India Lead News News

കരൂർ ദുരന്തത്തിൽ സഹായധനം പ്രഖ്യാപിച്ച് വിജയ്; മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം, പരിക്കേറ്റവർക്ക് 2 ലക്ഷം

ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപയും ​ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും സഹായധനം നൽകുമെന്ന് വിജയ്. ഇത്രയും വലിയൊരു നഷ്ടത്തിനു മുന്നിൽ താൻ പ്രഖ്യാപിച്ച തുക ഒന്നുമല്ലെന്നും വിജയ് പറഞ്ഞു. എക്സിലൂടെയാണ് വിജയ് കുടുംബങ്ങൾക്കുള്ള ധനസഹായം പ്രഖ്യാപിച്ചത്.

‘കരൂർ സംഭവത്തെക്കുറിച്ച് ആലോചിക്കുമ്പോൾ, എൻ്റെ ഹൃദയത്തിലും മനസ്സിലും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധം കടുത്ത ഭാരം തോന്നുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കഠിന ദുഃഖത്തിൽ വാക്കുകൾ കിട്ടുന്നില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട് ദുഃഖിക്കുന്ന നിങ്ങളോട് അനുശോചനം അറിയിക്കുന്നതോടൊപ്പം, ഈ വലിയ ദു;ഖത്തിൽ നിങ്ങളുടെ ഹൃദയങ്ങളോട് ചേർന്നു നിൽക്കുന്നു.’ – വിജയ് പറയുന്നു.

ആര് ആശ്വാസ വാക്കുകൾ പറഞ്ഞാലും നമ്മുടെ പ്രിയപ്പെട്ടവരുടെ നഷ്ടം താങ്ങാനാവാത്തതാണെന്നും ഒരു കുടുംബാം​ഗമെന്ന പോലെ മരിച്ചവരുടെ ബന്ധുക്കളോടൊപ്പം നിൽക്കുകയെന്നത് തന്റെ കടമയാണെന്നും വിജയ് പോസ്റ്റിൽ പറയുന്നുണ്ട്. പരിക്കുകളോടെ ഇപ്പോഴും ചികിത്സയിൽ തുടരുന്ന എല്ലാ പ്രിയപ്പെട്ടവരും പെട്ടന്നു തന്നെ സുഖം പ്രാപിച്ച് വീടുകളിലേക്ക് മടങ്ങി വരാൻ പ്രാർത്ഥിക്കുന്നുവെന്നും അവർക്കുള്ള എല്ലാ പിന്തുണയും തന്റെ പാർട്ടിയായ തമിഴക വെട്രി കഴകം ഉറപ്പാക്കുമെന്നും വിജയ് വ്യക്തമാക്കി.

Related Posts