വിദേശികളടക്കം എത്തുന്ന മൂന്നാറിലെ പ്രദേശമാണ് ഇരവികുളം നാഷണൽ പാർക്ക്. വരയാടുകളും വിവിധ സസ്യങ്ങളും ആകാശം തൊടുന്ന മലനിരകളും ഒഴുകി നടക്കുന്ന വെള്ള മേഘങ്ങളും ഒക്കെ നാഷണൽ പാർക്കിനെ വിനോദ സഞ്ചാരികളുടെ പറുദീസയാക്കുന്നു. ഡിസംബർ മാസത്തോടെ ഏറ്റവും സുന്ദരിയായി മാറിയിരിക്കുകയാണ് മൂന്നാർ.

കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് 120 കിലോമീറ്റർ യാത്ര ചെയ്താൽ മൂന്നാറിലെത്താം. നിരവധി കെഎസ്ആർടിസി ബസ് സർവീസുകൾ കൊച്ചിയിൽ നിന്ന് മൂന്നാറിലേക്കും തിരിച്ചുമുണ്ട്. സ്വകാര്യ വാഹനങ്ങളിലും മൂന്നാറിലെത്താം.
ഇരവികുളം നാഷണൽ പാർക്ക് ടിക്കറ്റ് കൗണ്ടറിൽ നിന്ന് 200 രൂപ ടിക്കറ്റെടുത്താൽ മലമുകളിലെത്താം. സർക്കാർ ബസിൽ ഇടുങ്ങിയ റോഡിലൂടെ മലമുകളിലേക്കുള്ള യാത്ര വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും. തണുത്ത മഞ്ഞ് ഒഴുകി നടക്കുന്ന മലമുകളിലേക്കാണ് യാത്ര. ഒരു ദിവസം മുഴുവൻ കാണാനുള്ള കാഴ്ചകൾ പാർക്കിലുണ്ട്.

തേയിലത്തോട്ടവും ഉയരെ നിന്ന് ചാടി വീഴുന്ന വെള്ളച്ചാട്ടവും പ്രകൃതി സൗഹൃദമായ ചെറിയ കുടിലുകളും പാർക്കിലുണ്ട്. മഴയില്ലാത്ത ദിവസങ്ങളിൽ വരയാടുകളുടെ കൂട്ടവും മലയുടെ ചെരുവുകളിൽ അവിടിവിടെയായി കാണാം. പ്രകൃതി അനുഗ്രഹിച്ച മലനിരകളുടെ പാശ്ചാത്തലത്തിൽ ഫോട്ടോകൾ പകർത്താനും വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിക്കാനും സഞ്ചാരികൾക്ക് സാധ്യതയൊരുക്കുന്നതാണ് മൂന്നാറിലെ ഈ ദേശീയ പാർക്ക്.
രാവിലെ 8 മണിയോടെ തുറക്കുന്ന പാർക്കിൽ വൈകീട്ട് 4 മണിവരെ ടിക്കറ്റ് നൽകും. 5.30 വരെ സഞ്ചാരികൾക്ക് മലനിരകളിൽ തുടരാം. എല്ലാ ദൃശ്യങ്ങളും കാണാൻ സമയമില്ലാത്തവർക്ക് വിഷ്വൽ റിയാലിറ്റി വഴി മുഴുവൻ ഇടങ്ങളും എക്സ്പീരിയൻസ് സെന്ററിലിരുന്ന് കാണാനും അവസരമുണ്ട്. എങ്കിലും നേരിട്ട് കോട മഞ്ഞൊഴുകുന്ന തണുപ്പിൽ ആകാശവും മലനിരകളും തൊട്ടു തൊട്ടു കിടക്കുന്ന കാഴ്ച നേരിട്ടു കണ്ടും അനുഭവിച്ചും തന്നെ അറിയണം.

















