Food Lifestyle

ഈ ഇഡ്ഡലിക്ക് ഇത്തിരി സ്വാദ് കൂടുതലാണ്, ഒന്ന് ട്രൈ ചെയ്യൂ

ലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിലെ പ്രധാന ഇനമാണ് ഇഡ്ഡലി. ആവിയിൽ വേവിച്ചെടുക്കുന്ന ഈ ഭക്ഷണം, സാമ്പാറും തേങ്ങാച്ചമ്മന്തിയും കൂട്ടി കഴിക്കുമ്പോൾ കിട്ടുന്ന രുചി ഒന്നു വേറെ തന്നെയാണ്. എന്നാൽ, ഈ പരമ്പരാഗത ഇഡ്ഡലിയെ ഒരു പുതിയ തലത്തിലേക്ക് ഉയർത്തുന്ന ഒരു രുചിക്കൂട്ടാണ് പൊടി മസാല ഇഡ്ഡലി.

ഉഴുന്നുപരിപ്പ്, കടലപ്പരിപ്പ്, ഉണക്കമുളക്, എള്ള്, കായം, കറിവേപ്പില എന്നിവ വറുത്ത് പൊടിച്ചെടുക്കുന്ന ഒരു ചമ്മന്തിപ്പൊടിയാണ് പൊടി ഇഡ്ഡലിയിലെ പ്രധാന ചേരുവ. ഓരോ പ്രദേശത്തും ചേർക്കുന്ന ചേരുവകൾക്ക് അൽപ്പം വ്യത്യാസങ്ങൾ ഉണ്ടാവാം. ചിലർ വെളുത്തുള്ളി ചേർക്കും, ചിലർ ജീരകം. ഇഡ്ഡലിയും ദോശയും കഴിക്കുമ്പോൾ ചമ്മന്തിക്ക് പകരമായോ, ഒപ്പം കൂട്ടാനോ വേണ്ടിയാണ് പൊടി പ്രധാനമായും ഉപയോഗിക്കുന്നത്. എള്ളെണ്ണയിലോ (നല്ലെണ്ണ) നെയ്യിലോ ഈ പൊടി കുഴച്ച് ഇഡ്ഡലിയിൽ തൊട്ട് കഴിക്കുന്നത് ദക്ഷിണേന്ത്യയിലെ ഒരു സാധാരണ രീതിയാണ്.

സാധാരണയായി, ചെറിയ ഇഡ്ഡലികൾ ആണ് പൊടി മസാല ഇഡ്ഡലി ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. തലേന്നത്തെ ബാക്കി വന്ന ഇഡ്ഡലി ഉപയോഗിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം കൂടിയാണ് ഈ വിഭവം. ഇതിന്റെ റെസിപ്പി പരിചയപ്പെടാം.

ചേരുവകൾ

നിലക്കടല
കടല പരിപ്പ്
ഉഴുന്നു പരിപ്പ്
വറ്റൽമുളക്
എള്ള്
തേങ്ങ
ജീരകം
കറിവേപ്പില
വാളൻപുളി
ഉപ്പ്
ശർക്കര
വെള്ളം
എണ്ണ
ഇഡ്ഡലി മാവ്

തയ്യാറാക്കുന്ന വിധം

നിലക്കടയും വറ്റൽമുളകും കടലപരിപ്പും ഉഴന്നു പരിപ്പും വറുത്തെടുക്കാം. എള്ള്, കറിവേപ്പില, തേങ്ങ ചിരകിയത്, ജീരകം എന്നിവ ക്രിസ്പിയാകുന്നതു വരെ വറുക്കാം. വറത്തെടുത്തവ തണുക്കാൻ മാറ്റി വയ്ക്കാം. ശേഷം നന്നായി പൊടിച്ചെടുക്കാം. അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും, പുളി ഉണക്കി പൊടിച്ചതും ശർക്കര പൊടിച്ചതും ചേർത്ത് ഒരിക്കൽ കൂടി പൊടിക്കാം. അരച്ചെടുത്ത ദോശ മാവിലേയ്ക്ക് ആവശ്യത്തിന് ഉപ്പും മല്ലിയിലയും ചേർത്തിളക്കാം. 20 മിനിറ്റിനു ശേഷം ഇഡ്ഡലി പാത്രത്തിലേയ്ക്ക് മാവ് ഒഴിച്ച് അടച്ചു വച്ച് വേവിക്കാം. വെന്തു കിട്ടിയ ഇഡ്ഡലിയുടെ മുകളിലായി പൊടി മസാല വിതറുക. 2-3 മിനിറ്റിനുള്ളിൽ തീ അണച്ച് ചൂടോടെ വിളമ്പാം.

Related Posts