Culture Homepage Featured Lifestyle

പൂച്ചകൾ മനുഷ്യരുമായി കൂട്ടുകൂടിയിട്ട് എത്ര കാലമായി?; കണക്കുകളുമായി ഒക്സ്ഫഡ് സർവകലാശാലയിലെ പഠനറിപ്പോർട്ട്

വെല്ലിങ്ടൺസ്ക്വയർ: പൂച്ചകൾ എന്നു മുതലാണ് മനുഷ്യരുമായി ഇത്രയും അടുത്തത്. 10000 വർഷമെങ്കിലും ആയിട്ടുണ്ടാകും അതാണിത്ര അടുപ്പമെന്നായിരുന്നു മുമ്പ് ശാസ്ത്രജ്ഞർ കരുതിയത്. എന്നാൽ ഒക്സ്ഫഡ് സർവകലാശാലയിലെ ഒരു പഠനമനുസരിച്ച് ഇത് വെറും 4000 വർഷം മുമ്പ് മാത്രമാണെന്നാണ് തെളിഞ്ഞിരിക്കുന്നത്.

യൂറോപ്പ്, വടക്കേ അമേരിക്ക, അനാറ്റോലിയ എന്നിവിടങ്ങളില്‍ നിന്നായി ലഭിച്ച പൂച്ചകളുടെ അസ്ഥികളില്‍ നിന്നെടുത്ത ഡിഎന്‍എ ഗവേഷകര്‍ പഠനവിധേയമാക്കുകയും ഇന്നത്തെ പൂച്ചകളുടേതുമായി താരതമ്യം ചെയ്യുകയും ചെയ്തു. ഏകദേശം 4000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പൂച്ചകളുമായുള്ള മനുഷ്യരുടെ ബന്ധം ആരംഭിച്ചതെന്ന് ഇതിലൂടെ മനസ്സിലാക്കാനായതായി ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ഗ്രെഗര്‍ ലാര്‍സണ്‍ പറഞ്ഞു. ആധുനിക ജീവിതത്തില്‍ പൂച്ചകളുടെ ശക്തമായ സാന്നിധ്യം കാണുമ്പോള്‍ ഈ ചെറിയ സമയക്രമം അത്ഭുതകരമാണെന്നും അദ്ദേഹം പറയുന്നു.

‘കൃത്യമായി പറഞ്ഞാല്‍ വടക്കന്‍ ആഫ്രിക്കയില്‍ നിന്നാണ് പൂച്ചകളും മനുഷ്യരും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്. കൃഷിയുള്ള ഇടങ്ങളിലെല്ലാം മനുഷ്യരും പൂച്ചകളും തമ്മിൽ ബന്ധമുണ്ടായതായി പറയാൻ കഴിയില്ല. എന്നാൽ ഈജിപ്തിൽ അത്തരം ബന്ധങ്ങളുണ്ടായിരുന്നു.’- ലാര്‍സണ്‍ പറഞ്ഞു

ഏകദേശം 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രമാണ് പൂച്ചകള്‍ യൂറോപ്പില്‍ എത്തിയത്. റോമക്കാരിലൂടെയാണ് അവ യൂറോപ്പിലെത്തിയത്. പിന്നീട് സില്‍ക്ക് റോഡ് പോലുള്ള വ്യാപാര മാര്‍ഗങ്ങളിലൂടെ വടക്കോട്ട് പോയി. ക്രമേണ ഏഷ്യയിലുടനീളം അവയുടെ സാന്നിധ്യമുണ്ടായി. ഇന്ന് പൂച്ചകൾ ലോകത്ത് അന്റാര്‍ട്ടിക്ക ഒഴികെ എല്ലായിടത്തുമുണ്ട്.

ഏകദേശം 3500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൈനയില്‍ ഇന്നത്തെ വളര്‍ത്തുപൂച്ചകള്‍ക്ക് മുമ്പ് ശരീരമാസകലം പുള്ളിയുള്ള ലെപ്പേഡ് ക്യാറ്റ് എന്നറിയപ്പെടുന്ന പൂച്ചവര്‍ഗം മനുഷ്യരുമായി ഇണങ്ങി ജീവിച്ചിരുന്നതായും പഠനത്തിൽ പറയുന്നുണ്ട്. എലികളെ തുരത്താനുള്ള വേട്ടക്കാരായാണ് ഇവയെ ഉപയോഗിച്ചിരുന്നത്. ഈ ലെപ്പേഡ് കാറ്റുകളുടേയും വളര്‍ത്തുപൂച്ചകളുടേയും സങ്കര ഇനമാണ് 20-ാം നൂറ്റാണ്ടില്‍ രൂപപ്പെട്ട ബംഗാള്‍ പൂച്ചകള്‍ എന്നും പഠനത്തില്‍ പറയുന്നു.

Related Posts