പോയകാലത്തിന്റെ പ്രതാപവും പേറി, ചാലിയാറിന്റെ കരയില്‍ തലയെടുപ്പോടെ ഇന്നും നിൽക്കുന്ന ഒരു കോവിലകം ഉണ്ട് അതാണ് നിലമ്പൂര്‍ കോവിലകം. കോവിലകങ്ങള്‍ ഓര്‍മകള്‍ മാത്രമായി മാറുന്നിടത്ത് അല്ലെങ്കില്‍ റിസോര്‍ട്ടുകള്‍ ആയി മാറുന്നിടത്താണ് നിലമ്പുർ കോവിലകം തലയെടുപ്പോടെ നിൽക്കുന്നത്. ഒരുകാലത്ത് കോവിലകത്ത് എഴുപത്തിയൊന്ന് ആനകള്‍ വരെ ഉണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഇവിടുത്തെ ഏഴ് ആനകള്‍ക്ക് റേഷന്‍ കാര്‍ഡ് ഉണ്ടായിരുന്നു വെന്നും പറയപ്പെടുന്നു.
മലപ്പുറം ജില്ലയിൽ നിലമ്പുരിലെ തച്ചറക്കാവിലാണ് നിലമ്പുർ കോവിലകം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ യുദ്ധദേവതകളിലൊരാളായ വേട്ടയ്ക്കൊരുമകനാണ് നിലമ്പൂർ കോവിലകത്തെ പരദേവത. ഈ ക്ഷേത്രത്തിലെ ഉത്സവമാണ് പില്‍ക്കാലത്ത് നിലമ്പൂര്‍ പാട്ടുത്സവമായി മാറിയത്.
കോഴിക്കോട് സാമൂതിരി രാജാവിന്റെ സാമന്തരാജാ ക്കന്മാരായിരുന്നു നിലമ്പൂര്‍ കോവിലകത്ത് താമസിച്ചിരുന്നത്. 13-ാം നൂറ്റാണ്ടില്‍ നെടിയിരുപ്പില്‍ നിന്ന് വന്ന തച്ചറക്കാവില്‍ ഏറാടിമാരാണ് ഈ കോവിലകം സ്ഥാപിച്ചത്. ഏകദേശം 300 വര്‍ഷത്ത്തിന് മുകളിൽ പഴക്കം നിലമ്പൂര്‍ കോവിലകത്തിന് ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. പഴയ ഏറനാട്ടിലെ ഏറ്റവും വലിയ ഭൂവുടമകളായിരുന്നു നിലമ്പൂർ കോവിലകം. ഇന്ന് തമിഴ്‌നാടിന്റെ ഭാഗമായ ഗൂഡല്ലൂർ വരെ നീണ്ടുകിടക്കുന്ന ഭൂസ്വത്തുക്കൾ ഇവർക്കുണ്ടായിരുന്നു. പിൽക്കാലത്ത് പ്രസിദ്ധനായി മാറിയ ഗുരുവായൂർ കേശവൻ ആദ്യം ഇവരുടെ കയ്യിലായിരുന്നു.
അന്ന് 16 കെട്ടായിരുന്ന കോവിലകം ഇന്ന് 12 കെട്ടാണ്. സാധാരണ കേരളത്തിലെ കോവിലകങ്ങളുടെ പ്രത്യേകത ഇരുട്ടുമൂടിയ മുറികളാകും. പക്ഷേ അങ്ങനെ ഒരു ഭാഗം പോലും നിലമ്പൂര്‍ കോവിലകത്ത് കാണാനാകില്ല. കേരളീയ വാസ്തുശാസ്ത്ര രീതിയില്‍ നിര്‍മിച്ച ഈ പതിനാറ് കെട്ടിന് ഇൻഡോ -ബ്രീട്ടീഷ് ആര്‍ക്കി ടെക്ചറിന്റെ മാതൃകയാണ്. വിശാലമായ അകത്തളങ്ങളും, കാറ്റിനെയും വെളിച്ചത്തെയും സദാ സ്വാഗതം ചെയ്യുന്ന മുറികളും, മെയ്ച്ചൂടിലും കുളിരുകോരുന്ന ഇടനാഴികളും ഈ കോവിലകത്തിന്റെ പ്രത്യേകതയാണ്.
5000 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള കോവിലകം നിലമ്പൂര്‍ കാട്ടിലെ മരങ്ങള്‍ ഉപയോഗിച്ചാണ് നിർമിച്ചത്. ഒറ്റ തടിയില്‍ തീര്‍ത്ത നീളന്‍ തൂണുകളും, മച്ചുകളും, ഫര്‍ണിച്ചറുകളും കണ്ടാൽ ഇന്നലെ പണികഴിപ്പിച്ച പോലെ തോന്നും. ഈ യുഗത്തിലും ചാണകം മെഴുകിയ നിലവും മങ്ങിത്തുടങ്ങിയ കാവിയും നിലനിർത്തുന്നത് അത്ഭുതം തന്നെയാണ്.
ഈ കോവിലകം കേരളീയ- ബ്രീട്ടീഷ് വാസ്തു ശാസ്ത്രത്തിന്റെ ശേഷിപ്പുകളില്‍ ഒന്നാണ്. പുതിയ തലമുറ ഒരു പോറലും ഏൽപ്പിക്കാതെ യാണ് കോവിലകത്തെ സംരക്ഷിക്കുന്നത്. കോവിലകത്തിനുള്ളിൽ അതിഥികൾക്കായി രണ്ട് റൂമുകൾ നിർമ്മിച്ചിട്ടുണ്ട്. പഴമയ്ക്ക് കോട്ടം വരുത്താതെയാണ് റൂമുകൾ നിർമ്മിച്ചത്. കോവിലകം എത്തുന്ന അതിഥികൾക്ക് ഇവർ കഴിക്കുന്ന അതെ ഭക്ഷണവും കഴിച്ചു പഴമകൾ ഉറങ്ങുന്ന കോവിലകത്ത് അന്തിയുറങ്ങാം.