Homepage Featured Opinion

പാലാ പിടിക്കാൻ എൽഡിഎഫിൽ നിന്ന് നിഷ ജോസ് കെ മാണി?; ആര് മത്സരിച്ചാലും തനിക്ക് കുഴപ്പം ഇല്ലെന്ന് മാണി സി കാപ്പൻ

പാലാ: കേരള കോൺഗ്രസ് എമ്മിന്റെ ഭാവി തന്നെ നിശ്ചയിക്കുന്ന പാലായിലെ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മണ്ഡലം പിടിക്കാൻ എൽഡിഎഫിൽ നിന്ന് നിഷ ജോസ് കെ മാണി എത്തുമെന്ന് റിപ്പോർട്ട്. നേരത്തേ റോഷി അ​ഗസ്റ്റിൻ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുമെന്നും പിന്നീട് ജോസ് കെ മാണി തന്നെ മണ്ഡലത്തിൽ എത്തുമെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ മണ്ഡലത്തിലെ വിവിധ പരിപാടികളിൽ ജോസ് കെ മാണിയുടെ ഭാര്യയായ നിഷ ജോസ് കെ മാണിയാണ് ഇപ്പോൾ സജീവമാകുന്നത്.

മണ്ഡലത്തിലെ സാമുദായിക ചടങ്ങുകളിലും വികസന പരിപാടികളിലും നിഷ നിറ സാന്നിധ്യമാണ്. പുലിയന്നൂർ ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെ കുട്ടികളോടൊത്ത് നൃത്തം ചെയ്ത നിഷ ജോസ് കെ മാണിയുടെ വീഡിയോ വൈറലായിരുന്നു. എന്നാൽ ജോസിന്റെ കയ്യിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങി “പാലായിൽ ജോസ് കെ മാണി തന്നെ മത്സരിക്കും, അതിലെന്ത് സംശയം?” എന്ന് റോഷി അ​ഗസ്റ്റിൻ ചോദിച്ചത് അണികളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. നിഷ ജോസ് കെ മാണി മണ്ഡലത്തിൽ ജയിക്കുന്നത് തന്റെ പാർട്ടിയിലെ മേൽക്കൈ നഷ്ടപ്പെടുത്തുമെന്ന റോഷി അ​ഗസ്റ്റിന്റെ ഭയമാണ് ഇതിന് കാരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

പാലാ നിയോജകമണ്ഡലത്തിൽ ആര് മത്സരിച്ചാലും തനിക്ക് കുഴപ്പമില്ലെന്നാണ് നിലവിലെ എംഎൽഎയായ മാണി സി കാപ്പൻ പറയുന്നത്. 2021 ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ കേരളാ കോൺ​ഗ്രസ് എം നേതാവ് ജോസ് കെ മാണിയെ പരാജയപ്പെടുത്തിയാണ് മാണി സി കാപ്പൻ പാലായിൽ എംഎൽഎ ആയത്. 1965 മുതൽ കെഎം മാണിയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. എന്നാൽ 2019 ൽ കെഎം മാണിയുടെ മരണത്തിനുശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിക്കുകയായിരുന്നു. യുഡിഎഫിനൊപ്പം നിന്നിരുന്ന കേരളാ കോൺ​ഗ്രസ് (എം) സ്ഥാനാർത്ഥി ജോസ് ടോം പുളിക്കുന്നേൽ ആയിരുന്നു 2019 ലെ ഉപതെരഞ്ഞെടുപ്പിൽ മാണി സി കാപ്പന്റെ പ്രധാന എതിരാളി.

2021 ൽ യുഡിഎഫ് വിട്ട് എൽഡിഎഫിൽ എത്തിയ ജോസ് കെ മാണിയുടെ കേരള കോൺ​ഗ്രസ് എമ്മിന് പാലാ സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് എൻസിപി വിട്ട മാണി സി കാപ്പൻ കേരള ഡെമോക്രാറ്റിക് പാർട്ടി എന്ന പുതിയ പാർട്ടി രൂപീകരിച്ചായിരുന്നു തെരഞ്ഞെടുപ്പിനെ നേരിട്ടത്. തെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു. എന്നാൽ ഇത്തവണ പാലായിൽ നിഷ ജോസ് കെ മാണി മത്സരിക്കുകയാണെങ്കിൽ അത് മാണി സി കാപ്പന്റെ വിജയസാധ്യതയെ ബാധിക്കുമെന്ന് സൂചനയുണ്ട്. അതേസമയം നിഷ ജോസ് കെ മാണിയുടെ സ്ഥാനാർത്ഥിത്വം കേരള കോൺ​ഗ്രസ് എം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Related Posts