Food Lifestyle

ഫ്രിഡ്ജിലെ തക്കാളി മതി, 5 മിനിറ്റിൽ രുചികരമായ സോസ് റെഡി

ടുക്കളകളിലും തീൻമേശകളിലും ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് തക്കാളി സോസ് അഥവാ ടൊമാറ്റോ കെച്ചപ്പ്. ഫാസ്റ്റ് ഫുഡുകൾക്കൊപ്പമായാലും, ലഘുഭക്ഷണങ്ങൾക്കായാലും, അതുപോലെ പ്രധാനപ്പെട്ട പാചക ചേരുവയായാലും തക്കാളി സോസിന് അതിന്റേതായ ഒരിടമുണ്ട്. മധുരവും, പുളിയും, ഉപ്പും എരിവും സന്തുലിതമായി ചേർന്ന ഇത് നാവിൻ തുമ്പിൽ ഒരു പ്രത്യേക അനുഭൂതിയാണ് നൽകുന്നത്.

മാർക്കറ്റിൽ നിന്ന് വാങ്ങുന്നതിനേക്കാൾ രുചികരവും ആരോഗ്യകരവുമാണ് വീട്ടിൽ ഉണ്ടാക്കുന്ന തക്കാളി സോസ്. പ്രിസർവേറ്റീവുകൾ ഇല്ലാത്ത ഈ സോസ് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും. നല്ല പഴുത്ത തക്കാളിക്കൊപ്പം, അല്പം ഉപ്പ്, പഞ്ചസാര (ആവശ്യമെങ്കിൽ), വിനാഗിരി, എരിവിനായി കാശ്മീരി മുളകുപൊടി എന്നിവ ചേർത്താൽ കടയിൽ നിന്ന് ലഭിക്കുന്ന അതേ രുചിയിൽ സോസ് തയ്യാറാക്കാവുന്നതാണ്. ബീറ്റ്റൂട്ട് പോലുള്ളവ ചേർത്താൽ നിറം കൂടുതൽ ആകർഷകമാവുകയും ചെയ്യും. ഷെഫ്ന തന്റെ സോഷ്യൽ മീഡിയ പേജിലൂടെ തക്കാളി സോസിന്റെ ഒരു സ്പെഷ്യൽ റെസിപ്പി പറഞ്ഞു തന്നിട്ടുണ്ട്.

ചേരുവകൾ

തക്കാളി- 2 കിലോ
ബീറ്റ്റൂട്ട്- 1/2
ഉപ്പ് വെള്ളം- 1/2 കപ്പ്
പഞ്ചസാര
വിനാഗിരി
കാശ്മീരിമുളകുപൊടി
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

തക്കാളി വൃത്തിയായി കഴുകി ചെറിയ കഷ്ണങ്ങളാക്കാം. അതിലേയ്ക്ക് ബീറ്റ്റൂട്ട് കഷ്ണങ്ങൾ കൂടി ചേർക്കാം. ഒരു കുക്കറിലേയ്ക്ക് ഇത് മാറ്റി അര കപ്പ് വെള്ളം ഒഴിക്കാം. ഇതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് അടച്ചു വെച്ച് വേവിക്കാം. നന്നായി വെന്ത തക്കാളിയും ബീറ്റ്റൂട്ടും ഉടച്ച് വെള്ളം കളഞ്ഞ് പൾപ്പ് മാത്രമായി എടുക്കാം. ഇത് അടുകട്ടിയുള്ള മറ്റൊരു പാത്രത്തിലെടുത്ത് തിളപ്പിച്ച് കുറുക്കാം.

തിളച്ചു വരുന്ന തക്കാളി പൾപ്പിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ പഞ്ചസാരയും, കാൽ കപ്പ് വിനാഗിരിയും, ഒരു ടീസ്പൂൺ കാശ്മീരുമുളകുപൊടിയും, ആവശ്യത്തിന് ഉപ്പും ചേർക്കാം. വെള്ളം വറ്റി കട്ടിയായി വരുമ്പോൾ അടുപ്പണയ്ക്കാം. അടുപ്പണച്ച് തണുക്കാൻ മാറ്റി വയ്ക്കാം. തണുത്തതിനു ശേഷം വൃത്തിയുള്ള ഒരു കുപ്പിയിലേയ്ക്കു മാറ്റി ആവശ്യാനുസരണം ഉപയോഗിക്കാം.

Related Posts