കഴുകി രണ്ട് കഷ്ണമായി മുറിക്കാം. ഉള്ളിലെ പൾപ്പ് മാത്രമെടുക്കാം. അതിലേയ്ക്ക് ഒരു കപ്പ് ഫ്രെഷ് ക്രീം, അര കപ്പ് മിൽക്ക് മെയ്ഡ് അല്ലെങ്കിൽ കണ്ടൻസ്ട് മിൽക്ക് എന്നിവ ചേർക്കാം. ശേഷം അത് നന്നായി അരച്ചെടുക്കാം. ഇത് മുറിച്ചെടുത്ത തണ്ണിമത്തനിലേയ്ക്ക് ഒഴിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം. കട്ടിയായതിനു ശേഷം മുറിച്ചെടുത്ത് കഴിക്കാം.
















