Kerala Lead News News

അയ്യപ്പ സംഗമത്തിൽ സ്റ്റാലിനില്ല; കാരണം ബിജെപിയോ?

പത്തനംതിട്ട: ശബരിമലയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പങ്കെടുക്കില്ല എന്നുറപ്പായി. മുൻകൂട്ടി തീരുമാനിച്ച പരിപാടി ഉണ്ടായതിനാലാണ് അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ കഴിയാത്തതെന്നാണ് തമിഴ്നാട് സർക്കാർ അറിയിച്ചിരിക്കുന്നത്. തന്റെ അഭാവത്തിൽ രണ്ട് മന്ത്രിമാരെ നിയോഗിച്ചതായും സ്റ്റാലിൻ അറിയിച്ചു. ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ സ്റ്റാലിനെ ചെന്നൈയിലെത്തി നേരിട്ട് ക്ഷണിച്ചിട്ടും അവസാനനിമിഷം സ്റ്റാലിൻ പിന്മാറിയതിനു കാരണം ബി ജെ പിയുടെ ഭീഷണിയെന്ന് ആക്ഷേപം.

ഭക്തരോടും ശബരിമലയോടും ആദരവുമുണ്ടെങ്കിൽ ശബരിമല സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിൻവലിച്ച്​ പിണറായി വിജയൻ മാപ്പപേക്ഷിക്കണമെന്നും എന്നിട്ട് അയ്യപ്പ സംഗമം നടത്തിയാൽ മതിയെന്നും ബിജെപി ആരോപിച്ചിരുന്നു. ഇപ്പോൾ അയ്യപ്പ സംഗമം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണെന്നാണ് ബി ജെ പിയുടെ വിലയിരുത്തൽ. തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ സിപിഎം സർക്കാർ ‘അയ്യപ്പ സംഗമം’ ആഘോഷിക്കുന്നത് ഒരു നാടകവും “ജനങ്ങളെ വിഡ്ഢികളാക്കാനുള്ള” കുതന്ത്രത്തിന്‍റെ ഭാഗവുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു.

അയ്യപ്പഭക്തർക്കെതിരെ കേസെടുത്ത് ജയിലടച്ചതിന് പിണറായി വിജയൻ സർക്കാർ മാപ്പ് പറയണം. സ്റ്റാലിനും മകൻ ഉദയനിധിയും കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അവർ ഹിന്ദുക്കളോട് മാപ്പ് പറഞ്ഞേ മതിയാവൂ. ഇതൊന്നും ചെയ്യാതെ, സ്റ്റാലിനോ പിണറായിയോ ശബരിമല ഭക്തരെയോ അവരുടെ വിശ്വാസത്തെയോ ദുരുപയോഗം ചെയ്യാനും ഈ പരിപാടിയിൽ പങ്കെടുക്കാനും ശ്രമിച്ചാൽ, ബിജെപിയുടെ ഓരോ പ്രവർത്തകനും ഇതിനെതിരെ തെരുവിലിറങ്ങുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ലോക കേരള സഭ പോലെ തന്നെയുള്ള മറ്റൊരു തട്ടിപ്പാണ് ആഗോള അയ്യപ്പ സംഗമം എന്നും ബിജെപി കുറ്റപ്പെടുത്തി. ദൈവവിശ്വാസം ഇല്ലെന്നും സനാതന മൂല്യങ്ങൾ എന്നത് സത്യമല്ലെന്നും പ്രഖ്യാപിച്ചവരാണ് പരിപാടിയിൽ പങ്കെടുക്കാനെത്തുന്നത്. ഹിന്ദു വിശ്വാസത്തെ പരസ്യമായി അവഹേളിച്ച നേതാക്കളാണ് തമിഴ്നാട് മുഖ്യമന്ത്രിയും , ഉപ മുഖ്യമന്ത്രിയും. അതുകൊണ്ടുതന്നെ ഇവരെ ക്ഷണിച്ച സർക്കാർ തീരുമാനം ശബരിമലയെ തകർക്കാനുള്ള തീരുമാനത്തിന്റെ ആവർത്തനമാണ്. വിശ്വാസികളോട് പരസ്യമായി മാപ്പ് ചോദിച്ചില്ലെങ്കിൽ പിണറായി വിജയനെയും സ്റ്റാലിനെയും ഉദയനിധി സ്റ്റാലിനെയും തടയുമെന്നാണ് ബിജെപിയുടെ പ്രഖ്യാപനം. ബി ജെ പിയുടെ വെല്ലിവിളിക്ക് പിന്നാലെ അയ്യപ്പ സംഗമത്തിൽ പങ്കെടുക്കേണ്ട എന്ന സ്റ്റാലിന്റെ നിലപാട് രാഷ്ട്രീയമായി കാണേണ്ടതുണ്ടോ എന്നാണ് ഇനി അറിയേണ്ടത്.

Related Posts