ന്യൂഡൽഹി: ആഗോള അയ്യപ്പ സംഗമം സർക്കാരിന്റെ ഇരട്ടത്താപ്പെന്ന് ശബരിമലക്ഷേത്രത്തിൽ പ്രവേശിച്ച ബിന്ദു അമ്മിണി. ശബരിമല കയറിയ സ്ത്രീകളെ സർക്കാർ ചേർത്ത് നിർത്തിയില്ല. സർക്കാരിന്റെ ലക്ഷ്യം മറ്റൊന്നാണ്. എന്‍റെ കേസുകളിൽ തെളിവ് നശിപ്പിച്ചു, തെളിവടങ്ങിയ സിഡി കോടതിയിലെത്തിച്ചത് ഒടിഞ്ഞ നിലയിലാണ്. സുരക്ഷയ്ക്ക് നിയോഗിച്ച പൊലീസിൽ നിന്നും പ്രശ്നങ്ങളുണ്ടായി. ഞാൻ അപേക്ഷിച്ചതിനാൽ 2024 ൽ ദാക്ഷായണി വേലായുധൻ അവാർഡ് നൽകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചെങ്കിലും അനുവാദം നൽകിയില്ല എന്നും ബിന്ദു അമ്മിണി പ്രാദേശിക മാധ്യമത്തോട് പ്രതികരിച്ചു.
അയപ്പ സംഗമത്തിൽ പങ്കെടുക്കാൻ താൽപര്യമറിയിച്ച് ബിന്ദു സര്‍ക്കാരിന് കത്തയച്ചിരുന്നു. എന്നാല്‍ കത്ത് അവഗണിച്ചെന്നാണ് ബിന്ദു പറയുന്നത്. ആഗോള അയ്യപ്പ ഭക്തരെ ഒരുമിച്ചെത്തിക്കുക എന്ന ലക്ഷ്യത്തിലാണ് അയ്യപ്പ സംഗമം നടത്തുന്നതെന്നാണ് സര്‍ക്കാരിന്‍റെ വാദം. സംഗമത്തില്‍ എത്തുന്നവര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കും. സംഗമത്തില്‍ 3000 പ്രതിനിധികൾ പങ്കെടുക്കും എന്നാണ് വിവരം.
2019 ജനുവരി ആദ്യവാരമാണ് ബിന്ദു അമ്മിണിയും കനകദുർഗ്ഗയും ശബരിമല നടയിൽ എത്തിയത്. മണ്ഡലകാലത്ത് പുരുഷന്മാരെപ്പോലെ സ്ത്രീകൾക്കും ശബരിമല കയറാം എന്ന സുപ്രീംകോടതി ഉത്തരവ് കനത്ത പ്രതിഷേധത്തിന് വഴിതെളിച്ചപ്പോൾ, അതിനിടയിലൂടെ ഈ രണ്ട് സ്ത്രീകൾ ശബരിമല കയറിയതായി പ്രഖ്യാപിച്ചിരുന്നു.ശബരിമല കയറിയതിന്റെ പേരിൽ ആക്രോശങ്ങൾ, അധിക്ഷേപങ്ങൾ, ആക്രമണങ്ങൾ ഇപ്പോഴും തുടരുകയാണെന്നു ബിന്ദു ആരോപിച്ചിരുന്നു.