Food Lifestyle

അടുക്കളയിൽ പപ്പടം ഇരിപ്പുണ്ടോ? വെറൈറ്റി രുചിയിൽ സമൂസ തയ്യാറാക്കാം

മ്മുടെ രാജ്യത്തെ ഏറ്റവും പ്രിയങ്കരമായ പലഹാരങ്ങളിൽ ഒന്നാണ് സമൂസ. മൈദ മാവിൽ തയ്യാറാക്കിയ ത്രികോണാകൃതിയിലുള്ള ഷീറ്റിനുള്ളിൽ മസാല ചേർത്ത ഫില്ലിങ് നിറച്ച് എണ്ണയിൽ മൊരിയിച്ചെടുക്കുന്ന ഈ പലഹാരം, ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളുടെ ഇഷ്ടവിഭവമാണ്. കേരളീയർക്കിടയിലും ഈ പലഹാരത്തിന് ആരാധകർ നിരവധിയാണ്. ചായക്കടകളിലും ബേക്കറികളിലും നോമ്പുതുറ വിഭവങ്ങളിലും എല്ലാം സമൂസ ഒരു അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞിരിക്കുന്നു.

കട്ലറ്റും, പഫ്സും കഴിഞ്ഞാൽ അധികം ആളുകളും ഇഷ്ടപ്പെടുന്ന ഒന്നാണ് സമൂസ. ഓരോ പ്രദേശത്തും ഇതിന്റെ ഫില്ലിംഗിലും ഷീറ്റിന്റെ ഘടനയിലും വ്യത്യാസങ്ങളുണ്ട്. ഉരുളക്കിഴങ്ങും കാരറ്റും ചേർത്തുള്ള മസാലയാണ് ഏറ്റവും സാധാരണമായി സമൂസകളിൽ ഉപയോഗിക്കുന്നത്. എന്നാൽ, ചിക്കൻ, ബീഫ്, പനീർ, ഒനിയൻ തുടങ്ങിയവ കൊണ്ടുള്ള ഫില്ലിങ്ങുകളും ഇവയിൽ ഉപയോഗിക്കാറുണ്ട്.

ഓവനും മൈദയും ഇല്ലാതെ സമൂസ വീട്ടിൽ തയ്യാറാക്കാൻ കഴിയും. പപ്പടം കൊണ്ട് ഒരു വെറൈറ്റി സമൂസ വീട്ടിൽ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

സവാള
കറിവേപ്പില
മുളകുപൊടി
മഞ്ഞൾപ്പൊടി
ഗരംമസാല
ഉപ്പ്
മൈദ
വെള്ളം

തയ്യാറാക്കുന്ന വിധം

ഇടത്തരം വലിപ്പമുള്ള രണ്ട് സവാള ചെറുതായി അരിഞ്ഞെടുക്കാം. അതിലേയ്ക്ക് കറിവേപ്പില അരിഞ്ഞു ചേർക്കാം. ആവശ്യത്തിന് മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, ഗരംമസാല എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഒരു ചെറിയ ബൗളിൽ മൈദപ്പൊടിയെടുത്ത് വെള്ളം ഒഴിച്ചു കലക്കാം. മറ്റൊരു പാത്രത്തിൽ ചെറുചൂടുള്ള വെള്ളം ഒഴിച്ച് പപ്പടം അതിൽ മുക്കി കുതിർത്തെടുക്കാം. പപ്പടത്തിനുള്ളിലേയ്ക്ക് മസാലകൾ ചേർത്ത് റോൾ ചെയ്തെടുക്കാം.

അരികുകൾ മൈദ ഉപയോഗിച്ച് ഒട്ടിക്കാം. അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കാം. അതിലേയ്ക്ക് പപ്പടം ചേർത്തു നന്നായി വറുത്തെടുക്കാം.

Related Posts