കൊച്ചി: അച്ഛനെ കാത്തിരിക്കുന്ന മകനൊപ്പമുണ്ടായിരുന്നത് 26 നായ്ക്കൾ. മണിക്കൂറുകൾ പരിഭ്രാന്തിയോടെ കാത്തിരുന്ന മകൻ പിന്നീട് വിദേശത്ത് ജോലി ചെയ്യുന്ന തന്റെ അമ്മയെ വിളിച്ച് വിവരം പറയുകയായിരുന്നു. തൃപ്പൂണിത്തുറയിൽ സുധീഷ് എസ്. കുമാർ എന്ന യുവാവാണ് തന്റെ നാലാം ക്ലാസിൽ പഠിക്കുന്ന മകനെയും വീട്ടിൽ വളർത്തുന്ന 26 മുന്തിയ ഇനം നായ്ക്കളെയും എരൂർ അയ്യംപിള്ളിച്ചിറ റോഡിലെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. ജർമ്മനിയിൽ ജോലി ചെയ്യുന്ന അമ്മയെ വിളിച്ച് മകൻ കാര്യങ്ങൾ പറഞ്ഞതോടെ ഇവർ പോലീസിന്റെ സഹായം തേടി. അമ്മ ഉടൻ തന്നെ 112 അടിയന്തര നമ്പറിൽ വിളിച്ച് സഹായം അഭ്യർഥിച്ചു. പൊലീസെത്തി കുട്ടിയെ സുരക്ഷിതമായി അമ്മയുടെ മാതാപിതാക്കളുടെ പക്കൽ ഏൽപിച്ചു.
എന്നാൽ സുധീഷ് കുമാർ എവിടെയെന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല. അയാളെക്കുറിച്ച് പൊലീസിനും കുടുംബാംഗങ്ങൾക്കും വിവരങ്ങളൊന്നുമില്ല. കുടുംബ പ്രശ്നങ്ങളോ സാമ്പത്തിക ബുദ്ധിമുട്ടുകളോ കൊണ്ടാണോ ഇയാൾ വീടുവിട്ടതെന് അന്വേഷിക്കുകയാണ് അധികൃതർ. മകനെ പോലീസ് അമ്മയുടെ മാതാപിതാക്കളെ ഏൽപ്പിച്ചെങ്കിലും വീട്ടിൽ അവശേഷിച്ച നായ്ക്കൾക്ക് കഴിഞ്ഞ മൂന്നുദിവസമായി ഭക്ഷണവും വെള്ളമൊന്നും ഇല്ലായിരുന്നു. വിശന്നു വലഞ്ഞ നായ്ക്കളുടെ അവസ്ഥ കണ്ട് അയൽവാസികൾ കൗൺസിലറെ വിവരം അറിയിച്ചു. അദ്ദേഹം സൊസൈറ്റി ഫോർ ദ് പ്രിവൻഷൻ ഓഫ് ക്രുവെൽറ്റി ടു അനിമൽസ് (എസ്പിസിഎ) എന്ന സംഘടനയക്ക് വിവരം കൈമാറി. പ്രവർത്തകർ ഇടപെട്ട് നായ്ക്കളെ രക്ഷിക്കുകയായിരുന്നു.
നായ്ക്കളെ വളർത്തുന്നതിന് ചൊല്ലി സമീപവാസികളുമായി തർക്കം സ്ഥിരമാണെന്ന് പറയുന്നു.
ഉപേക്ഷിക്കപ്പെട്ട നായ്ക്കൾക്ക് 30,000 മുതൽ 50,000 രൂപ വരെ വില വരുന്ന മുന്തിയ ഇനങ്ങളായിരുന്നു. 3 മാസം മുമ്പ് സുധീഷ് വീടുവാടകയ്ക്ക് എടുത്തപ്പോൾ തന്നെ നായ്ക്കളെയും ഒപ്പം കൊണ്ടുവന്നിരുന്നു.എന്നാൽ ഇവയുടെ ശല്യം കാരണം നാട്ടുകാർ പലവട്ടം പരാതിയും നൽകിയിരുന്നു. നഗരസഭ ഇതിൽ ഔദ്യോഗിക നോട്ടിസ് സുധീഷിന് നൽകിയിരുന്നു. നായ്ക്കളെ ഉപേക്ഷിച്ച് പോകുന്നത് ക്രൂരതയാണെന്ന് ചൂണ്ടിക്കാട്ടി എസ്പിസിഎ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു. ജീവികളെ സംരക്ഷിക്കാനുള്ള നിയമങ്ങൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യാനുള്ള നീക്കമാണ് സംഘടന നടത്തുന്നത്.