മലബാറുകാരുടെ പ്രിയപ്പെട്ട ഒരു പലഹാരമാണ് കായ്പോള. റമസാൻ മാസത്തിലെ നോമ്പുതുറ വിഭവങ്ങളിൽ കായ്പോളയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. ഏത്തപ്പഴവും മുട്ടയും പ്രധാന ചേരുവകളായ ഈ വിഭവം, ചായ പലഹാരമായും പ്രഭാതഭക്ഷണമായും ഉപയോഗിക്കാറുണ്ട്. കായ്പോളയുടെ രുചി അതിന്റെ ചേരുവകളിലാണ്. നെയ്യിൽ വഴറ്റിയ ഏത്തപ്പഴത്തിന്റെ സ്വാഭാവികമായ മധുരവും, മുട്ട, പഞ്ചസാര, ഏലക്കായ എന്നിവയുടെ ചേരുവയും, അലങ്കാരത്തിനായി ചേർക്കുന്ന അണ്ടിപ്പരിപ്പ്, കിസ്മിസ് എന്നിവയുടെ രുചിയും ചേരുമ്പോൾ കായ്പോള ഒരു മികച്ച വിഭവമായി മാറുന്നു.
കായ്പോള ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. വീട്ടിൽ സാധാരണയായി ലഭ്യമാകുന്ന ചേരുവകൾ മാത്രം മതിയാകും. ഫൗസി തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ അത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നു.
ചേരുവകൾ
പഴം- 2
മുട്ട- 4
പഞ്ചസാര- 4 ടേബിൾസ്പൂൺ
ഏലയ്ക്കപ്പൊടി- 1/2 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
പാല്- 2 ടേബിൾ സ്പൂൺ
നെയ്യ്- 2 ടേബിൾ സ്പൂൺ
അണ്ടിപരിപ്പ്
ഉണക്കമുന്തിരി
തയ്യാറാക്കുന്ന വിധം
നേന്ത്രപ്പഴം ചെറിയ കഷ്ണങ്ങളായി മുറിക്കാം. ഒരു പാൻ അടുപ്പിൽ വച്ച് രണ്ട് ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കുക. അതിലേക്ക് അണ്ടിപരിപ്പും മുന്തിരിയും ചേർത്ത് വറുത്ത് മാറ്റാം. ബാക്കി വന്ന നെയ്യിലേക്ക് പഴം അരിഞ്ഞു വച്ചത് ചേർത്ത് വേവിക്കാം. ഒരു മുട്ട പൊട്ടിച്ചതിലേക്ക്, അൽപ്പം ഉപ്പും, അര ടീസ്പൂൺ ഏലയ്ക്ക പൊടിച്ചതും, രണ്ട് രണ്ട് ടേബിൾസ്പൂൺ പാലും ഒഴിച്ച് നന്നായി പതഞ്ഞ് വരുന്നതു വരെ അരച്ചെടുക്കാം.
വേവിച്ചെടുത്ത പഴത്തിലേക്ക് അരച്ചെടുത്ത മുട്ട ചേർക്കാം. അതിലേക്ക് അണ്ടിപരിപ്പും ഉണക്കമുന്തിരിയും ചേർത്തിളക്കി യോജിപ്പിക്കാം. അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. അതിനു മുകളിലായി മുട്ടയും പഴവും ചേർത്ത മിശ്രിതത്തിൻ്റെ പാത്രം വയ്ക്കുക. അടച്ചു വച്ച് 25 മിനിറ്റോളം കുറഞ്ഞ തീയിൽ വേവിക്കാം. ഇരുവശങ്ങളും വേവിച്ചെടുത്ത കായ്പോള, ചൂടാറിയ ശേഷം മുറിച്ച് വിളമ്പാം.
















