Homepage Featured News World

ബുവാലോയ് കൊടുങ്കാറ്റ്; 2,50,000 ത്തോളം പേരെ തീരപ്രദേശത്തുനിന്നു മാറ്റാനൊരുങ്ങി വിയറ്റ്നാം

വിയറ്റ്നാം: വിയറ്റ്നാം തീരത്ത് ശക്തമായി വീശാൻ സാധ്യതയുള്ള ബുവാലോയ് ചുഴലിക്കാറ്റിന്റെ ആഘാതം കുറയ്ക്കാനായി രണ്ടര ലക്ഷത്തോളം പേരെ തീരപ്രദേശത്തു മാറ്റിയേക്കും. കാലവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പിനെ തുടർന്നാണ് നടപടി. രാജ്യത്തെ പ്രധാന സ്റ്റീൽ നിർമാണശാലകളുൾപ്പെടുന്ന ഭാ​ഗത്തും ഒഴിപ്പിക്കൽ നടപടി ആരംഭിച്ചിട്ടുണ്ട്.

വിയറ്റ്നാമിൽ ഈ വർഷമുണ്ടായ പത്താമത്തെ ചുഴലിക്കാറ്റാണിത്. കൃഷിമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം വിയറ്റ്നാമിൽ ഒരു വർഷത്തിനിടെ 100 ലധികം പേർ പ്രകൃതി ദുരന്തങ്ങളിൽ മരിക്കുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വിയറ്റ്നാമിൽ ഉണ്ടായ യാ​ഗി കൊടുങ്കാറ്റിൽ വ്യപക നാശനഷ്ടങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. നൂറുകണക്കിന് ആളുകളായിരുന്നു അന്ന് മരിച്ചത്.

133 കിലോമീറ്റർ വേ​ഗതയിലായിരിക്കും ഇത്തവണ കാറ്റടിക്കുക. ഇപ്പോൾ കടലിൽ അനുഭവപ്പെടുന്ന ബുവാലോയ് ഞായറാഴ്ച്ച വൈകീട്ടോടെ വിയറ്റ്നാം തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്. കാറ്റ് അതിവേ​ഗതയിലുള്ളതാണെന്നും ശക്തമായ മഴ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം, തീരദേശങ്ങൾ വെള്ളത്തിനടിയിലാവൽ തുടങ്ങിയ പ്രത്യാഘാതങ്ങൾ പ്രതീക്ഷിക്കുന്നതായും കേന്ദ്രം വ്യക്തത വരുത്തുന്നു.

സെൻട്രൽ വിയറ്റ്നാമിലെ ഏറ്റവും വലിയ ന​ഗരമായ ദനാങ്ങിൽ നിന്ന് 2,10,000 പേരെ ഒഴിപ്പിക്കും. ഹ്യൂവിലെ തീരപ്രദേശത്തു നിന്ന് 32,000 പേരെയാകും ഒഴിപ്പിക്കുക. സ്റ്റീൽ നിർമാണത്തിന്റെ ഹബ്ബായ ഹാ തിന്നിൽ നിന്ന് 15,000 പേരെയും സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റും. സുരക്ഷിതമായ സ്കൂളുകളിലേക്കോ ആരോ​ഗ്യകേന്ദ്രങ്ങളിലേക്കോ മറ്റു താത്കാലിക ക്യാമ്പുകളിലേക്കോ ആകും ഇവരെ മാറ്റുക. തീരത്തു നിന്ന് പുറപ്പെട്ട എല്ലാ മത്സ്യബന്ധന ബോട്ടുകളെയും തിരിച്ചു വിളിച്ചു. നാല് ആഭ്യന്തര വിമാനത്താവളങ്ങൾ അടച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാനായി 1,17,000 സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്.

Related Posts