India Lead News News

50 ശതമാനം തീരുവ: ഇന്ത്യക്കെതിരെ നോട്ടീസിറക്കി അമേരിക്ക; നിലപാടിൽ ഉറച്ച് ഇന്ത്യ

വാഷിംഗ്ടൺ: ഇന്ത്യക്കെതിരെ 50 ശതമാനം തീരുവ നടപടിയിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഇന്ത്യയെ പരാമർശിച്ച് അമേരിക്ക നോട്ടീസ് പുറത്തിറക്കി. യു എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വകുപ്പാണ് നോട്ടീസ് പുറത്തിറക്കിയത്. ഇന്ത്യയിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ ബുധനാഴ്ച അർധരാത്രി (ഇന്ത്യൻ സമയം വ്യാഴാഴ്ച രാവിലെ 9:30) പ്രാബല്യത്തിൽ വരുമെന്നാണ് നോട്ടീസിൽ പറയുന്നത്.

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനത്തിൽ നിന്ന് 50 ശതമാനമായി തീരുവ ഇരട്ടിയാക്കാനുള്ള പദ്ധതികൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ മാസം ആദ്യം പ്രഖ്യാപിക്കുകയും നടപ്പാക്കാനുള്ള സമയപരിധി ഓഗസ്റ്റ് 27 ആയി നിശ്ചയിക്കുകയും ചെയ്തിരുന്നു. അതേസമയം ഇന്ത്യ നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിറുത്തില്ലെന്ന് ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ വിലയ്ക്ക് കിട്ടുന്നത് കൊണ്ടാണ് റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് എന്ന് റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാർ വ്യക്തമാക്കി.

റഷ്യ – യുക്രൈൻ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലും ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ തീരുവ നടപടിയെന്ന് അമേരിക്ക പുറത്തിറക്കിയ നോട്ടീസ് വ്യക്തമാക്കിയിട്ടുണ്ട്. ഈ തീരുവ വർധനയ്ക്ക് പ്രതികാരമായി യു എസ് ഉൽപ്പന്നങ്ങൾക്ക് മേൽ പ്രതികാര തീരുവകൾ ഏർപ്പെടുത്തുന്നത് ഇന്ത്യ പരിഗണിക്കുന്നതായി വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു. ഇതിനിടെ ട്രംപ് ഭരണകൂടത്തെ സ്വാധീനിച്ച് അധിക തീരുവ പിൻവലിപ്പിക്കാൻ ഇന്ത്യ, വാഷിംഗ്ടണിൽ രണ്ട് സ്വകാര്യ കമ്പനികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അതേസമയം അധിക വ്യാപാര തീരുവയുമായി മുന്നോട്ട് പോകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരിക്കെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിയ്ക്ക് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുകയാണ് ചൈന. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം ഇരുപതിലധികം ലോക നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ ചൈനയിലെ വടക്കൻ തുറമുഖ നഗരമായ ടിയാൻജിനിലാണ് എസ്‌സിഒ‌ ഉച്ചകോടി നടക്കുക.

Related Posts