ആനക്കൂട്ടങ്ങളും കടുവയും പുലിയുമെല്ലാം വിലസുന്ന കാട്ടിലൂടെ ഒരു കൂട്ടം വിശ്വാസികൾ. അതും പല മതത്തിൽ പെട്ടവർ അവിടെ മതമില്ല മനുഷ്യർ മാത്രം. വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് ഈ യാത്ര. ബാക്കി 363 ദിവസവും ആള്‍പ്പെരുമാറ്റമില്ലാത്ത കൊടുംകാട്. പറഞ്ഞു വരുന്നത് ഗുണ്ടറ ദർഗ്ഗയിൽ വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന ഉറൂസ് നേര്‍ച്ചയെ കുറിച്ചാണ്. കേരള-കർണാടക അതിർത്തിയോടുചേർന്നുള്ള ബൈരക്കുപ്പ പഞ്ചായത്തിലെ മച്ചൂരിനടുത്തുള്ള ഗുണ്ടറയിലെ ദർഗ്ഗയിലാണ് ഉറുസ് നടക്കുന്നത്.
നേര്‍ച്ച നടക്കുന്ന സമയത്ത് മാത്രമാണ് ഇവിടേക്ക് പുറത്തുള്ളവര്‍ക്ക് പ്രവേശനം ലഭിക്കുക. ഏപ്രിൽ-മെയ് മാസങ്ങളിൽ ആണ് ഇവിടുത്തെ ഉറുസ് നടക്കുന്നത്. കേരളത്തിലെ തീര്‍ത്ഥാടകര്‍ക്കായി മച്ചൂര്‍ ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കാട്ടിലേക്ക് വഴിയൊരുക്കുന്നത്. അങ്ങോട്ടുള്ള യാത്ര ഒട്ടും എളുപ്പമല്ല.കേരള-കര്‍ണാടക അതിര്‍ത്തിയായ ബാവലി-മൈസൂരു പാതയില്‍ എഴു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മച്ചൂര്‍ വനയോര ഗ്രാമത്തിലെത്താം. മച്ചൂരിൽ നിന്ന് കബനിപ്പുഴ മുറിച്ചുകടന്ന് കാട്ടിലൂടെ നാലുകിലോമീറ്ററോളം സഞ്ചരിച്ചുവേണം ഈ മഖാമിലെത്താൻ.
നദി മുറിച്ചു കടക്കാൻ ഉറൂസ് സംഘാടകര്‍ സൗകര്യം ഒരുക്കും. അതിലെ സഞ്ചരിച്ചാല്‍, വീഴാതെ, നനയാതെ മറുകര എത്താം. കബനി പിന്നിട്ടാൽ പിന്നെ കൊടുംകാടാണ്. ബീച്ചനഹള്ളി ഡാമിന്റെ റിസര്‍വോയറിലൂടെയാണ് പിന്നിടുള്ള യാത്ര.അവിടുന്ന് നാലു കിലോമീറ്റര്‍ ദൂരം കൂടി നടക്കണം. നൂറ്റാണ്ടുകളുടെ ചരിത്രമാണ് ഗുണ്ടറ നേർച്ചയ്ക്കുള്ളത്. കേരളത്തിലേക്ക് മതപ്രബോധനം നടത്താൻ മൈസൂരുവിൽ നിന്ന് പുറപ്പെട്ട അറബ് സഞ്ചാരിയാണ് സയ്യിദ് അബ്ദുല്‍ ബാരി എന്ന സൂഫിവര്യൻ. അദ്ദേഹത്തിന്റെ ചരിത്രമുറങ്ങുന്ന തീര്‍ത്ഥാടന കേന്ദ്രമാണ് മഖാം. അതിന് തൊട്ടടുത്തായി, സൂഫിവര്യന്റെ അനുചരന്റെയും അന്ത്യ വിശ്രമസ്ഥാനമുണ്ട്.
ബാവലിയിൽ എത്തിയ സൂഫിവര്യനായ സയ്യിദ് ബാരി ആദിവാസി യുവാവിനെയുമായി കുത്തിയൊഴുകുന്ന കബനിപ്പുഴ മുറിച്ചു കടന്നുപോയെന്നും കുറെ നാളുകൾ കഴിഞ്ഞിട്ടും ഒരു വിവരമില്ലാത്തതിനാൽ കാട്ടിലേക്ക് അന്വേഷിച്ചു ചെന്നവര്‍ ഈ കാട്ടിനുള്ളില്‍ രണ്ട് കബറിടങ്ങള്‍ കണ്ടു. ഇതാണ് ഹസ്രത്ത് അബ്ദുല്‍ ബാരിയും നാഗര്‍ഹോള കടുവാ സങ്കേതവുമായി ബന്ധപ്പെട്ട് പറയുന്ന ഐതിഹ്യം.
കൊടും കാടിനെയും വന്യജീവികളെയുമെല്ലാം അതിജീവിച്ച് വിശ്വാസികൾ ഇവിടെ എത്തി തുടങ്ങിയ തോടെ അവരെ കടത്തി വിടാനുള്ള സൗകര്യം വനംവകുപ്പ് നല്‍കി ത്തുടങ്ങി. കബനിയിലെ വെള്ളത്തിന്റെ ഏറ്റക്കുറച്ചിലും കാലാവസ്ഥയും വനപാലകരുടെയും പോലീസിന്റെയുമെല്ലാം ജോലിപരമായ സൗകര്യവും മറ്റും നോക്കിയാണ് ഗുണ്ടറ നേര്‍ച്ചയ്ക്കുള്ള ദിവസം തീരുമാനിക്കുക. ഏപ്രില്‍ മെയ് മാസങ്ങളിലാണ് ഇതിന് അനുകൂലമായ ഒരു ദിനം കണ്ടെത്തുക. 15 ദിവസം മുമ്പ് ഇതു സംബന്ധിച്ച അറിയിപ്പ് മച്ചൂര്‍ പള്ളിയില്‍ നിന്നും ലഭിച്ചു തുടങ്ങും.
വലിയ പ്രചാരണ പരിപാടികളൊന്നും നേര്‍ച്ചയ്ക്കില്ല. വന്നവര്‍ വന്നവര്‍ പറഞ്ഞറിഞ്ഞ് കൂടുതല്‍ പേര്‍ എത്തുന്നതാണ് പതിവ്. തീര്‍ത്ഥാടനം കഴിഞ്ഞു തിരികെ എത്തുമ്പോള്‍ മച്ചൂര്‍ ജമാഅത്ത് കമ്മിറ്റി എല്ലാവര്‍ക്കും ഭക്ഷണം ഒരുക്കിയിട്ടുണ്ടാകും. വയറുനിറയെ ഭക്ഷണവും മനസ്സുനിറയെ തീര്‍ത്ഥാടന സ്മൃതികളുമായാണ് ആളുകള്‍ കാടിറങ്ങുന്നത്.
















