പാവയ്ക്ക എന്നു കേൾക്കുമ്പോൾ തന്നെ അതിന്റെ കയ്പ് ആയിരിക്കും നാവിലേക്ക് ആദ്യം എത്തുക. ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതാണെങ്കിലും കയ്പ് കാരണം പലർക്കും പാവയ്ക്കയോട് അത്ര പ്രിയമില്ല. എന്നാൽ, ഇനി പാവയ്ക്ക കയ്പ് അറിയാതെ കഴിക്കാം. പാവയ്ക്ക കൊണ്ട് കയ്പില്ലാതെ ഒരു സൂപ്പർ വിഭവം തയ്യാറാക്കാനാകും. പാവയ്ക്ക കൊണ്ട് രുചികരമായ പുളിങ്കറി എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കും.
ഒരോ പ്രദേശങ്ങളിലും വ്യത്യസ്ത രീതിയിലാണ് പുളിങ്കറി തയ്യാറാക്കാറുള്ളത്. പച്ചക്കറികൾ ചേർത്തും, തേങ്ങ വറുത്തരച്ചും, മധ്യ തിരുവിതാംകൂറിലെ പോലെ ഇവയൊന്നും ചേർക്കാതെയും പാകം ചെയ്യാം. ഇവയിൽനിന്നൊക്കെ വ്യത്യസ്തമാണ് പാവയ്ക്ക കൊണ്ടുള്ള പുളിങ്കറി. ഉച്ചയൂണിന് വളരെ രുചികരമായൊരു വിഭവമാണിത്.
ചേരുവകൾ
പാവയ്ക്ക
ഉപ്പ്
മഞ്ഞൾപ്പൊടി
എണ്ണ
കടുക്
വെളുത്തുള്ളി
വറ്റൽമുളക്
സവാള
പച്ചമുളക്
തക്കാളി
മുളകുപൊടി
കാശ്മീരിമുളകുപൊടി
മല്ലിപ്പൊടി
കായപ്പൊടി
വാളൻപുളി
ശർക്കര
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കുക അതിലേക്ക് പാവയ്ക്ക കട്ടി കുറച്ച് വട്ടത്തിൽ അരിഞ്ഞതു ചേർക്കാം. കുറച്ച് ഉപ്പും, മഞ്ഞൾപ്പൊടിയും ചേർത്ത് പാവയ്ക്ക നന്നായി വേവിച്ച് മാറ്റി വയ്ക്കാം. അതേ പാനിലേയ്ക്ക് കുറച്ചു കൂടി വെളിച്ചെണ്ണ ഒഴിക്കാം. അൽപം കടുക് ചേർത്ത് പൊട്ടിക്കാം. കുറച്ച് വറ്റൽമുളകും, വെളുത്തുള്ളിയും ചേർത്തു വഴറ്റാം. ഇടത്തരം വലിപ്പമുള്ള സവാള കഷ്ണങ്ങളാക്കിയതും രണ്ട് പച്ചമുളകും ചേർത്തു വേവിക്കാം.
പച്ചക്കറികൾ വെന്തു വരുമ്പോൾ തക്കാളി ഉടച്ചെടുത്തതു ചേർത്തിളക്കാം. വെന്തു വരുമ്പോൾ അൽപ്പം മഞ്ഞൾപ്പൊടി, കാശ്മീരിമുളകുപൊടി, സാധാരണ മുളകുപൊടി, രണ്ട് ടേബിൾസ്പൂൺ മല്ലിപ്പൊടി, അൽപ്പം കായപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം. വേവിച്ചു മാറ്റി വച്ച പാവയ്ക്ക് അതിലേക്കു ചേർക്കാം. നെല്ലിക്ക വലിപ്പത്തിലുള്ള വാളൻപുളി വെള്ളത്തിൽ കുതിർത്തു വച്ചതു ചേർത്ത് മസാലകളെല്ലാം ഇളക്കി യോജിപ്പിക്കാം. പത്ത് മുതൽ പതിനഞ്ച് മിനിറ്റു വരെ വേവിക്കാം. തിളച്ചു വരുമ്പോൾ അടുപ്പണച്ച് അൽപ്പം കറിവേപ്പില കൂടി ചേർക്കാം. പാവയ്ക്ക പുളിങ്കറി തയ്യാർ.
















