ചോറ് മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ദിവസവും മൂന്നു നേരം വേണമെങ്കിലും മലയാളികൾ മടികൂടാതെ ചോറ് കഴിക്കും. അടുക്കളയിൽ മിക്കപ്പോഴും ബാക്കി വരുന്ന ആഹാരം കൂടിയാണ് ചോറ്. ഇതൊഴിവാക്കാൻ ഒരു കിടിലൻ വഴിയുണ്ട്. സ്ഥിരം തയ്യാറാക്കുന്ന ചോറ് ഒന്ന് മാറ്റി പിടിക്കാം. മഹാരാഷ്ട്രൻ വിഭവമായ തേച്ച റൈസ് തയ്യാറാക്കി നോക്കാം. മഞ്ചൂസ് ഫുഡ് എന്ന ഇൻസ്റ്റഗ്രാം പേജാണ് ഈ വിഭവം തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
പച്ചമുളക്
നിലക്കടല
വെളുത്തുള്ളി
മല്ലി
ജീരകം
ഉപ്പ്
എണ്ണ
കറിവേപ്പില
ചോറ്
നാരങ്ങ
മല്ലിയില
തയ്യാറാക്കുന്ന വിധം
ഏഴോ എട്ടോ വെളുത്തുള്ളി, എരിവിനനുസരിച്ച് പച്ചമുളക്, അൽപ്പം മല്ലിയില, കുറച്ച് ജീരകം, ആവശ്യത്തിന് ഉപ്പ്, വറുത്ത നിലക്കടല എന്നിവ അരച്ചെടുക്കാം. അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ച് ചൂടാക്കി കുറച്ച് ജീരകം, കറിവേപ്പില, തയ്യാറാക്കിയ അരപ്പ് എന്നിവ വഴറ്റാം. ഇതിലേയ്ക്ക് ബാക്കി വന്ന ചോറ് കൂടി ചേർത്തിളക്കാം. അൽപ്പം നാരങ്ങാ നീരു കൂടി ചേർത്തിളക്കി ചൂടോടെ കഴിക്കാം.
















