നാലുമണി ചായയ്‌ക്കൊപ്പം കഴിക്കാൻ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട പലഹാരങ്ങളിൽ ഒന്നാണ് കട്‌ലറ്റ്. ആഘോഷങ്ങളിലും പാർട്ടികളിലും സ്റ്റാർട്ടർ ആയി വിളമ്പുന്ന ഈ വിഭവം അതിന്റെ ക്രിസ്പി പുറംഭാഗവും ഉള്ളിലെ മൃദുവായ മസാലയും കൊണ്ട് ഏവരുടെയും പ്രിയങ്കരമാണ്. സാധാരണയായി ബീഫ്, ചിക്കൻ അല്ലെങ്കിൽ പച്ചക്കറികൾ എന്നിവ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്.
എന്നാൽ, നമ്മുടെ വീടുകളിൽ എളുപ്പത്തിൽ ലഭ്യമായ അവർ ഉപയോഗിച്ചും കട്‌ലറ്റ് തയ്യാറാക്കാം. എണ്ണ അധികം ഉപയോഗിക്കാതെ തന്നെ വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് ഇത് വീട്ടിൽ ഉണ്ടാക്കാം. ഇതിന് മുട്ടയുടെയോ ബ്രെഡ് പൊടിച്ചതിന്റെയോ ആവശ്യമില്ല. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുമെന്ന കാര്യം ഉറപ്പാണ്.
ചേരുവകൾ
അവൽ- 1 കപ്പ്
ഉരുളക്കിഴങ്ങ്- 2
കാരറ്റ്- 1
ഗ്രീൻപീസ്- 1/2 കപ്പ്
സവാള- 1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 1 ടേബിൾസ്പൂൺ
കോൺഫ്ലോർ- 2 ടേബിൾസ്പൂൺ
വെള്ളം- ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
കുരുമുളക്- ആവശ്യത്തിന്
മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ
ജീരകപ്പൊടി- 1/2 ടീസ്പൂൺ
മുളകുപൊടി- 1 ടീസ്പൂൺ
മല്ലിയില- 2 സ്പൂൺ
തയ്യാറാക്കുന്ന വിധം
പച്ചക്കറികൾ കഴുകി ചെറിയ കഷ്ണങ്ങളായി അരിഞ്ഞു വയ്ക്കാം. ഒരു പാനിൽ അൽപം വെള്ളമെടുത്ത് ഉപ്പ് ചേർക്കാം, അതിൽ ഉരുളക്കിഴങ്ങ് വേവിച്ചെടുക്കാം. ചൂടാറിയതിനു ശേഷം തൊലി കളഞ്ഞ് ഉടച്ചെടുക്കാം. ഗ്രീൻ പീസും അതുപോലെ വേവിച്ചു മാറ്റി വയ്ക്കാം. അവൽ കുതിർത്തിതിലേയ്ക്ക് ചെറുതായി അരിഞ്ഞ പച്ചക്കറികൾ ചേർത്ത് ഉടച്ചെടുക്കാം. ഒപ്പം ഉരുളക്കിഴങ്ങ്, ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത്, മല്ലിയില എന്നിവ ചേർക്കാം.
മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളക്, ആവശ്യത്തിന് ഉപ്പ് എന്നിവ ഇളക്കി യോജിപ്പിക്കാം. വറുത്ത അവൽ പൊടിച്ചു വയ്ക്കാം. കുഴച്ചു വച്ചിരിക്കുന്ന മാവിൽ നിന്നും അൽപം എടുത്ത് ഉരുളകളാക്കി ചെറുതായി പരത്തി വറുത്ത അവലിൽ മുക്കി വയ്ക്കാം. ഒരു പാനിൽ എണ്ണ ഒഴിച്ചു ചൂടാക്കി അതിൽ ഇവ വറുക്കാം. രണ്ട് വശവും ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ തിരിച്ചും മറിച്ചും ഇട്ട് വേവിക്കുക. ചായയുടെ കൂടെയോ തക്കാളി സോസിനൊപ്പമോ വിളമ്പാം.
















