Lifestyle Travel

നിബിഢ വനങ്ങൾ നിറഞ്ഞ ഏർക്കാട്; പാവങ്ങളുടെ ഊട്ടിയിലേക്ക് ഒരു യാത്ര

ഊട്ടിയും കൊടൈക്കനാലും കഴിഞ്ഞാൽ പിന്നെ ആളുകൾ തേടിച്ചെല്ലുന്ന തമിഴ്നാട്ടിലെ പാവപ്പെട്ട വന്റെ ഊട്ടിയാണ് ഏർക്കാട്. മലനിരകളും, കായലുകളും കാപ്പിത്തോട്ടങ്ങളും വ്യൂ പോയിന്റുകളും ഒക്കെയായി സഞ്ചാരികളെ കാത്തിരിക്കു കയാണ് ഏർക്കാട്. സേലത്തിനടുത്ത് കിഴക്കൻ മലനിരകളിലെ ഷെവരായ് കുന്നുകളില്‍, സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 1515 മീറ്റര്‍ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 

സേലത്ത് നിന്ന് ഇവിടേക്ക് ഏകദേശം 26 കിലോമീറ്റർ യാത്രയുണ്ട്. 20 ഹെയർപിൻ വളവുകൾ താണ്ടി ഒരു മണിക്കൂർ ദൂരം കയറ്റമാണ്. രണ്ട് തമിഴ് വാക്കുകളിൽ നിന്നാണ് ഏർക്കാട് എന്ന വാക്ക് ഉരുത്തിരിഞ്ഞത് – “യെറി” (തടാകം), “കാട്” (വനം). കാപ്പി, ഓറഞ്ച്, ചക്ക, പേര, ഏലം, കുരുമുളക് എന്നിവയുടെ തോട്ടങ്ങൾക്ക് ഏർക്കാട് പേരുകേട്ടതാണ്. കാപ്പിയാണ് പ്രധാന വിള, 

ചരിത്രം അജ്ഞാത മാണെങ്കിലും, തെലുങ്ക് രാജാക്കന്മാരുടെ ഭരണകാലത്താണ് ഇവിടെ ആദ്യമായി കുടിയേറ്റം നടന്നത് എന്ന് കരുതുന്നു. 1842 ൽ അന്നത്തെ മദ്രാസ് പ്രസിഡൻസിയുടെ ഗവർണറായിരുന്ന സർ തോമസ് മൺറോയാണ് ഏർക്കാടിനെ കണ്ടെത്തിയത്.

ഏർക്കാടിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവിടുത്തെ വനമാണ്. ആരാലും ചൂഷണം ചെയ്യപ്പെടാതെ സംരക്ഷിക്കപ്പെടുന്ന നിബിഢവനങ്ങളാണ് ഇവിടുത്തെ മലനിരകള്‍ക്ക് പച്ചപ്പും ഭംഗിയും നല്‍കുന്നത്. ഏര്‍ക്കോടിലെ കാടുകള്‍ക്ക് ഈ നിബിഡത നല്കുന്നത് അവിടെ വളര്‍ന്നു നില്ക്കുന്ന ചന്ദന മരങ്ങളും, തേക്ക് മരങ്ങളും, ഓക്ക് മരങ്ങളുമാണ്. കാട്ടുപോത്ത്, മാൻ, കുറുക്കൻ, കീരി, പാമ്പ്, അണ്ണാൻ തുടങ്ങിയ വന്യമൃഗങ്ങൾ മുതൽ ബുൾബുൾ, പട്ടം, കുരുവി, മീവൽപക്ഷി തുടങ്ങിയ പക്ഷികൾ വരെ ഈ വനങ്ങളിൽ കാണാം.

കാഴ്ച്ച തന്നെയാണ് ഏര്‍ക്കാടിന്റെ ഭംഗി. സുന്ദരമായ താഴ്വരകളും, മലനിരകളും കാണുന്നവന്റെ കണ്ണുകള്‍ക്ക്‌ നല്ലൊരു വിരുന്നാണ്. ഗുഹകളുടെയും, വെള്ളച്ചാട്ടങ്ങളുടെയും മലമുകളില്‍ നിന്നുള്ള കാഴ്ച സഞ്ചാരികളെ ആകർഷിക്കുന്നതാണ്. ലേഡീസ് സീറ്റ്‌, ജെന്റ്സ് സീറ്റ്‌, ചില്‍ഡ്രെന്‍സ് സീറ്റ്‌ എന്നീ പേരുകളിലുള്ള മൂന്നു പാറകളാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. ഇവയ്ക്ക് ഇരിപ്പിടങ്ങളുടെ അതേ രൂപഭംഗിയാണ്. ഇവിടെ നിന്നു നോക്കിയാൽ മേട്ടൂര്‍ഡാമും,മലമ്പാതകളും, സേലവും കാണാന്‍ കഴിയും.

കൂടാതെ,ബിഗ്‌ ലേക്ക്, ബിയേര്‍സ് കേവ്, അന്ന പാര്‍ക്ക്‌, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, മൗണ്ട് ഫോര്‍ട്ട്‌ സ്കൂള്‍, ഷെര്‍വരായന്‍ ടെമ്പിള്‍, ശ്രീ രാജ രാജേശ്വരി ടെമ്പിള്‍, ടിപ്പെരാരി വ്യൂ പോയിന്റ്‌, പഗോഡ പോയിന്റ്, കരടിയൂർ വ്യൂ പോയിൻ്, തുടങ്ങിയവയാണ് ഇവിടുത്തെ മറ്റ് പ്രധാന ആകർഷണങ്ങൾ. ഒക്ടോബർ മുതൽ ജൂൺ വരെയുള്ള സമയമാണ് ഏർക്കാട് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. മെയ് മാസത്തിൽ, ഏഴ് ദിവസത്തെ വേനൽക്കാല ഉത്സവം നടത്തപ്പെടുന്നു. സേലം ടൗണിൽ നിന്നും 45 മിനിറ്റ് ദൂരമാണ് ഇവിടേക്ക്. സേലത്ത് നിന്നും ഏർക്കാടിലേക്ക് ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്.

Related Posts