Kerala Lead News News

ശസ്ത്രക്രിയ പിഴവ്: ശസ്ത്രക്രിയയ്ക്ക് മുമ്പ് പണം നൽകി; ഡോക്ടർക്കെതിരെ മൊഴി നൽകി സുമയ്യ

തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടയിൽ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ ഡോക്ടർക്കെതിരെ യുവതി മൊഴി നൽകി . കാട്ടക്കട മലയിൻകീഴ് സ്വദേശി സുമയ്യയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ പിഴവ് മൂലം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നത്. സുമയ്യയുടെ പ്രശ്നം ആരോ​ഗ്യവകുപ്പ് നിസ്സാരമായി കാണുകയാണെന്നു സുമയ്യയുടെ സഹോദരീ ഭർത്താവ് സബീർ ആരോപിച്ചു. നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നു സുമയ്യയുടെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.

ഡോ. രാജീവ് കുമാറിന് ശസ്ത്രക്രിയയ്ക്ക് മുമ്പ് പണം നൽകിയിരുന്നു. നെടുമങ്ങാട് പ്രൈവറ്റ് ക്ലിനിക്കിൽ പോയി കണ്ടു. ഒപിയിൽ മറ്റൊരു ഡോക്ടറെ കണ്ടപ്പോൾ നൽകിയ നിർദ്ദേശം അനുസരിച്ചാണ് നെടുമങ്ങാട് ക്ലിനിക്കിൽ പോയത്. ഡോക്ടറുടെ ഓഡിയോ ക്ലിപ്പ് പുറത്തുവന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും നടപടിയില്ലെന്നും ആരോഗ്യവകുപ്പിൽ നിന്ന് ആരും സംസാരിച്ചിട്ടില്ലെന്നും സബീർ വെളിപ്പെടുത്തി. സര്‍ജറിക്ക് മുമ്പായി ഡോക്ടര്‍ക്ക് നാലായിരം രൂപ നല്‍കി. ആദ്യം രണ്ടായിരവും പിന്നീട് രണ്ടായിരവുമാണ് നല്‍കിയത്. ഇതിന് ശേഷം ഓരോ തവണ കാണാന്‍ പോകുമ്പോഴും അഞ്ഞൂറ് രൂപ വീതം നല്‍കിയിരുന്നതായും സുമയ്യ പറഞ്ഞു.

അനസ്‌തേഷ്യ നല്‍കിയതിലും സുമയ്യ സംശയം പ്രകടിപ്പിച്ചു. ‘എന്റെ കൊച്ചിനെ തിരിച്ച് നല്‍കണം’ എന്ന് അനസ്‌തേഷ്യ ഡോക്ടറോട്, രാജീവ് ഡോക്ടര്‍ പറയുന്നത് കേട്ടതായി സുമയ്യ പറഞ്ഞു. സര്‍ജറിക്ക് ശേഷം രണ്ടാമത് ഓപ്പറേഷന്‍ തിയേറ്ററില്‍ കൊണ്ടുപോയപ്പോഴാണ് ഇത് പറഞ്ഞത്. തനിക്ക് സംസാരിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. അത് കേട്ടപ്പോള്‍ തനിക്ക് എന്തോ പ്രശ്‌നമുണ്ടെന്നാണ് കരുതിയതെന്നും സുമയ്യ പറഞ്ഞു. ശസ്ത്രക്രിയക്ക് ശേഷം ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ കാണിച്ചിരുന്നു. ആ സമയങ്ങളിലെല്ലാം 200, 500 രൂപ വീതം നല്‍കിയിരുന്നുവെന്നും സുമയ്യ പറഞ്ഞു

2023 മാർച്ച് 22 നാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സുമയ്യ ചികിത്സ തേടിയത്. തൈറോയ്ഡ് ഗ്രന്ഥി എടുത്തു കളയുന്ന ശസ്ത്രക്രിയ നടത്തിയത് ഡോ.രാജിവ് കുമാറാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം ഞരമ്പ് കിട്ടാതെ വന്നപ്പോൾ രക്തവും മരുന്നുകളും നൽകാനായി സെൻട്രൽ ലൈനിട്ടു. ഇതിന്റെ ഗൈഡ് വയറാണ് നെഞ്ചിൽ കുടുങ്ങികിടക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഇത് തിരികെ എടുക്കാത്തതാണ് ദുരിതത്തിലാക്കിയത് എന്നാണ് പരാതി.

ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യം മോശമായതിനെ തുടർന്ന് ശ്രീചിത്ര ആശുപത്രിയിലടക്കം സുമയ്യ ചികിത്സ തേടി. 2025 മാര്‍ച്ചില്‍ കഫക്കെട്ട് വന്നപ്പോള്‍ വീടിനടുത്തുള്ള ക്ലിനിക്കില്‍ പോയി. അവിടുത്തെ ഡോക്ടര്‍ പറഞ്ഞതനുസരിച്ച് എക്‌സറെ എടുത്തപ്പോഴാണ് നെഞ്ചില്‍ വയര്‍ കുടുങ്ങിയതെന്ന് വ്യക്തമായത്. എക്സ്റേ പരിശോധനയിൽ ട്യൂബ് ധമനികളോട് ഒട്ടിപ്പോയതായി കണ്ടെത്തി. ഇനി ശസ്ത്രക്രിയ നടത്തി ട്യൂബ് പുറത്തെടുക്കാനാകില്ലെന്നാണ് വിദഗ്ധ ഡോക്ടർമാർ അറിയിച്ചത്. ഗുരുതര പിഴവ് ഉണ്ടായതിൽ നീതി വേണമെന്നും വിദഗ്ധ ചികിത്സ നൽകണമെന്നുമാണ് സുമയ്യ ആവശ്യപ്പെടുന്നത്.

Related Posts