ഇടയ്ക്കിടെ വരുന്ന കോടമഞ്ഞും കാറ്റും മുന്നറിയിപ്പില്ലാതെ വന്നുപോകുന്ന മഴയും നീലക്കുറിഞ്ഞിയും അങ്ങനെ കാഴ്ചകളുടെ ഒരു കുളിരാണ് ചിക്മംഗളൂരിലെ മുല്ലയനഗിരി മലനിരകൾ. നീലക്കുറിഞ്ഞി പൂക്കുന്നതിലൂടെയാണ് മുല്ലയനഗരി ശ്രദ്ധേയമായത്. എന്നാൽ, ഈമനോഹരമായ കാഴ്ച ഇനി എത്രകാലം എന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
നേരത്തെ, 16,000 ഏക്കറോളമായിരുന്ന നീലക്കുറിഞ്ഞി ഇപ്പോൾ 9000 ഏക്കറായി കുറഞ്ഞു. വേണ്ടത്ര സംരക്ഷണം ലഭിക്കാത്തതിനാലാണ് നീലകുറിഞ്ഞിയുടെ നാശത്തിന് കാരണമായത്. വർഷം ആയിരത്തിനു മുകളിൽ സഞ്ചാരികൾ എത്തുന്ന ഇടമാണ് ഇവിടം. നിയന്ത്രണമില്ലാത്തതിനാൽ സഞ്ചാരികളുടെ അശ്രദ്ധമായ ഇടപെടലാണ് നീലക്കുറിഞ്ഞിയുടെ നാശത്തിന് കാരണമായതെന്നാണ് പറയപ്പെടുന്നത്. ഈ സാഹചര്യത്തിൽ, മുല്ലയനഗിരിയിലെ റവന്യൂ ഭൂമിയെ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കാൻ കർണാടക വനംവകുപ്പ് റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
സമുദ്രനിരപ്പിൽ നിന്ന് 1930 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. കർണാടകയിൽ എറ്റവും ഉയരം കൂടിയ ഈ മലനിര, പശ്ചിമഘട്ടത്തിലെ ബാബ ബുഡാൻ ഗിരിനിരയിലാണ്. നഗരത്തിന്റെ തിരക്കുകളില്‍ നിന്നകന്ന് സമയം ചിലവഴിക്കണമെങ്കില്‍ മികച്ച ഒരു സ്ഥലം കൂടിയാണിത്. 20 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെയാണ് ഇവിടുത്തെ താപനില.
നാലു കിലോമീറ്റര്‍ അകലെയുള്ള സര്‍പ്പധാരിയിൽ നിന്നാണ് മുല്ലയനഗിരിയിലേക്കുള്ള ട്രക്കിങ്ങിന് തുടക്കം. ചെങ്കുത്തായതും അല്ലാത്തതുമായ വഴികളിലൂടെയാണ് അങ്ങോട്ടുള്ള യാത്ര. അറുപത് ഡിഗ്രി ചെരിവുള്ള കുന്നിന്‍ മുകളിലൂടെയുള്ള യാത്രയുടെ സുഖം ഒന്ന് വേറെ തന്നെയാണ്. കുറ്റിക്കാടുകളും, മരക്കൂട്ടങ്ങള്‍ളും കടന്ന് മലയിടുക്കിലേക്ക്. ഭൂമിയിലാണോ ആകാശത്തിലാണോ നിൽക്കുന്നതെന്ന് അറിയാത്ത ഒരു അനുഭവമായിരിക്കും ഇവിടേക്കുള്ള യാത്ര നമുക്ക് നല്കുക.
6300 അടി ഉയരത്തില്‍ നിന്നുള്ള സൂര്യാസ്തമയ മാണ് ഇവിടുത്തെ മറ്റൊരു പ്രധാന കാഴ്ച. സൂര്യാസ്തമയം കാണാന്‍ കഴിയുന്ന തരത്തിലുള്ള യാത്രകളായിരിക്കും മികച്ചത്. സാഹസികതയും ധീരതയും ഒരുപോലെ ഉണ്ടെങ്കിൽ ഒരു മൗണ്ടന്‍ ബൈക്കിംഗിനു പോകാം. അതിന് അനുയോജ്യമായ കുറച്ച് സ്ഥലങ്ങളില്‍ ഒരിടമാണ് മുല്ലയനഗിരി. പിടിച്ചാല്‍ കിട്ടാത്ത കാറ്റില്‍ ശ്രദ്ധയോടെ വേണം ഇവിടേക്ക് യാത്ര ചെയ്യാന്‍.
മുല്ലയാനഗിരി കൊടുമുടിക്ക് മുകളിലായി ഒരു പുരാതന ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. മുളപ്പസ്വാമി എന്ന താപസികന്‍ ഇവിടെയുള്ള ഗുഹയിലിരുന്ന് പണ്ട് ധ്യാനിച്ചതായാണ് പറയപ്പെടുന്നത്. കൊടുമുടിയുടെ തൊട്ടുതാഴെയായി നിരവധി ചെറിയ ഗുഹകളുമുണ്ട്. സമീപത്തുള്ള കാപ്പിത്തോട്ടങ്ങളും മുല്ലയനഗിരിയുടെ ആകർഷണങ്ങളിൽ ഒന്നാണ്.
കൂടാതെ, ഗാലികെരെ തടാകം, ഗദാ തീർത്ഥ, നല്ലികായി തീർത്ഥ, കാമന തീർത്ഥ, മാണിക്യധാര എന്നീ വെള്ളച്ചാട്ടങ്ങളാണ് ഇവിടുത്തെ മറ്റ് ആകർഷണങ്ങൾ. സെപ്റ്റംബർ മുതൽ മാർച്ച് വരെയാണ് മുല്ലയനഗരി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. മംഗലാപുരത്തു നിന്നും ചിക്കമംഗളൂര്‍ വഴി മുല്ലയനഗിരിയിലേക്ക് 172 കിലോമീറ്ററാണ് ദൂരം.