ചെന്നൈ: കരൂർ സംഭവത്തിൽ പ്രതികരിച്ച് നടനും ടിവികെ നേതാവുമായ വിജയ്. സംഭവത്തിനു ശേഷം ദിവസങ്ങൾക്കു ശേഷമാണ് വിജയുടെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. കരൂരിലേത് ജീവിതത്തിലെ ഏറ്റവും വലിയ വേദനയുണ്ടാക്കുന്ന സംഭവമാണെന്നായിരുന്നു വിജയുടെ പ്രതികരണം. എന്നാൽ സംഭവത്തിൽ ചില സംശയങ്ങളുള്ളതായും വിജയ് പറയുന്നു. വീഡിയോ സന്ദേശമായാണ് വിജയുടെ വാക്കുകൾ പുറത്തു വന്നിരിക്കുന്നത്.
“കരൂരിലുണ്ടായത് ജീവിതത്തിലെ ഏറ്റവും വേദനാജനകമായ സംഭവമാണ്. മനസ്സ് മുഴുവൻ വേദന മാത്രം. മറ്റേതൊരു വിഷയത്തിനുമപ്പുറം ജനങ്ങളുടെ ജീവനു പ്രാധാന്യം നൽകുന്നു. തന്റെ ഒരു വാക്കുകളും നഷ്ടത്തിനു പരിഹാരമാകില്ലെന്നറിയാം. നടക്കാൻ പാടില്ലാത്തത് നടന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നവർ എത്രയും വേഗം സുഖം പ്രാപിച്ച് വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു”- വിജയ് പറഞ്ഞു.
എന്നാൽ കരൂരിൽ മാത്രം ഇതെങ്ങിനെ സംഭവിച്ചുവെന്ന് വിജയ് സംശയം പ്രകടിപ്പിച്ചു. 5 ജില്ലകളിൽ ഈ പരിപാടി നടന്നു. നാലിടത്ത് നടക്കാത്തത് അഞ്ചാമത്തെ സ്ഥലത്ത് എങ്ങനെ നടന്നുവെന്നും വിജയ് ചോദിക്കുന്നു. വീഡിയോ സന്ദേശത്തിലൂടെയാണ് വിജയ് പ്രതികരിച്ചത്. “തമിഴ്നാട് മുഖ്യമന്ത്രിക്ക് എന്തെങ്കിലും നടപടി വിഷയത്തിൽ ആവശ്യമെങ്കിൽ തനിക്കെതിരെ ആകാം തന്റെ പാർട്ടിക്കാരെ വെറുതേ വിടൂ” – വിജയ് പ്രതികരിച്ചു. കരൂർ സംഭവത്തിൽ ടിവികെ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. നാലര മിനുട്ട് ദൈർഘ്യമുള്ള വീഡിയോയിലൂടെയാണ് വിജയ് പ്രതികരിച്ചത്.
കരൂർ സംഭവത്തിനു ശേഷം ആദ്യമായാണ് വിജയ് പ്രതികരിച്ചത്. 41 പേർക്ക് ജീവൻ നഷ്ടപ്പെട്ട കരൂർ ദുരന്തത്തിനു ശേഷം എക്സിലൂടെയുള്ള പോസ്റ്റും ധനസഹായ പ്രഖ്യാപനവും മാത്രമാണ് ഇതിനു മുൻപ് വിജയുടേതായി പുറത്തു വന്നിരുന്നത്. ഏതു തരത്തിലുള്ള നടപടിക്കുമായി താൻ ഓഫീസിലോ വീട്ടിലോ തന്നെ കാണുമെന്നും വിജയ് പങ്കുവെച്ച വീഡിയോയിൽ കൂട്ടിച്ചേർക്കുന്നുണ്ട്.
















