Food Lifestyle

നെയ്യപ്പം പഞ്ഞി പോലെ സോഫ്റ്റാക്കാം; മാവ് ഈ രീതിയിൽ അരച്ചെടുക്കൂ

കേരളീയ പലഹാരങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് നെയ്യപ്പം. ശർക്കരയുടെ മധുരവും ഏലക്കായുടെ സുഗന്ധവും ചേരുമ്പോൾ നെയ്യപ്പം വെറുമൊരു പലഹാരം മാത്രമല്ലാതെ ഗൃഹാതുരത്വത്തിന്റെയും ആഘോഷങ്ങളുടെയും രുചിയായി മാറുന്നു. നെയ്യപ്പത്തിന്റെ പ്രധാന ചേരുവകൾ അരിപ്പൊടി (അല്ലെങ്കിൽ കുതിർത്ത അരി അരച്ചത്), ശർക്കര, നെയ്യ് എന്നിവയാണ്. കൂടാതെ, രുചി വർദ്ധിപ്പിക്കാനായി ഏലക്കായ, ചുക്ക്, എള്ള്, നെയ്യിൽ വറുത്തെടുത്ത തേങ്ങാക്കൊത്ത് എന്നിവയും ചേർക്കാറുണ്ട്.

ശർക്കര ഉരുക്കി പാനിയാക്കി, അരിമാവും മറ്റു ചേരുവകളും ചേർത്ത് മാവ് തയ്യാറാക്കുന്നു. ഈ മാവ് കുറഞ്ഞത് 4 മുതൽ 8 മണിക്കൂർ വരെ പുളിക്കാൻ വെക്കുന്നത് നെയ്യപ്പത്തിന് കൂടുതൽ മൃദുത്വവും സ്വാദും നൽകും. തുടർന്ന്, ഇത് ചൂടായ എണ്ണയിലോ നെയ്യിലോ കോരിയൊഴിച്ച്, സ്വർണ്ണനിറമാകുന്നതുവരെ വറുത്തെടുക്കുന്നു.

നെയ്യപ്പം അൽപ്പം ക്രിസ്പിയാകണം എങ്കിൽ ചേരുവകളിൽ കുറച്ചു മാറ്റം വരുത്തിയാൽ മതിയാകും. മാവ് പുളിപ്പിക്കാതെ, ബേക്കിങ് സോഡ ചേർക്കാതെ നെയ്യപ്പം ഉണ്ടാക്കാം. ബിൻസി തന്റെ യൂട്യൂബ് ചാനലിലൂടെ ഈ വിഭവം തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തന്നിട്ടുണ്ട്.

ചേരുവകൾ

അരിപ്പൊടി
മൈദ
റവ
ഏലയ്ക്ക
ജീരകം
ഉപ്പ്
ശർക്കര
പഴം
നെയ്യ്
എണ്ണ

തയ്യാറാക്കുന്ന വിധം

അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് അര കപ്പ് ശർക്കരയും, കാൽ കപ്പ് വെള്ളവും ചേർത്തിളക്കി ശർക്കര ലായനി തയ്യാറാക്കാം. ഒരു ബൗളിലേയ്ക്ക് രണ്ട് കപ്പ് അരിപ്പൊടി, ഒരു കപ്പ് മൈദ, കാൽ കപ്പ് റവ, അൽപ്പം ഏലയ്ക്ക പൊടിച്ചത്, ജീരകം പൊടിച്ചത്, കാൽ ടീസ്പൂൺ ഉപ്പ് എന്നിവ ചേർക്കാം. അതിലേയ്ക്ക് തയ്യാറാക്കിയ ശർക്കര ലായനി കൂടി ചേർത്തിളക്കാം. നന്നായി പഴുത്ത പഴം കാൽ കപ്പ് വെള്ളം ചേർത്ത് അരച്ചതും, ഒരു ടേബിൾസ്പൂൺ നെയ്യും കൂടി ഇതിലേയ്ക്കു ചേർത്തിളക്കാം. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ചു ചൂടാക്കി മാവ് ഒഴിച്ച് നെയ്യപ്പം വറുത്തെടുക്കാം.

Related Posts