India Lead News News

കരൂര്‍ അപകടം: ഡിഎംകെയെ നിശിതമായി വിമര്‍ശിക്കുമ്പോഴും വിജയിക്ക് തലോടല്‍, ബിജെപിയുടെ ഉള്ളിലിരിപ്പ് !

നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ് നടത്തിയ റാലിക്കിടെ തിക്കിലും തിരക്കിലും 41 പേര്‍ മരിച്ച സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാരിനെ ഉന്നമിട്ട് ബിജെപി. ഡിഎംകെ നേതൃത്വം നല്‍കുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണ് അപകടം ഉണ്ടായതെന്ന് ആവര്‍ത്തിക്കുന്ന ബിജെപി നടന്‍ വിജയിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും പരമാവധി സംരക്ഷിക്കാനും ശ്രമിക്കുന്നു.

ബിജെപി നേതാവ് കെ.അണ്ണാമലൈ ഡിഎംകെ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളാണ് അപകടം ഉണ്ടായ ദിവസം മുതല്‍ ഉന്നയിക്കുന്നത്. സംഭവത്തില്‍ സര്‍ക്കാരിനെതിരെ ജനവികാരം കൊണ്ടുവരികയും വിജയിയെ സംരക്ഷിക്കുകയുമാണ് തമിഴ്‌നാട് ബിജെപിയുടെ നയം.

അപകടത്തില്‍ ഇരകളായവരുടെ കുടുംബങ്ങളെ അണ്ണാമലൈ സന്ദര്‍ശിച്ചിരുന്നു. മാത്രമല്ല അനുരാഗ് താക്കൂര്‍, ഹേമ മാലിനി, തേജസ്വി സൂര്യ അടക്കമുള്ള ദേശീയ നേതാക്കളെ തമിഴ്‌നാട്ടില്‍ എത്തിക്കാനും അണ്ണാമലൈക്ക് സാധിച്ചു. ഇതിനു പിന്നാലെ അണ്ണാമലൈയെ പ്രകീര്‍ത്തിച്ച് നിരവധി സമൂഹമാധ്യമ പോസ്റ്റുകളും വരാന്‍ തുടങ്ങി. കരൂര്‍ അപകടത്തെ ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നു എന്ന ആരോപണത്തെ ശക്തിപ്പെടുത്തുകയാണ് ഇതെല്ലാം.

സുരക്ഷിതമായ വേദി ഒരുക്കുന്നതിലും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമെന്നാണ് അണ്ണാമലൈയുടെ ആരോപണം. ഡിഎംകെ പരിപാടിയാണെങ്കില്‍ ജില്ലയിലെ മുഴുവന്‍ പൊലീസിനെയും സര്‍ക്കാര്‍ വിന്യസിക്കുമായിരുന്നു. എന്നാല്‍ വിജയ് എതിര്‍പക്ഷത്ത് ആയതിനാല്‍ ആ പരിപാടിക്കു ആവശ്യമായ യാതൊരു സുരക്ഷയ്ക്കും ഒരുക്കിയില്ല. പ്രതിപക്ഷ പാര്‍ട്ടികളോടെല്ലാം ഡിഎംകെ സര്‍ക്കാരിന്റെ നിലപാട് സമാനമാണെന്നും അണ്ണാമലൈയും ബിജെപിയും നിശിതമായി വിമര്‍ശിക്കുന്നു.

ഇതിനിടെ വിജയിയെ സംരക്ഷിക്കാനും അണ്ണാമലൈ മറക്കുന്നില്ല. വിജയിയുടെ ഒരു പരിപാടിക്ക് ചിലപ്പോള്‍ പതിനായിരം പേരെയും അല്ലെങ്കില്‍ അരലക്ഷം പേരെയും പ്രതീക്ഷിക്കാം. ആളുകള്‍ കൂടുതല്‍ വരുന്നത് വിജയിയുടെ കുറ്റമല്ല. അതിനനുസരിച്ച് സജ്ജീകരണങ്ങള്‍ ഒരുക്കേണ്ടിയിരുന്നത് തമിഴ്‌നാട് പൊലീസ് ആണ്. അവര്‍ക്ക് പൂര്‍ണ വീഴ്ച പറ്റിയെന്നും അണ്ണാമലൈ പറഞ്ഞു.

അടുത്ത വര്‍ഷം തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അണ്ണാ ഡിഎംകെയുമായുള്ള ബിജെപി സഖ്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ ഡിഎംകെ വിരുദ്ധ വോട്ടുകള്‍ എങ്ങനെ ശേഖരിക്കാം എന്നാണ് ബിജെപി ആലോചിക്കുന്നത്. ഇതിനു വേണ്ടിയാണ് വിജയിയെ ബിജെപി പൂര്‍ണമായി പിന്തുണയ്ക്കുന്നത്. നിലവില്‍ ഡിഎംകെയുമായി അത്ര നല്ല ബന്ധത്തിലല്ല വിജയിയുടെ പാര്‍ട്ടി. ഈ സാഹചര്യം മുതലെടുത്ത് സംസ്ഥാനത്ത് ഒരു സഖ്യമുന്നണി രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ വരെ ബിജെപി നടത്തുന്നുണ്ട്. പുതിയ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വിജയിക്ക് സാധിക്കും. അതിനാല്‍ വിജയിയെ പൂര്‍ണമായി തള്ളുന്നത് ശരിയല്ലെന്ന നിലപാടിലാണ് തമിഴ്‌നാട് ബിജെപി.

Related Posts