കേരളീയരുടെ അടുക്കളകളിൽ എന്നും പ്രിയങ്കരമായ ഒന്നാണ് ഏത്തപ്പഴം. ഏത് രൂപത്തിൽ വിളമ്പിയാലും പഴത്തിന് ആവശ്യക്കാർ ഏറെയാണ്. സാധാരണ ദോശ, ഇഡ്ഡലി പോലുള്ള വിഭവങ്ങൾക്ക് പകരം ഒരു വ്യത്യസ്ത രുചി തേടുന്നവർക്ക് പരീക്ഷിക്കാൻ പറ്റിയ ഒന്നാണ് പഴം കൊണ്ടുള്ള ദോശ. ഇത് ഒരു പലഹാരമായും പ്രഭാതഭക്ഷണമായും നാലുമണി പലഹാരമായുമൊക്കെ കഴിക്കാൻ മികച്ചതാണ്.
പഴം ചേർത്ത ദോശ പ്രധാനമായും ദക്ഷിണേന്ത്യൻ പാചകരീതിയുടെ ഒരു മധുരമുള്ള വകഭേദമാണ്. അമിതമായി പഴുത്ത പഴങ്ങൾ പാഴാക്കി കളയാതെ ഉപയോഗിക്കാനുള്ള ഒരു നല്ല വഴികൂടിയാണിത്. പല പ്രദേശങ്ങളിലും പല രീതിയിലാണ് പഴം ദോശ ഉണ്ടാക്കുന്നത്. ചിലർ അരിപ്പൊടിയും മൈദയും ചേർത്ത് ഉണ്ടാക്കുമ്പോൾ, മറ്റു ചിലർ ഗോതമ്പ് പൊടിയാണ് ഉപയോഗിക്കാറ്. റവ ചേർത്തും ഈ ദോശ ഉണ്ടാക്കാം.
ഈ ദോശ കഴിക്കാൻ ചമ്മന്തി വേണമെന്നില്ല, തേങ്ങാപ്പാൽ ഉണ്ടെങ്കിൽ കിടിലൻ രുചിയിൽ കഴിക്കാം. ഇഷ്റത് പ്രവീൺ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ വിഭവം തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
പഴം- 3
വെള്ളം- 1 കപ്പ്
ശർക്കര- 1/4 കപ്പ്
റവ- 1/4 കപ്പ്
അരിപ്പൊടി- 1/4 കപ്പ്
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
നന്നായി പഴുത്ത നേന്ത്രപ്പഴം ആവിയിൽ പുഴുങ്ങിയെടുക്കാം. അത് ഉച്ചെടുക്കാം. ഉടച്ച പഴത്തിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി, കാൽ കപ്പ് അരിപ്പൊടി, കാൽ കപ്പ് ശർക്കര ലായനി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കാം. ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് അരച്ചെടുക്കാം. ഒരു പാൻ അടുപ്പിൽ വച്ച് അൽപ്പം നെയ്യ് പുരട്ടി ചൂടാക്കാം. ആവശ്യത്തിന് മാവെടുത്ത് പാനിലേക്ക് ഒഴിച്ച് ദോശ ചുട്ടെടുക്കാം.
















