Kerala Lead News News

സിപിഎമ്മും ബിജെപിയും സൂക്ഷിക്കണം; ഞെട്ടിക്കുന്ന വാർത്ത വരുമെന്ന് വീണ്ടും സതീശൻ

കൊച്ചി: ഞെട്ടിപ്പിക്കുന്ന വാർത്ത വരുമെന്ന മുന്നറിയിപ്പുമായി വീണ്ടും വി ഡി സതീശൻ. സിപിഎമ്മും ബിജെപിയും സൂക്ഷിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസം ആയി മുന്നറിയിപ്പ് തുടരുന്നുണ്ടെങ്കിലും എന്താണ് സംഭവം എന്നും ആരെയാണെന്ന് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി തന്നെ നേരിടാനാണ് ഏറെ സമയവും ഉപയോഗപ്പെടുത്തിയത്. തന്നോടുള്ള മുഖ്യമന്ത്രിയുടെ ഉപദേശത്തിന് നന്ദിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഒരു വിരൽ എന്റെ നേർക്ക് നീട്ടുമ്പോൾ ബാക്കി 4 വിരലും മുഖ്യമന്ത്രിക്ക് നേരെയാണ്. രാഹുൽ വിഷയത്തിൽ ഒരു പാർട്ടിക്ക് എടുക്കാൻ പറ്റുന്ന എല്ലാ നടപടിയും രാഹുലിനെതിരെ എടുത്തു. ലൈംഗിക ആരോപണങ്ങളിൽ ഉൾപ്പെട്ട രണ്ട് പേർ മന്ത്രിമാരായി മന്ത്രിസഭയിലുണ്ട്.
മുഖ്യമന്ത്രിയുടെ സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറി വൈകിട്ട് എവിടെയാണ് പോയിരുന്നത് ? മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഏർപ്പാട് മുഴുവൻ.

സിപിഎമ്മിലെ ഏറ്റവും ഉന്നത നേതാവ് സംരക്ഷിക്കപ്പെട്ട് മുഖ്യമന്ത്രിയുടെ കൂടെയുണ്ട്. പാർട്ടി കോടതിയാണ് ആ കേസ് അന്വേഷിച്ചത്. ഇപ്പോൾ നിയമസഭയിൽ കൈപൊക്കുന്ന ഒരു എംഎൽഎ പീഡനക്കേസിലെ പ്രതിയാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള കേസ് എന്നാണ് പാർട്ടി സെക്രട്ടറി പറഞ്ഞത്. ലൈംഗിക ആരോപണം ഉയർന്നവരെ സംരക്ഷിച്ച ഇതുപോലെ ഒരു നേതാവ് വേറെ ഉണ്ടാകില്ല. മുഖ്യമന്ത്രി ഞങ്ങളെ പഠിപ്പിക്കാൻ വരണ്ട. ഒന്ന് പോയി കണ്ണാടി നോക്കിയാൽ മതിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ അയ്യപ്പ ഭക്തി കണ്ടപ്പോൾ എനിക്കും അയ്യപ്പഭക്തി കൂടിയെന്ന് സതീശൻ പരിഹസിച്ചു. സംഘപരിവാറിനെ താലോലിക്കാനും ഭൂരിപക്ഷ വർഗീയതയെ വളർത്തിയെടുക്കാനുമുള്ള നയമാണിത്. 2018 ലെ സംഭവ വികാസങ്ങൾ ആർക്കും മറക്കാൻ കഴിയില്ലല്ലോയെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

Related Posts