Homepage Featured News World

ട്രംപ് – ഷെരീഫ് കൂടിക്കാഴ്ച; ധാതു നിക്ഷേപങ്ങൾ യുഎസിനു മുന്നിൽ തുറന്ന് പാക്കിസ്ഥാൻ

വാഷിങ്ടൺ: പാക്കിസ്ഥാന്റെ ധാതുനിക്ഷേപങ്ങൾ അമേരിക്കയ്ക്കു മുന്നിൽ തുറന്നു കൊടുക്കാനുള്ള ചർച്ചകൾ പുരോ​ഗമിക്കുന്നു. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈറ്റ് ഹൗസിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് ചർച്ചകൾ നടന്നത്. പാക്കിസ്ഥാൻ സൈനിക മേധാവി അസീം മുനീറും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയും ഈ ചർച്ചയിൽ പങ്കെടുത്തു. വൈറ്റ്ഹൗസിൽ വെച്ച് നടന്ന കൂടിക്കാഴ്ച്ചയിൽ ട്രംപിന് ഭൗമ വസ്തുക്കളടങ്ങുന്ന മരത്തിൽ നിർമ്മിച്ച പെട്ടിയാണ് ഷെഹബാസ് ഷെരീഫ് സമ്മാനമായി നൽകിയത്.

പാക്കിസ്ഥാനിലെ കൃഷി, ഐടി, ഖനി, ധാതുമേഖല, ഊർജം തുടങ്ങിയവയിൽ നിക്ഷേപത്തിനായി യുഎസ് കമ്പനികളെ പാക്കിസ്ഥാൻ പ്രസിഡന്റ് ക്ഷണിച്ചിരുന്നു. പാക്കിസ്ഥാനിലെ ഏറ്റവും വലിയ ഖനന കമ്പനിയായ ഫ്രോണ്ടിയർ വർക്സ് ഓർഗനൈസേഷൻ യുഎസ് കമ്പനിയുമായി ഇതുസംബന്ധിച്ച് ധാരണയിലായിട്ടുണ്ട്. പാക്കിസ്ഥാന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പാക്കിസ്ഥാനിലെ ഭൂരിഭാ​ഗം ധാതു ശേഖരവും തെക്ക് പടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലാണ്. പാക്കിസ്ഥാന് ദശലക്ഷക്കണക്കിന് ഡോളറിന്റെ നിക്ഷേപമുണ്ടെന്നാണ് പാക് പ്രധാനമന്ത്രിയുടെ അവകാശവാദം. എന്നാൽ ഖനനത്തെയും വിദേശ സ്ഥാപനങ്ങളേയും അനുവദിക്കാൻ വിഘടനവാദികൾ തയ്യാറല്ല. ഇതുകൊണ്ടാണ് യുഎസ് സഹായത്തോടെ ഖനനം നടത്താനുള്ള നയ രൂപീകരണത്തിലേക്ക് പാക്കിസ്ഥാൻ നീങ്ങിയതെന്നാണ് സൂചന.

Related Posts