Food Lifestyle

വായിലിട്ടാൽ അലിഞ്ഞുപോകുന്ന ബീറ്റ്റൂട്ട് ഹൽവ; ഇതാണ് റെസിപ്പി

മ്മുടെ അടുക്കളകളിൽ ഒരുപാട് ഔഷധഗുണങ്ങളുള്ള പച്ചക്കറികളും കിഴങ്ങുകളും ഉണ്ട്. അവയിൽ പലതിനെയും പലപ്പോഴും നമ്മൾ കറി വെക്കാനോ സാലഡിൽ ചേർക്കാനോ മാത്രമായിരിക്കും ഉപയോഗിക്കാറുള്ളത്. എന്നാൽ, അക്കൂട്ടത്തിൽ ഒന്നിനെ മധുരമൂറുന്ന ഒരു പലഹാരമായി മാറ്റിയെടുത്താലോ? അതാണ് ബീറ്റ്റൂട്ട് ഹൽവ. മനോഹരമായ ചുവപ്പ് നിറവും, സ്വാദിഷ്ടമായ രുചിയും, ഒപ്പം ബീറ്റ്റൂട്ടിന്റെ ആരോഗ്യഗുണങ്ങളും ചേർന്ന ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരമാണ്.

ഉത്തരേന്ത്യൻ മധുരപലഹാരമായ ‘ഹൽവ’യ്ക്ക് കേരളീയ ഭക്ഷണരീതിയിൽ സ്വന്തമായൊരു ഇടമുണ്ട്. കാരറ്റ് ഹൽവയെപ്പോലെ തന്നെ ബീറ്റ്റൂട്ട് ഹൽവയും ഇന്ന് ശ്രദ്ധ നേടിക്കഴിഞ്ഞു. കാഴ്ചയിൽ തന്നെ ആകർഷകമായ ഈ ഹൽവ, ബീറ്റ്റൂട്ട് കഴിക്കാൻ മടിക്കുന്നവർക്ക് അതിന്റെ ഗുണങ്ങൾ ലഭിക്കാൻ സഹായിക്കുന്ന ഒരു മികച്ച വഴിയാണ്. ജാസ്മിൻ കുക്ക് ഹൗസ് എന്ന ഇൻസ്റ്റഗ്രാം പേജാണ് ബീറ്റ്റൂട്ട് ഹൽവ തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.

ചേരുവകൾ

ബീറ്റ്റൂട്ട്- 250 ഗ്രാം
നെയ്യ്- 1/4 കപ്പ്
പഞ്ചസാര- 3/4 കപ്പ്
തേങ്ങാപ്പാൽ- 11/2 കപ്പ്
എള്ള്- 1 ടീസ്പൂൺ
ഏലയ്ക്കപ്പൊടി- 3/4 ടീസ്പൂൺ
നട്സ്
ഉപ്പ്- 1/4 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ഇടത്തരം വലിപ്പത്തിലുള്ള 250 ഗ്രാം ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തെടുക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് കാൽ കപ്പ് നെയ്യ് ഒഴിച്ച് ചൂടാക്കി ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തത് ചേർത്ത് വേവിക്കാം. അതിലേയ്ക്ക് മുക്കാൽ കപ്പ് പഞ്ചസാര ചേർത്തിളക്കാം. പഞ്ചസാര അലിഞ്ഞ് വരുമ്പോൾ ഒന്നര കപ്പ് തേങ്ങാപ്പാൽ ചേർത്ത് തിളപ്പിക്കുക. അടച്ചു വെച്ച് വേവിക്കാം. 6 ടേബിൾസ്പൂൺ കോണഫ്ലോറിലേയ്ക്ക് അര കപ്പ് തേങ്ങാപ്പാൽ ചേർത്തിളക്കാം. ഇടത്തരം തീയിൽ കോൺഫ്ലോർ മിക്സ് ബീറ്റ്റൂട്ടിലേയ്ക്ക് ചേർത്തിളക്കാം. അവസാനമായി കുറച്ച് നെയ്യ്, എള്ള്, നട്സ് എന്നിവ കൂടി ചേർത്തിളക്കി യോജിപ്പിക്കാം. ചൂടോടെ തന്നെ വിളമ്പി കഴിക്കാം.

Related Posts