പട്ന: ബിഹാറിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനുശേഷം ചൊവ്വാഴ്ച്ച വോട്ടർ പട്ടിക പുറത്തിറക്കിയപ്പോൾ 68.5 ലക്ഷം പേർ പട്ടികയ്ക്ക് പുറത്തായി. മൂന്നു മാസം മുമ്പ് 7.89 കോടിയായിരുന്ന വോട്ടർമാരുടെ എണ്ണം എസ്ഐആറിനു ശേഷം 7.42 കോടിയായാണ് കുറഞ്ഞത്. എസ്ഐആറിനെ പൗരത്വ രജിസ്റ്ററിന്റെ ഒളിച്ചു കടത്തലായിലായി പ്രതിപക്ഷ പാർട്ടികൾ വിമർശിക്കുന്നതിനിടെയാണ് ബിഹാറിൽ എസ്ഐആർ പൂർത്തിയാക്കിയ ശേഷം സർക്കാർ തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്.
അതേസമയം 21.53 ലക്ഷം പേരെയാണ് പുതുതായി വോട്ടർ പട്ടികയിൽ ചേർത്തിരിക്കുന്നത്. ഇങ്ങനെയാണ് പുറത്തുവന്ന അവസാന പട്ടികയിൽ ആകെ 7.42 കോടി പേർ ഇടംപിടിച്ചത്. നവംബർ മാസം ബിഹാറിൽ നിയമസഭാ തെരഞ്ഞടുപ്പും വരാനിരിക്കുന്നുണ്ട്. ഇതിലും ഈ പട്ടികയാവും ഉപയോഗിക്കുക. 2003 ലാണ് ഇതിനു മുമ്പ് അവസാനമായി വോട്ടർ പട്ടിക പരിഷ്കരണം നടന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്കരണം നടപ്പാക്കിയത്. ഇതോടെ അതിനു ശേഷം വോട്ടർ പട്ടികയിൽ പേരു ചേർത്തവർക്ക് വീണ്ടും രെജിസ്റ്റർ ചെയ്യേണ്ടിവന്നിരുന്നു. പൗരത്വ രേഖകളടക്കം പരിശോധിച്ചാണ് വോട്ടർ പട്ടിക തയ്യാറാക്കിയത്.
ഓഗസ്റ്റ് 1 നു പുറത്തുവന്ന കരട് വോട്ടർ പട്ടികയിൽ 65 ലക്ഷം പേരെയായിരുന്നു നീക്കിയിരുന്നത്. മരിച്ചതോ സ്ഥിരമായി താമസം മാറിയവരോ ഒന്നിലധികം സ്ഥലത്ത് പേരു ചേർത്തവരോ കാണാതായവരോ ആണ് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടത്. ഇതിനുശേഷവും പട്ടികയിൽ ആളുകളെ ചേർക്കുകയോ ഒഴിവാക്കുകയോ ചെയ്തശേഷമാണ് 7.24 ലക്ഷം പേരെ ഉൾപ്പെടുത്തി പട്ടിക പുറത്തിറക്കിയത്. പിഴവുകളില്ലാത്ത തെരഞ്ഞെടുപ്പിനായാണ് തീവ്ര വോട്ടർ പട്ടിക പരിഷ്കരണമെന്നാണ് ഇലക്ഷൻ കമ്മീഷന്റെ വാദം.
ഇലക്ഷൻ കമ്മീഷന്റെ ഉത്തരവു പ്രകാരം വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ 1987 ജൂൺ 1 നു മുമ്പ് ജനിച്ചവർ ജനനം തെളിയിക്കുന്ന രേഖകൾ നൽകണം. 1987 ജൂൺ ഒന്നിനും 2004 ഡിസംബർ 2 നും ഇടയിൽ ജനിച്ചവർക്ക് സ്വന്തം രേഖകളോടൊപ്പം രക്ഷിതാക്കളിൽ ഒരാളുടെ രേഖകൾ കൂടി ഹാജരാക്കേണ്ടിവരും. ഇതിനുശേഷം ജനിച്ചവർ സ്വന്തം രേഖകളും മാതാപിതാക്കളുടെ രേഖകളുമാകും നൽകേണ്ടിവരിക. 1955 ലെ പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്.
















