ഡൽഹി: 2008 ൽ നടന്ന മുംബൈ ഭീകരാക്രമണത്തിനു തിരിച്ചടി നൽകണമെന്ന് മനസ്സിൽ തോന്നിയിരുന്നെങ്കിലും അന്ന് രാജ്യാന്തര തലത്തിലുള്ള സമ്മർദ്ദമാണ് സൈനിക നടപടിയിലേക്ക് പോകാതിരിക്കാൻ കാരണമെന്ന് പി ചിദംബരം വെളിപ്പെടുത്തി. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ചിദംബരത്തിന്റെ പ്രതികരണം. അന്ന് ദയവായി പ്രതികരിക്കരുതെന്ന് പറയാൻ ലോകം മുഴുവൻ ഡൽഹിയിലേക്ക് ഒഴുകിയെത്തിയതായും ചിദംബരം പറയുന്നു.
സാധ്യമായ തിരിച്ചടികളെക്കുറിച്ച് പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയതായി ചിദംബരം പറയുന്നു. അന്നത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കോണ്ടലീസ റൈസ് തന്നെയും പ്രധാനമന്ത്രിയെയും സമീപിച്ച് പ്രതികരിക്കരുതെന്ന് പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി. രാജ്യാന്തര തലത്തിലുണ്ടായ സമ്മർദ്ദത്തോടൊപ്പം ഐഎഫ്എസിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും നിലപാട് കൊണ്ടാണ് അന്ന് പ്രതികരിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
താൻ ചുമതലയേറ്റതിനു ശേഷം രണ്ടു മൂന്നു ദിവസങ്ങൾക്കുള്ളിൽ കോണ്ടലീസ റൈസ് തന്നെയും പ്രധാനമന്ത്രിയേയും കാണാൻ പറന്നെത്തിയിരുന്നു എന്നാണ് ചിദംബരം പറയുന്നത്. 2008 ൽ മുംബൈ ഭീകരാക്രമണത്തിനു ശേഷം സംഭവത്തിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് അന്നത്തെ ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീൽ രാജി വെച്ചു. തുടർന്ന് പി ചിദംബരം ചുമതലയേറ്റെടുക്കുകയായിരുന്നു. ആക്രമണത്തിൽ പങ്കെടുത്ത ഭീകരരെ സൈന്യം വധിച്ചിരുന്നു. അവശേഷിച്ച ഭീകരൻ അജ്മൽ കസബിനെ 2012 ലാണ് തൂക്കിലേറ്റിയത്.
2008 നവംബർ 26 ന് 10 പാക്കിസ്ഥാൻ ഭീകരരായിരുന്നു ആക്രമണം നടത്തിയത്. 175 പേർക്കാണ് അന്ന് ജീവൻ നഷ്ടമായത്. മുംബെയിലെ താജ്മഹൽ പാലസ്, ഛത്രപതി ശിവജി ടെർമിനസ്, ലിയോപോൾഡ് കഫേ, കാമ ഹോസ്പിറ്റൽ, ഒബ്രോയ് ട്രൈഡൻഡ്, നരിമാൻ ഹൗസ്, നഗരത്തിലെ പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്നത്തെ ആക്രമണം.
















