ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന യുള്ള കണ്ഡ യിലാണ് ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള ശ്രീ കൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആറു മാസത്തോളം മഞ്ഞ് പുതച്ചു നില്‍ക്കുന്ന ഈ ക്ഷേത്രം സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 4000 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
കിന്നൗര്‍ മലയിലൂടെ 12 കിലോമീറ്റര്‍ ട്രെക്കിങ് നടത്തിയാല്‍ മാത്രമേ ഈ ക്ഷേത്രത്തിലെത്താനാകൂ. ഒരു തടാകത്തിന്റെ നടുവിലായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. യാത്രയിൽ കുത്തനെ ഉള്ള കയറ്റങ്ങളും, പാറക്കെട്ടുകളും, കട്ടിയുള്ള വനങ്ങളും ഉണ്ട്.
ഹിമായലയത്തിൽ അജ്ഞാതവാസ സമയത്ത് പാണ്ഡവരാണ് ഈ തടാകവും കൃഷ്ണ ക്ഷേത്രവും നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ മഹാഭാരത കാലഘട്ടത്തിൽ ഭഗവാൻ കൃഷ്ണൻ ഇവിടെ ധ്യാനിച്ചിരുന്നുവെന്നും പ്രദേശവാസികൾ വിശ്വസിക്കുന്നു. ആകർഷകമായ കാഴ്ച്ചകൾക്കും കഥകൾക്കും അപ്പുറം ഒരു തീർത്ഥാടന അനുഭവം കൂടി ഇവിടുത്തേക്കുള്ള യാത്ര സഞ്ചാരികൾക്ക് സമ്മാനിക്കുന്നു.
യുള്ള ഖാസ് എന്ന ഗ്രാമത്തിൽ നിന്നാണ് അമ്പലത്തിലേക്കുള്ള ട്രെക്കിംഗ് ആരംഭിക്കുന്നത്. ഇവിടത്തെ ജന്മാഷ്ടമി ആഘോഷം പ്രസിദ്ധമാണ്. എല്ലാ വർഷവും കിനൗർ ഗ്രാമത്തിൽ നിന്നും ഹിമാചൽ പ്രദേശിന്റെ മറ്റ് പ്രദേശങ്ങളിൽ നിന്നും ധാരാളം പേർ ജന്മാഷ്ടമിക്ക് ഇവിടെ എത്തിച്ചേരുന്നു. മേയ് മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളിലാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ബാക്കിയുള്ള മാസങ്ങളില്‍ ക്ഷേത്ര പരിസരം മഞ്ഞിനാല്‍ മൂടപ്പെടും.
യുള്ള കണ്ഡയിലെ കാലാവസ്ഥയുള്ള കണ്ഡയിൽ മഞ്ഞ് ഉരുകി തുടങ്ങി പാത തുറക്കുന്നത് മെയ് ജൂൺ മാസങ്ങളിലാണ്. പുതിയ പുൽനാമ്പുകൾ വളർന്നു പച്ചപ്പ് ഉണ്ടാകുന്നു. തടാകത്തിന് ചുറ്റും മഞ്ഞ് കാണാം. ജൂലൈ മുതൽ ഓഗസ്റ്റ് വരെ മൺസൂൺ കാലം ആണ് പച്ചപ്പുൽമേടുകളും നിറയെ പൂക്കുന്ന കാട്ടുപൂക്കളും നിറഞ്ഞ് അവിടം മനോഹരമാകുന്നു. മഴയിൽ ചെറിയ വഴുക്കൽ ഉണ്ടാകാം.
സെപ്റ്റംബർ മുതൽ ഒക്ടോബർ പകുതി വരെയുള്ള സമയങ്ങളിലാണ് ഇവിടം ഏറ്റവും മനോഹരമാകുന്നത്. തെളിഞ്ഞ ആകാശം, ശുദ്ധവായു, സ്വർണ്ണനിറത്തിലുള്ള പുൽമേടുകൾ, മലനിരകളുടെ അതിമനോഹരമായ കാഴ്ചകൾ എന്നിവ കാണാം. ഏകാന്തതയും കുളിർമയുള്ള കാഴ്ചകളും ആഗ്രഹിക്കുന്ന ആളുകൾക്ക് ഈ സമയം വളരെ അനുയോജ്യമാണ്.
ഒക്ടോബർ മുതൽ ഏപ്രിൽ വരെ ശൈത്യകാലമാണ്. ക്ഷേത്രവും ട്രെക്കിംഗ് പാതകളും കനത്ത മഞ്ഞുമൂടുന്നതിനാൽ ഇങ്ങോട്ടുള്ള യാത്ര ദുഷ്‌കരമാണ്. ക്ഷേത്രത്തിൽ എത്തിചേരാൻ ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ജോഗീന്ദർ നഗർ റെയിൽവേ സ്റ്റേഷനാണ്, ഏകദേശം 110 കിലോമീറ്റർ അകലെ. ഡൽഹി, ചണ്ഡീഗഡ്, ഷിംല തുടങ്ങിയ മെട്രോപൊളിറ്റൻ നഗരങ്ങളിൽ നിന്ന് മാണ്ഡി, കുളു എന്നിവിടങ്ങളിലേക്ക് ബസ് സർവീസ് ലഭ്യമാണ്. ഇവിടെ എത്തിയാൽ ബേസ് വില്ലേജിലേക്ക് ബസോ, ടാക്സിയോ ഉപയോഗിക്കാം.
















