Food Lifestyle

ഒരു ബീറ്റ്റൂട്ട് മതി, രുചിയും നിറവും നിറഞ്ഞ ജാം വീട്ടിലുണ്ടാക്കാം

ബ്രെഡും ജാമും മികച്ചൊരു കോമ്പിനേഷനാണ്. ഇത് കഴിക്കാൻ കൊതി തോന്നുമ്പോൾ ജാം വാങ്ങാനായി ഓടി ചെല്ലുന്നത് കടയിലേക്കാണ്. ഇത്തരത്തിൽ കടയിൽ നിന്നും സ്ഥിരമായി ജാം വാങ്ങി കഴിക്കുന്നവരാണ് കൂടുതൽ. എന്നാൽ, പായ്ക്കറ്റ് ജാമിലെ ചേരുവകൾ ആരോഗ്യത്തിന് അത്ര ഗുണകരമല്ല. അതിനാൽ അവ വീട്ടിൽ തന്നെ തയ്യാറാക്കി സൂക്ഷിക്കുന്നതാവും സുരക്ഷിതം.

കടയിൽ കിട്ടുന്ന അതേ രുചിയിൽ വീട്ടിൽ ചെയ്തെടുക്കാൻ കഴിയില്ലെന്ന ചിന്തയുണ്ടെങ്കിൽ മാറ്റിവച്ചോളൂ. ഒരു ബീറ്റ്റൂട്ട് ഉണ്ടെങ്കിൽ കടയിൽ കിട്ടുന്ന അതേ രുചിയിലും നിറത്തിലും ജാം വീട്ടിൽ തയ്യാറാക്കി മതിവരുവോളം കഴിക്കാൻ കഴിയും. ഇതിന് വേണ്ടത് വെറും പത്തു മിനിറ്റാണ്. വ്യത്യസ്തമായ രുചിയിൽ ഹെൽത്തിയായ ജാം തയ്യാറാക്കുന്ന വിധം ഷെഫ് അറ്റ് ഹോം എന്ന ഇൻസ്റ്റഗ്രാം പേജാണ് പരിചയപ്പെടുത്തി തരുന്നത്.

ചേരുവകൾ

ബീറ്റ്റൂട്ട്
ഈന്തപ്പഴം
വെള്ളം
പഞ്ചസാര
തക്കോലം
ഗ്രാമ്പൂ
ഏലയ്ക്ക

തയ്യാറാക്കുന്ന വിധം

രണ്ട് ബീറ്റ്റൂട്ട് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയതിലേയ്ക്ക് കുരുകളഞ്ഞ നാലോ അഞ്ചോ ഈന്തപ്പഴം ചേർത്ത് കുറച്ച് വെള്ളം ഒഴിച്ചു വേവിക്കുക. വേവിച്ചെടുത്ത ബീറ്റ്റൂട്ടും ഈന്തപ്പഴവും അരച്ചെടുക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് 100 ഗ്രാം പഞ്ചസാരയിലേയ്ക്ക് അൽപ്പം വെള്ളം ഒഴിച്ച് അലിയിച്ചെടുക്കുക. പഞ്ചസാര അലിഞ്ഞു വരുമ്പോൾ തക്കോലം, ഗ്രാമ്പൂ, ഏലയ്ക്ക എന്നിവ ചേർത്തിളക്കുക. വെള്ളം വറ്റി തുടങ്ങുമ്പോൾ അരച്ചു വെച്ചിരിക്കുന്ന ബീറ്റ്റൂട്ട് ചേർത്തിളക്കി കുറക്കിയെടുക്കുക. നനവില്ലാത്ത വൃത്തിയുള്ള പാത്രത്തിൽ സൂക്ഷിക്കാം.

Related Posts