Lifestyle Travel

കാഴ്ചകൾ മറക്കുന്ന മഞ്ഞ്, യാക്കുകൾ മേയുന്ന താഴ് വരകളും നീല തടാകങ്ങളും, വിസ്മയ കാഴ്ചകളുമായി തവാങ്‌

നിഗൂഢവും വശ്യവുമായ സൗന്ദര്യത്തിന്റെ ലോകമാണ് തവാങ്‌. മഹാഭാരതത്തിലെ യക്ഷരർ വസിച്ചിരുന്ന സുന്ദര സ്വപ്നഭൂമി. ജീവിതത്തിൽ ഒരിക്കൽ എങ്കിലും കണ്ടിരിക്കേണ്ട വിസ്മയങ്ങളിൽ ഒന്നാണ് തവാങ്. കണ്ണിനും മനസ്സിനും ഒരുപോലെ ആനന്ദം പകരുന്ന കാഴ്ചകൾ അവിടെ നമുക്ക് കാണാൻ കഴിയും. ഉദയ സൂര്യന്റെ നാടായ അരുണാചല്‍ പ്രദേശിൽ ഹിമാലയൻ പർവ്വത നിരകളുടെ പടിഞ്ഞാറ് ഭാഗത്തായാണ് തവാങ് പട്ടണം. അരുണാചൽ പ്രദേശിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിൽ ഒന്നാണ് ഇത്.

സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 10,000 അടി മുകളിലാണ് തവാങ്‌ സ്ഥിതി ചെയ്യുന്നത്. ആകാശത്തെ തൊട്ട് നിൽക്കുന്ന ഈ കൊച്ചു പട്ടണം സാഹസിക വിനോദ സഞ്ചാരികളുടെ ഏറ്റവും പ്രിയ കേന്ദ്രം കൂടിയാണ്. ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ വിഹാര ങ്ങളിലൊന്നായ തവാങ് മൊണാസ്ട്രി ഈ പട്ടണത്തിൻ്റെ പ്രധാന ആകർഷണമാണ്. 1680-81 കാലഘട്ടത്തിൽ അഞ്ചാം ദലൈലാമയുടെ ആഗ്രഹപ്രകാരം പൂർത്തീകരിച്ച ഈ നിർമ്മിതി ഭാരതത്തിലെ ഏറ്റവും വലിയ മൊണാസ്ട്രിയാണ്. ആത്മ ശാന്തി നേടുവാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും ഉചിതമായ സ്ഥാനമാണ് തവാങിലെ ബുദ്ധ വിഹാരങ്ങൾ. 

ബുദ്ധപാർക്കിലെ 130 അടി ഉയരമുള്ള ബുദ്ധ പ്രതിമ ഇവിടുത്തെ മറ്റൊരാകർഷണം ആണ് 2006 ൽ ഗൗതമ ബുദ്ധന്റെ 2550–ാം ജന്മവാർഷിക ത്തോടനുബന്ധിച്ചാണ് ഇത് നിർമിച്ചത്. ടിബറ്റിന്റെ  തലസ്ഥാനമായ ലാസ കഴിഞ്ഞാൽ ടിബറ്റൻ ബുദ്ധിസ്റ്റുകളുടെ  നഗരവും ആറാം ദലൈലാമയുടെ ജന്മസ്ഥലവും ഇവിടെയാണ്. ഉയര്‍ന്ന കൊടുമുടികള്‍, ഇടതൂര്‍ന്ന താഴ് വരകള്‍  എന്നിവയാല്‍ ചുറ്റപ്പെട്ടി രിക്കുന്നതിനാൽ ട്രക്കിംഗ്, സ്‌കീയിംഗ്, പാരാഗ്ലൈഡിംഗ് പോലുള്ള സാഹസിക പ്രവർത്തനങ്ങൾക്ക് തവാങ് അനുയോജ്യമാണ്. 

കാഴ്ചകൾ മറക്കുന്ന മൂടൽ മഞ്ഞും  യാക്കുകൾ മേയുന്ന പുൽമേടുകളും, ആപ്പിൾ സുഗന്ധമുള്ള കുളിർകാറ്റും തവാങ്ങിന്റെ താഴ് വരയിലെ മനോഹര  കാഴ്ചകളാണ്. മലമുകളിൽ നിന്നും കുതിച്ചെത്തുന്ന വെള്ളചാട്ടങ്ങളും,നീല തടാകങ്ങളും തവാങ്ങിന്റെ പ്രത്യേകതയാണ്.  നീല തടാകങ്ങൾ ഉള്ളതിനാൽ തടാകങ്ങളുടെ നാട് എന്ന വിളിപ്പേരും തവാങിന് സ്വന്തമാണ്. 

1962 ൽ ഈ സുന്ദര ഭൂമിക്ക് വേണ്ടിയാണ് ചൈന ഇന്ത്യ ക്കെതിരെ യുദ്ധത്തിന് ഇറങ്ങിയത്.ഡാർജിലിങ്ങിനും സെലാപാസിനും  ഇടയിലായി ഇന്ത്യ – ചൈന  യുദ്ധത്തിൽ വീരമൃതു  വരിച്ച ധീരയോദ്ധാക്കളുടെ  പേരുകൾ കൊത്തിവച്ച ന്യുക്മദോങ് (Nyukmadung War Memorial) വാർ മെമ്മോറിയൽ  പറയുന്നത് തവാങിന്റെ  ചരിത്രം കൂടിയാണ്.

കൂടാതെ ഗോരിചെന്‍ പീക്ക് ട്രക്ക്, പി.ടി.സോ ലേക്ക്, സെലാ പാസ്സ്,  മാധുരി ലേക്ക് എന്നിവയും ഇവിടുത്തെ പ്രധാന ആകർ ഷണങ്ങൾ ആണ്. തവാങ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം മാർച്ച് മുതൽ ഒക്ടോബർ വരെയാണ് 320 കിലോമീറ്റർ അകലെയുള്ള അസമിലെ തേസ്പൂർ ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.

Related Posts