ഊണിനും കഞ്ഞിക്കും രുചിയേകാൻ മാങ്ങ അച്ചാർ പോലെ മറ്റൊരു വിഭവം ഇല്ല. പച്ചമാങ്ങയുടെ പുളിയും മുളകുപൊടിയുടെ എരിവും ഉലുവയുടെയും കായത്തിന്റെയും ഗന്ധവും ഒത്തുചേരുമ്പോൾ ലഭിക്കുന്ന ആ പ്രത്യേക സ്വാദ് ഏതൊരു ഭക്ഷണപ്രേമിയുടെയും പ്രിയപ്പെട്ടതാണ്. അച്ചാറുകളിൽ ഏറ്റവും പ്രിയപ്പെട്ടത് ഏതെന്ന ചോദിച്ചാലും അധികം ആളുകളും പച്ചമാങ്ങ എന്നു തന്നെ പറയും. അത്രയും ഇഷ്ടം മലയാളികൾക്ക് അതിനോടുണ്ട്.
അച്ചാർ തയ്യാറാക്കാൻ അധികം സമയമില്ലെങ്കിൽ പരീക്ഷിക്കാവുന്ന ഒട്ടനവധി റെസിപ്പികളുണ്ട്. അതിലൊന്നാണ് പച്ചമാങ്ങ ഉപ്പും മുളകും ഇട്ടത്. നല്ല പുളിയുള്ള മാങ്ങ എണ്ണയിൽ വറുത്തെടുത്താണ് ഈ വിഭവം തയ്യാറാക്കുന്നത്.
ചേരുവകൾ
പച്ചമാങ്ങ
വറ്റൽമുളക്
കറിവേപ്പില
വെളിച്ചെണ്ണ
മഞ്ഞൾപ്പൊടി
ഉപ്പ്
തയ്യാറാക്കുന്ന വിധം
പച്ചമാങ്ങ കഴുകി ചെറിയ കഷ്ണങ്ങളായി നീളത്തിൽ അരിഞ്ഞെടുക്കാം. ഒരു പാൻ അടുപ്പിൽ വച്ച് വറുക്കാനാവശ്യത്തിന് എണ്ണ ഒഴിക്കാം. ഒരു പിടി കറിവേപ്പില എണ്ണയിൽ വറുത്തു മാറ്റാം. അതേ എണ്ണയിൽ വറ്റൽമുളകും പച്ചമാങ്ങയും പ്രത്യേകം വറുത്തെടുക്കാം. വറുത്തെടുത്ത മാങ്ങയിലേയ്ക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ബാക്കി വന്ന വറുത്ത എണ്ണയും ഒഴിക്കാം. കറിവേപ്പിലയും വറ്റൽമുളകും മിക്സിയിൽ പൊടിച്ചെടുത്ത് മാങ്ങയിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം. ചൂട് ചോറിലേയ്ക്ക് ചേർത്ത് കഴിക്കൂ.
















