Homepage Featured Lifestyle Travel

ഒരിക്കൽ കണ്ടാൽ വീണ്ടും കാണാൻ കൊതിക്കുന്ന കന്യാകുമാരിയിലേക്ക് 

കന്യാകുമാരി എന്ന് പറയുമ്പോൾ തന്നെ മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടം ഉണ്ട്. തിരുവനന്തപുരത്തേക്ക് ഒരു യാത്ര പ്ലാൻ ചെയ്താൽ ആ ലിസ്റ്റിൽ കന്യാകുമാരി കൂടി ഉണ്ടാകും. എത്ര തവണ പോയാലും വീണ്ടും വീണ്ടും പോകാൻ തോന്നുന്ന ഒരു ഇടം കൂടിയാണ് കന്യാകുമാരി. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപെട്ട ഒരിടമാണ് കന്യാകുമാരി. ഏതൊരു സഞ്ചാരിയും കാണാൻ കൊതിക്കുന്ന കാഴ്ചകളിൽ ഒന്നാണ് കന്യാകുമാരിയിലെ സൂര്യോദയവും സൂര്യാസ്തമയവും. കന്യാകുമാരി മാത്രമല്ല അവിടേക്കുള്ള യാത്രയും അടിപൊളിയാണ്. മനോഹരമായ നിരവധി കാഴ്ചകൾ കണ്ടു വേണം കന്യാകുമാരിയിലേക്ക് എത്താൻ. 

ലോകത്ത് വളരെ കുറച്ചു സ്ഥലങ്ങളിൽ മാത്രമാണ് ഉ ദയാ-സ്തമയങ്ങൾ ഒരുമിച്ചു ഒരിടത്ത് നിന്നും കാണാൻ കഴിയുന്നത്.കന്യാകുമാരിയിൽ തന്നെ സൂര്യോദയവും സൂര്യസ്തമയവും ഒരുമിച്ചു കാണാൻ പറ്റുന്ന  ഇടങ്ങൾ ഇവയാണ്. രാവിലെ വിവേകാനന്ദ പാറയിൽ എത്തിയാൽ പ്രഭാത സൂര്യനെ കാണാം. കടൽ തീരത്തോട് ചേർന്ന് നിൽക്കുന്ന ഒരു ചെറിയ ദീപാണ് ഇത്. കടലിനു നടുവിൽ സ്ഥിതി ചെയ്യുന്ന ഈ പാറയിൽ വിവേകാനന്ദൻ ധ്യാനിച്ചിരുന്നു എന്നാണ് വിശ്വാസം. 

സൂര്യോദയം ഏറ്റവും മനോഹരമായി ആസ്വദിക്കാൻ കഴിയുന്ന മറ്റൊരു ഇടം ത്രിവേണി സംഗമം ആണ്. ഇന്ത്യൻ മഹാസമുദ്രം, ബംഗാൾ ഉൽക്കടൽ, അറബി കടൽ എന്നിവ സംഗമിക്കുന്നത്  ഇവിടെയാണ്. സൂര്യോദയം കാണാൻ പറ്റുന്ന മറ്റൊരിടം തിരുവള്ളൂവർ സ്റ്റാച്യു വ്യൂ പോയിന്റ് ആണ്. വിവേകാനന്ദ പാറയുടെ സമീപത്ത്  തന്നെയാണ് തിരുവള്ളുവർ പ്രതിമ നിൽക്കുന്നത്. 133 അടി ഉയരമാണ് ഈ പ്രതിമയ്ക്ക് ഉള്ളത്. 

അസ്തമയം ആസ്വദിക്കാൻ പറ്റിയ മനോഹരമായ സ്ഥലം കന്യാകുമാരി ബീച്ച് തന്നെയാണ്. ബീച്ചിന് സമീപത്തെ സൺ സെറ്റ് വ്യൂ പോയിന്റിൽ നിന്ന് വളരെ സമാധാനത്തോടെ അസ്തമയം ആസ്വദിക്കാം. അസ്തമയം കാണാൻ ഉള്ള മറ്റൊരു സ്ഥലം വട്ടകോട്ടൈ കോട്ടയാണ്. സീസണുകൾ മാറുന്നതിനു അനുസരിച്ചു ഉദയത്തിന്റെയും അസ്തമയത്തിന്റെയും സമയത്തിലും വ്യത്യാസം വരും. ഇവിടുത്തെ ബീച്ചുകൾ തന്നെ ഒരു പ്രധാന കാഴ്ചയാണ്.  പല നിറത്തിലും രൂപത്തിലും ഉള്ളവ. ആദ്യം കാണുന്ന കടലിന്‍റെ നിറമായിരിക്കില്ല മുന്നോട്ട് നടന്നു കാണുന്ന തീരത്തിനുള്ളത്. മുട്ടം ബീച്ച്, ശംഖുതുറൈ ബീച്ച്, തേങ്ങാപ്പട്ടണം ബീച്ച്, ചൊത്തവിളൈ ബീച്ച് തുടങ്ങിയ സ്ഥലങ്ങളും ഇവിടെ സന്ദര്‍ശിക്കാം.

കന്യാകുമാരി ക്ഷേത്രം ആണ് ഇവിടുത്തെ മറ്റൊരു ആകർഷണം. ഇന്ത്യയുടെ തെക്കേയറ്റത്തു ത്രിവേണി സംഗമത്തിനടുത്തായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 3000-ത്തിലധികം വര്‍ഷം പഴക്കമുണ്ട്. ക്ഷേത്രങ്ങൾ,പള്ളികൾ,മഹാത്മാ ഗാന്ധി മെമ്മോറിയൽ, കൊട്ടാരങ്ങൾ, വെള്ളച്ചാട്ടങ്ങൾ ഇങ്ങനെ കന്യാകുമാരിയിൽ കാണാൻ ഒത്തിരി കാഴ്ചകളുണ്ട്. തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് ദൂരം 90 കിലോമീറ്ററാണ്. രണ്ടു മണിക്കൂർ കൊണ്ട് എൻഎച്ച് 66 വഴി തിരുവനന്തപുരത്തു നിന്ന് കന്യാകുമാരിയിലേക്ക് എത്താം. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് കന്യാകുമാരിയിലേക്ക് ട്രെയിൻ സർവീസ് ലഭ്യമാണ്.

Related Posts