Homepage Featured India News

തമിഴ്നാട്ടിലും വേണം ജെൻസി വിപ്ലവം: ടിവികെയുടെ മുതിർന്ന നേതാവ്; നിലപാട് തള്ളി പാർട്ടി

ചെന്നൈ: നേപ്പാളിലേതിന് സമാനമായ ജെൻസി വിപ്ലവം തമിഴ്നാട്ടിലും വേണമെന്ന് നടൻ വിജയ് നേതൃത്വം നൽകുന്ന പാർട്ടിയായ ടിവികെയുടെ മുതിർന്ന നേതാവ്. തമിഴക വെട്രി കഴകത്തിന്റെ നേതാവായ ആധവ് അർജുനയാണ് എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെ വിപ്ലവ ആഹ്വാനം നടത്തിയത്. എന്നാൽ വിപ്‌ളവവുമായോ പോസ്റ്റിലെ പരാമര്‍ശങ്ങളുമായോ ടിവികെയ്ക്ക് ബന്ധമില്ലെന്നും അക്രമത്തിന് ജനങ്ങളെ പ്രേരിപ്പിക്കില്ലെന്നും ടിവികെ വ്യക്തമാക്കി.

എക്സിൽ നിന്ന് പിന്നീട് ആധവ് അർജുന പോസ്റ്റ് നീക്കം ചെയ്തു. എന്നാൽ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടുകൾ ഇപ്പോഴും വ്യാപകമായാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഡ്രാവിഡ മുന്നേറ്റ കഴകത്തിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെയാണ് പ്രക്ഷോഭത്തിന് ആഹ്വാനം നൽകിയത്. തമിഴിലുള്ള പോസ്റ്റാണ് ഇതിനായി പ്രചരിപ്പിച്ചത്.

കരൂരിൽ നടന്ന ദുരന്തത്തിൽ പാർട്ടിക്കിടെ പ്രതിഷേധം കനക്കുന്നതിനിടെ ജനങ്ങളെ തെരുവിലിറക്കുന്നതിനുള്ള പുതിയ ആഹ്വാനവുമായി മുതിർന്ന നേതാവ് രം​ഗത്തെത്തിയത് വ്യാപക പ്രതിഷേധങ്ങൾക്കാണ് തിരി കൊളുത്തിയത്. പോസ്റ്റ് അക്രമത്തിന് വഴിയൊരുക്കുന്നതാണെന്നും നിരുത്തരവാദപരമായ പരാമർശങ്ങളാണ് അർജുന നടത്തിയതെന്നും ഡിഎംകെ നേതാവും ലോക്സഭാ എംപിയുമായ കനിമൊഴി കുറ്റപ്പെടുത്തി.

അനുമതിയില്ലാതെയാണ് റോഡ്‍ ഷോ നടത്തിയതെന്നും ജനക്കൂട്ടത്തെ ആകർഷിക്കാനും പാർട്ടിയുടെ ശക്തി പ്രകടിപ്പിക്കാനുമായിരുന്നു അനുമതിയില്ലാതെ കരൂരിൽ റോഡ് ഷോ നടത്തിയതെന്നും ടിവികെയ്ക്കെതിരെയുള്ള എഫ്ഐആറിൽ പൊലീസ് വ്യക്തമാക്കിയിരുന്നു. അനുമതി ഇല്ലാതെ റോഡിൽ വാഹനം നിർത്തി സ്വീകരണം ഏറ്റുവാങ്ങിയെന്നും ടിവികെ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും അനുസരിച്ചില്ലെന്നും എഫ്ഐആറിലുണ്ട്. 41 പേരായിരുന്നു തിക്കിലും തിരക്കിലും പെട്ട് കരൂരിൽ മരിച്ചത്. അമ്പതിലേറെ പേർക്ക് ​ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. സംഭവത്തിന് ശേഷം 48 മണിക്കൂർ തികയുന്നതിനിടെയാണ് അർജുന ജനങ്ങളെ പ്രക്ഷോഭത്തിലേക്ക് നയിക്കുന്ന ആഹ്വാനം നടത്തിയത്.

‘’ യുവജനങ്ങള്‍ നയിക്കുന്ന വിപ്ലവം മാത്രമാണ് ഏകപരിഹാരം. ശ്രീലങ്കയിലും നേപ്പാളിലും ‘ജെന്‍ സീ ‘ തലമുറ ഭരണകൂടത്തിനെതിരെ വിപ്ലവം നടത്തി. ഇവിടെയും യുവാക്കൾ വിപ്ലവത്തിന് തയ്യാറാകും. അത് ഭരണമാറ്റത്തിന് കാരണമാകും. ഒരു ദുഷ്ടനായ ഭരണാധികാരിക്കു കീഴിൽ നിയമങ്ങൾ വരെ ദുഷിച്ചതാകും. വെറുതേ റോഡിലൂടെ നടന്നതിന് പൊലീസ് ജനങ്ങളെ മർദ്ദിക്കുകയും സോഷ്യൽ മീഡിയയിൽ അഭിപ്രായം പങ്കുവെച്ചതിന് അവരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. ‘’ അർജുനയുടെ പോസ്റ്റിൽ പറയുന്നു.

കരൂരിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദർശിക്കാൻ സംസ്ഥാനസർക്കാർ വിജയ്ക്ക് അനുമതി നൽകുന്നില്ലെന്നും അതിനുള്ളസമ്മർദ്ദം ചെലുത്തണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതും ആധവ് അർജുനയായിരുന്നു. കരൂർ സംഭവത്തിൽ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐ അന്വേഷണവും അർജുന ആവശ്യപ്പെട്ടിരുന്നു.

Related Posts