Lifestyle Travel

മഴ കഴിഞ്ഞ് മല കയറിയാലോ? കേരളത്തിൽ നിർബന്ധമായും കണ്ടിരിക്കേണ്ട 5 ട്രെക്കിങ്ങ് സ്പോട്ടുകൾ

കേരളത്തിൽ മഴ കഴിഞ്ഞാൽ പ്രകൃതി അതിന്റെ മുഴുവൻ സൗന്ദര്യത്തിലും വിരിയുന്ന കാലമാണ്. പച്ചപ്പിൽ പൊതിഞ്ഞ പർവ്വത നിരകൾ, നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങൾ, മൂടൽമഞ്ഞിന്റെ മായാജാലം ഇവയെല്ലാം കൂടി ട്രെക്കിംഗ് പ്രേമികൾക്ക് ഒരു വിസ്മയലോകം സമ്മാനിക്കും. പ്രകൃതിയും സാഹസികതയും ഒരുമിച്ച് അനുഭവിക്കാൻ ആഗ്രഹിക്കുന്നവർക്ക് പോസ്റ്റ് മൺസൂൺ സമയം ഏറ്റവും അനുയോജ്യമാണ്. കേരളത്തിലെ നിരവധി സ്ഥലങ്ങൾ പോസ്റ്റ് മൺസൂൺ ട്രെക്കിംഗിന് മികച്ച കേന്ദ്രങ്ങളാണ്. അവയിൽ പ്രധാനപ്പെട്ട അഞ്ച് സ്ഥലങ്ങൾ പരിചയപ്പെടാം.

ചെമ്പ്ര പീക്ക്, വയനാട്

വയനാട്ടിലെ ഏറ്റവും ഉയർന്ന മലശൃംഖലയാണ് ചെമ്പ്ര കൊടുമുടി. കടൽനിരപ്പിൽ നിന്ന് ഏകദേശം 2100 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വയനാട്ടിലെ കല്പറ്റയ്ക്കടുത്താണ് ചെമ്പ്ര. സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർക്ക് ഏറെ പ്രിയപ്പെട്ട ട്രെക്കിംഗ് കേന്ദ്രമാണ്. മല മുകളിലെത്തുമ്പോൾ യാത്രക്കാരെ കാത്തിരിക്കുന്നത് വയനാടിന്റെ സുന്ദര ദൃശമാണ്. ചെമ്പ്ര കൊടുമുടിയിലേക്ക് കയറുന്ന വഴിയിൽ ഹൃദയസരോവർ എന്ന പേരിൽ അറിയപ്പെടുന്ന ഹൃദയാകൃതിയിലുള്ള തടാകം കാണാം. വർഷം മുഴുവൻ വെള്ളം നിറഞ്ഞുനിൽക്കുന്ന ഈ തടാകം ചെമ്പ്രയുടെ പ്രത്യേക ആകർഷണമാണ്. ട്രെക്കിംഗ് പ്രവേശനത്തിന് വനവകുപ്പിന്റെ അനുമതി നിർബന്ധമാണ്. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയാണ് ചെമ്പ്ര കൊടുമുടിയുടെ സൗന്ദര്യം ഏറ്റവും ഭംഗിയായി ആസ്വദിക്കാൻ കഴിയുക.

മേച്ചാൽ, കോട്ടയം

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ വരുന്ന ഒരു ചെറിയ ഗ്രാമമാണ് മേച്ചാൽ. പ്രകൃതിയുടെ ശാന്തസൗന്ദര്യവും മലനിരകളും നിറഞ്ഞ ഈ പ്രദേശം, വിനോദസഞ്ചാരികൾക്കും പ്രകൃതി സ്നേഹികൾക്കും ഒരുപോലെ പ്രിയപ്പെട്ട ഇടമാണ്. പച്ചപ്പാർന്ന കാടുകളും വയലുകളും, മലഞ്ചെരിവുകളിലെ ചെറു ജലധാരകളും ഇവിടത്തെ പ്രധാന സവിശേഷതകളാണ്. മേച്ചാലിന്റെ ഏറ്റവും പ്രശസ്തമായ ആകർഷണം കട്ടിക്കയം വെള്ളച്ചാട്ടം ആണ്. ഗ്രാമത്തിൽ നിന്ന് ചെറിയൊരു ട്രെക്കിനുശേഷം എത്തിച്ചേരാവുന്ന ഈ വെള്ളച്ചാട്ടം, സാഹസിക യാത്രാപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.

മഴക്കാലത്ത് വെള്ളച്ചാട്ടം കൂടുതൽ ഭംഗിയാർന്ന രൂപത്തിലാണ് കാണപ്പെടുന്നത്. ഗ്രാമജീവിതത്തിന്റെ ലാളിത്യവും പ്രകൃതിയുടെ പുതുമയും ഒരുമിച്ചുനിൽക്കുന്ന ഇടമായതിനാൽ, നഗരത്തിലെ തിരക്കുകളിൽ നിന്ന് മാറി ശാന്തമായ ഒരു ദിനം ചിലവഴിക്കാൻ മേച്ചാൽ ഏറ്റവും അനുയോജ്യമാണ്. പ്രകൃതിസഞ്ചാരത്തിനും കുടുംബസമേതം ചെറിയൊരു യാത്രയ്ക്കും മികച്ചൊരു കേന്ദ്രമാണ് ഇത്. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയാണ് മേച്ചാലിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ഏറ്റവും നല്ല സമയം.

ധോണി മല, പാലക്കാട്

പാലക്കാടിന്റെ പ്രശസ്തമായ സാഹസിക സഞ്ചാര കേന്ദ്രമാണ് ധോണി മല. കടൽനിരപ്പിൽ നിന്ന് ഏകദേശം 1200 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. നഗരത്തിൽ നിന്ന് വെറും 12 കിലോമീറ്റർ മാത്രം ദൂരെയായതിനാൽ, നാട്ടുകാരും വിനോദസഞ്ചാരികളും ഒരുപോലെ ഇവിടെ എത്തുന്നു. ഏകദേശം 4 കിലോമീറ്റർ ദൂരം നടക്കേണ്ട ഈ ട്രെക്ക്, കാടുകളുടെ നടുവിലൂടെ, മലഞ്ചെരിവുകളിലൂടെ കടന്നുപോകുന്നതിനാൽ സാഹസികരായ യാത്രികർക്ക് വലിയൊരു അനുഭവമാണ്. മലയുടെ മുകളിലെത്തുമ്പോൾ പാലക്കാട് നഗരത്തിന്റെ വിശാലമായ കാഴ്ച കണ്ണിൽ പതിയും. ധോണി മലയുടെ മറ്റൊരു ആകർഷണം ധോണി വെള്ളച്ചാട്ടം ആണ്. മലകയറുന്ന വഴിയിൽ തന്നെ ഈ വെള്ളച്ചാട്ടം കാണാം. പ്രത്യേകിച്ച് മഴക്കാലത്ത് വെള്ളച്ചാട്ടത്തിന്റെ ഭംഗി വർധിച്ച് യാത്രികരെ ആകർഷിക്കുന്നു. കൂടാതെ വന്യജീവികളും പക്ഷികളും ഇവിടത്തെ വനങ്ങളിൽ കാണപ്പെടുന്നു. സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയാണ് മികച്ച് സമയം.

പൈതൽ മല, കണ്ണൂർ

സമുദ്ര നിരപ്പിൽ നിന്ന് 1372 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഹിൽസ്റ്റേഷനാണ് പൈതൽ മല. കണ്ണൂർ ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളിൽ ഒന്നാണ്. തളിപ്പറമ്പിൽ നിന്ന് 40 കിലോമീറ്ററും കണ്ണൂരിൽ നിന്ന് 65 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന ഈ മനോഹരമായ സ്ഥലം പശ്ചിമഘട്ടത്തിൽ കേരള കർണാടക അതിർത്തിയിൽ കുടക് വനങ്ങൾക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. അപൂർവമായ വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങൾ, മനോഹരമായ വെള്ളച്ചാട്ടങ്ങൾ, അയൽ സംസ്ഥാനമായ കർണാടകയുടെ അതിശയകരമായ കാഴ്ച്ചയാൽ സമ്പന്നമാണ്.

മീശപുലി മല, ഇടുക്കി

ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന മീശപുലി മല കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയാണ് . വിശാലമായ പുൽമേടുകൾ, മൂടൽമഞ്ഞിൽ മറഞ്ഞുനിൽക്കുന്ന മലകളും വന്യപുഷ്പങ്ങളും കൂടി ട്രെക്കിംഗ് പ്രിയർക്കൊരു അതുല്യാനുഭവം സമ്മാനിക്കുന്നു. കേരള വനവകുപ്പിന്റെ അനുവാദത്തോടെയാണ് ഇവിടെ ട്രെക്കിംഗ് നടത്തുന്നത്. സാധാരണയായി സൈലന്റ് വാലി ടി എസ്റ്റേറ്റിൽ നിന്ന് ആണ് ട്രെക്ക് ആരംഭിക്കുന്നത്. ട്രെക്കിംഗ് വഴി കടന്ന് പോകുമ്പോൾ 12 വർഷത്തിൽ ഒരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി പൂക്കൾ കാണാൻ കഴിയും. മഴ കഴിഞ്ഞുള്ള സമയമാണ് മീശപുലി മലയിലേക്ക് യാത്ര ചെയ്യാൻ ഏറ്റവും അനുയോജ്യം.

മഴയ്ക്കു ശേഷം പുതുജീവൻ പ്രാപിക്കുന്ന മലകളും വനങ്ങളും ട്രെക്കിംഗ് ആസ്വാദകർക്ക് ഒരു അതുല്യ അനുഭവമായിരിക്കും. ഓരോ യാത്രയിലും പ്രകൃതിയോട് ചേർന്ന് ജീവിക്കാം. സുരക്ഷാ മുൻകരുതലുകൾ പാലിച്ച് ഈ മലകൾ കീഴടക്കുമ്പോൾ, സാഹസികതയും സമാധാനവും ഒരുപോലെ അനുഭവപ്പെടാം.

Related Posts