മുംബൈ: വാഹനപ്രേമികളുടെ കാത്തിരിപ്പിനൊടുവിൽ പുതിയ എസ്‌യുവിയുടെ ടീസർ പുറത്തിറക്കി മാരുതി. 2025 സെപ്റ്റംബർ 3 ന് പുറത്തിറങ്ങാനിരിക്കുന്ന പുതിയ ഇടത്തരം എസ്‌യുവിയായ എസ്‍ക്യുഡോയുടെ ടീസറാണ് പുറത്തിറക്കിയിരിക്കുന്നത്. വരുന്നത് ക്രെറ്റയുടെ എതിരാളി എന്ന നിലയ്ക്കാണ് വിപണി കാത്തിരിക്കുന്നത്. എസ്ക്യുഡോ എന്നത് താൽക്കാലിക പേരാണ്.
ഗ്രാൻഡ് വിറ്റാരയുടെ ഗ്ലോബൽ സി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും പുതിയ മാരുതി എസ്‌യുവി. 103 ബിഎച്ച്പി, 1.5 എൽ മൈൽഡ് ഹൈബ്രിഡ്, 116 ബിഎച്ച്പി, 1.5 എൽ ആറ്റ്കിൻസൺ സൈക്കിൾ സ്ട്രോംഗ് ഹൈബ്രിഡ്, 88 ബിഎച്ച്പി, 1.5 എൽ സിഎൻജി എഞ്ചിൻ ഓപ്ഷനുകളിൽ ഇത് ലഭ്യമാകും. അണ്ടർബോഡി സിഎൻജി ടാങ്ക് ഫീച്ചർ ചെയ്യുന്ന കമ്പനിയുടെ ആദ്യത്തെ സിഎൻജി വാഹനമായിരിക്കും പുതിയ മാരുതി എസ്‍ക്യുഡോ എന്നും റിപ്പോർട്ടുകൾ പറയുന്നു.
സെൻട്രൽ ബ്രേക്ക് ലാമ്പും ടേൺ ഇൻഡിക്കേറ്ററുകളും ഉൾക്കൊള്ളുന്ന ത്രിമാന ലൈറ്റിംഗ് ഇഫക്റ്റോടുകൂടിയ ഷാർപ്പായിട്ടുള്ള രൂപകൽപ്പനയുള്ള എൽഇഡി ടെയിൽലാമ്പുകൾ ടീസർ എടുത്തു കാണിക്കുന്നു. ഈ പുതിയ മാരുതി എസ്‌യുവി അരീന ഡീലർഷിപ്പ് നെറ്റ്‌വർക്ക് വഴി മാത്രമായിട്ടായിരിക്കും വില്പനയ്ക്ക് എത്തിക്കുക. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയായിരിക്കും പ്രധാന എതിരാളികൾ. കമ്പനിയുടെ ഉൽപ്പന്നനിരയിൽ ബ്രെസയ്ക്കും ഗ്രാൻഡ് വിറ്റാരയ്ക്കും ഇടയിലായിരിക്കും പുതിയ താരത്തിന്റെ സ്ഥാനം. അങ്ങനെ വരുമ്പോൾ പുതിയ മോഡൽ ബ്രെസയേക്കാൾ വലുതും ഗ്രാൻഡ് വിറ്റാരയേക്കാൾ വിലക്കുറവുള്ളതുമായിരിക്കാം.