ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രം. എവിടെ നിന്നു നോക്കി യാലും തലയെടുപ്പോടെ നിൽക്കുന്ന ക്ഷേത്രത്തിന്റെ മകുടം. പക്ഷെ അധികാരത്തിൽ ഉള്ളവർ ഈ ക്ഷേത്രത്തിൽ എത്തിയാൽ അധികാരം നഷ്‌ടപ്പെടുമെന്നു പറയപ്പെടുന്നു. ഇത് സംബന്ധിച്ചുള്ള ചില തെളിവുകളും നാട്ടുകാർ പറയുന്നു. കൂടാതെ പ്രണയിക്കുന്നവർ രണ്ടുപേരിൽ ഒരാൾ മാത്രം ഇവിടെ എത്തിയാൽ ആ പ്രണയം തകരുമെന്നും പറയപ്പെടുന്നു.
എന്നാൽ പോയില്ലെങ്കിലോ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം ആണെന്നെ പറയാൻ പറ്റു. സമയവും സാഹചര്യവും ഉണ്ടെങ്കിൽ ഒരു തവണയെങ്കിലും സന്ദർശിക്കേണ്ട ഇടമാണ് ഇവിടം. തമിഴ് നാട്ടിൽ കാവേരി നദിയുടെ തീരത്തുള്ള തഞ്ചാവൂർ ജില്ലയിലാണ് തിരുവുടയാര്‍ കോവില്‍, പെരിയ കോവില്‍, രാജരാജേശ്വരം കോവില്‍ എന്നീ പേരുകളിൽ അറിയപ്പെടുന്ന ബൃഹദീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
12 വർഷം എടുത്താണ്ഈ ക്ഷേത്രം പണി പൂർത്തിയാക്കിയത്. 216 അടി ഉയരവും 14 നിലകളുമാണ് ഈ ക്ഷേത്രത്തിനു ഉള്ളത്. കോട്ടമതില്‍,നിറയെ ശിൽപങ്ങൾ കൊത്തിയ രണ്ട് ഗോപുരങ്ങൾ പിന്നിട്ടുവേണം ക്ഷേത്ര വളപ്പിലേക്ക് കടക്കാൻ. ദേവീദേവന്മാരും രാജാക്കന്മാരും സാധാരണ മനുഷ്യരും രതിശിൽപങ്ങളും ഇതിലുണ്ട്.
ക്ഷേത്രത്തിന്റെ ഉള്ളിൽ കടന്നു കഴിഞ്ഞാൽ പിന്നെ ഓരോ ഇടവും നൃത്ത രൂപങ്ങൾ കോറിയിട്ട ഇടനാഴികൾ ആണ്. ഇതൊക്കെ കാണുമ്പോൾ മനുഷ്യന് ഇത്രയും കഴിവുകളുണ്ടോ എന്ന് ഒരു നിമിഷം തോന്നി പോകും. വ്യത്യസ്ത കാലഘട്ടങ്ങളെ ചൂണ്ടിക്കാട്ടുന്ന തമിഴ് ലിപികളും ചുവർചിത്രങ്ങളും ചുവരുകളിൽ കൊത്തി വച്ചിട്ടുണ്ട്. ആയിരം വർഷം പഴക്കമുള്ള ബൃഹദീശ്വര ക്ഷേത്രം ചരിത്രപരമായും നിർമാണത്തിലെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമാണ്. ചോളരാജവംശത്തിലെ പ്രമുഖനായ രാജരാജചോഴ ൻ ആണ് ക്ഷേത്രം നിർമ്മിച്ചത്.
എ.ഡി. 985-ൽ തുടങ്ങിയ ക്ഷേത്ര നിർമ്മാണം 1013-ലാണ് പൂർത്തിയായത്. കുഞ്ചരമല്ലൻ രാജരാജ പെരുന്തച്ചനാണ് ക്ഷേത്രത്തിന്റെ ശില്പി. ക്ഷേത്രത്തിന്റെ മതിലിൽ അദ്ദേഹത്തിന്റെ പേര് കൊത്തിവച്ചിട്ടുണ്ട്. ശിവലിംഗമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഒറ്റ കല്ലിൽ തീർത്ത ഭീമൻ നന്ദിയും ഇവിടുത്തെ പ്രധാന ആകർഷണം ആണ്. 13 അടി ഉയരമുള്ള പ്രതിഷ്‌ഠയായ ശിവലിംഗം തുടങ്ങി കമാനങ്ങളിലെ ചില ഭിത്തികൾ വരെ ഒറ്റക്കല്ലിൽ നിർമിച്ചതാണെന്നത് അത്ഭുതപ്പെടുത്തും.
ക്ഷേത്രത്തിൻ്റെ മറ്റൊരു പ്രത്യേകത വർഷത്തിൽ ഏതു ദിവസമായാലും ഉച്ച നേരത്ത് ക്ഷേത്രത്തിന്റെ നിഴൽ നിലത്ത് വീഴില്ല എന്നതാണ്. നട്ടുച്ചുയ്ക്കു പോലും ക്ഷേത്രത്തിന്റെ നിഴൽ ഭൂമിയിൽ വീഴാത്ത രീതിയിൽ ആണ് ക്ഷേത്രം രൂപകൽപന ചെയ്‌തിരിക്കുന്നത്. ചുറ്റമ്പല പാതയിലൂടെ നടക്കുമ്പോൾ നിറയെ ശിവലിംഗങ്ങൾ നിരത്തിവച്ചിരിക്കുന്നതും കാണാം.
എറണാകുളത്ത് നിന്ന് രാത്രി 10.25 ന് തഞ്ചാ വൂരിലേക്ക് ട്രെയിൻ സർവീസ് ഉണ്ട്. ബസ് സർവീസും ലഭ്യമാണ്. തഞ്ചാവൂരിൽ നിന്ന് ബസിലോ ഓട്ടോ എടുത്തോ അമ്പലത്തിൽ എത്തിച്ചേരാം.