Lifestyle Travel

മഴയും കോടയും കുളിർപ്പിക്കുന്ന കേരളത്തിന്റെ കശ്മീർ, പോകാം കാന്തല്ലൂരിലേക്ക്

ദൂരെ കോടമഞ്ഞ് പുതഞ്ഞ മലനിരകൾ,കുത്തനെ ഒഴുകുന്ന അരുവികൾ,  മഞ്ഞണിഞ്ഞ താഴ്‌വരകൾ, നടക്കുമ്പോള്‍ കൈയ്യകലത്തില്‍ നിന്ന്  ആപ്പിളോ, ഓറഞ്ചോ, മാതളമോ ഒക്കെ പൊട്ടിച്ച് കഴിക്കാൻ പറ്റുന്ന ഒരിടം. കേട്ടിട്ട് തെറ്റിദ്ധരിക്കേണ്ട ഇത് കാശ്മീരോ ഹിമാചല്‍പ്രദേശോ അല്ല കേരളത്തിന്റെ സ്വന്തം കാശ്മീര്‍ എന്ന് വിളിക്കുന്ന കാന്തല്ലൂർ ആണ്. ചന്ദനമരങ്ങളെ തഴുകിയെത്തുന്ന കാറ്റേറ്റ് കാന്തല്ലൂരിലൂടെയുള്ള യാത്ര മനസ്സിന് കുളിരു പകരുന്ന അനുഭവമാണ്. 

സമുദ്രനിരപ്പില്‍ നിന്ന് 1,525 മീറ്റര്‍ ഉയരത്തിലാണ് കാന്തല്ലൂര്‍. മറയൂരിനടുത്ത്, പശ്ചിമഘട്ടത്തിന്റെ കിഴക്കുവശത്തായി സ്ഥിതി ചെയ്യുന്ന കാന്തല്ലൂർ ഒരു മഴനിഴൽ ഗ്രാമമാണ്. മറയൂരിൽ നിന്ന് ഏകദേശം 32 കിലോമീറ്റർ ദൂരമാണ് ഇവിടേക്ക്. മനോഹരമായ ഭൂപ്രകൃതിയാണ് കാന്തല്ലൂരിനെ സഞ്ചാരികളുടെ പ്രിയപ്പെട്ടയിടമാക്കി മാറ്റുന്നത്. കാന്തല്ലൂരിന് ചുറ്റുമുള്ള നിത്യഹരിത വനമായ ആനമുടി ചോല ദേശീയോദ്യാനം  നല്ലൊരു അനുഭവമായിരിക്കും നല്‍കുക. പട്ടിശ്ശേരി ഡാം, കുളച്ചിവയല്‍ പാറകള്‍, കീഴാന്തൂര്‍ വെള്ളച്ചാട്ടം, ഇരച്ചില്‍പ്പാറ വെള്ളച്ചാട്ടം, ആനക്കോട് പാറ, ശ്രീരാമന്റെ ഗുഹാക്ഷേത്രം, മുനിയറകള്‍ തുടങ്ങി നിരവധി കാഴ്ചകളാണ് കാന്തല്ലൂരില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. 

കാന്തല്ലൂരിലെ ആപ്പിള്‍ വളരെ പ്രശസ്തമാണ്. ആപ്പിള്‍ താഴ്വരയിലൂടെ നടക്കാനും ആപ്പിള്‍ നേരിട്ട് പറിക്കാനും നിരവധി പേര്‍ ഇവിടെയെത്താറുണ്ട് ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ആപ്പിള്‍ത്തോട്ടങ്ങളില്‍ കായ്കള്‍ പാകമാകുന്നത്. ഓണക്കാലം കൂടി കണക്കാക്കി തോട്ടം ഉടമകള്‍ പഴങ്ങള്‍ മരങ്ങളില്‍ തന്നെ നിലനിര്‍ത്താറാണ് പതിവ്. ഈ സമയത്ത് സഞ്ചാരികള്‍ക്ക് തോട്ടങ്ങളില്‍ നിന്ന് ആപ്പിള്‍ നേരിട്ട് പറിച്ച് വാങ്ങാന്‍ സാധിക്കും. 

ഡിസംബര്‍ അവസാനം, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ എത്തിയാല്‍ ആപ്പിള്‍ മരങ്ങള്‍ പൂവിട്ട് നില്‍ക്കുന്ന മനോഹരമായ കാഴ്ചകള്‍ കാണാന്‍ സാധിക്കും. ആപ്പിൾ കൂടാതെ  ഗ്രീന്‍ ആപ്പിൾ, സ്ട്രോബെറി , ബ്ലാക്ക്‌ബെറി , പ്ലംസ് , നെല്ലിക്ക , മുട്ട പഴങ്ങൾ , പീച്ച് തുടങ്ങിയവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. പെരുമല, പുത്തൂര്‍, കുളച്ചിവയല്‍ എന്നിവിടങ്ങളിലാണ് ആപ്പിള്‍ തോട്ടങ്ങള്‍ കൂടുതലായി കാണുന്നത്. ഇവിടെ നിന്ന് 50 കി.മീ അകലെയാണ് മൂന്നാര്‍. കൂടാതെ വട്ടവട, പാമ്പാടും ചോല, മതികെട്ടാന്‍ ചോല, ഇരവികുളം ദേശീയോദ്യാനം, ചിന്നാര്‍,കുറിഞ്ഞിമല തുടങ്ങിയ പ്രദേശങ്ങളെല്ലാമാണ് സമീപത്തെ മറ്റ് ആകർഷണങ്ങൾ. 

മൂന്നാര്‍ – മറയൂര്‍ വഴി ഉദുമല്‍പേട്ടിലേക്ക് പോകുന്ന സംസ്ഥാനപാത 17, മാട്ടുപ്പെട്ടി അണക്കെട്ട് – കൊടൈക്കനാലേക്ക് പോകുന്ന സംസ്ഥാന പാത 18, കൊച്ചി – മധുര ദേശീയപാത 49 തുടങ്ങിയവയാണ് ഇവിടെക്കുള്ള പ്രധാന റോഡ് പാതകള്‍. മൂന്നാറിൽ നിന്ന് മറയൂർ വഴി 57ഉം , ഉടുമൽപേട്ട – മറയൂർ വഴി 42കിലോമീറ്ററും ദൂരം സഞ്ചരിച്ചാൽ കാന്തല്ലൂരിൽ എത്തിച്ചേരാം. കൊച്ചിയും,കോയമ്പത്തൂരുമാണ്  അടുത്ത വിമാനത്താവളങ്ങൾ. ഉടുമൽപേട്ട, ആലുവ, കോട്ടയം എന്നിവയാണ് അടുത്തുള്ള റയിൽവേ സ്റ്റേഷനുകൾ. 

Related Posts