തിരുവനന്തപുരം: രാജ്ഭവൻ പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയായ രാജഹംസം പ്രകാശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാജ്ഭവനിലെത്തും. പുസ്തകം ശശി തരൂർ എം പിക്കു നൽകിയാകും പ്രകാശനം. പ്രതിപക്ഷ നേതാവ് വി ഡി സതീശനേയും ക്ഷണിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ചടങ്ങിൽ ഭാരതാംബ ചിത്രം ഉപയോഗിക്കില്ലെന്ന് തീരുമാനിച്ചതിലൂടെ സംസ്ഥാന സർക്കാരും രാജ്ഭവനുമായുള്ള വിവാദങ്ങളിൽ താത്കാലിക വിരാമമാകുകയാണ്.
ഔദ്യോഗിക ചടങ്ങുകളിൽ അനൗദ്യോഗിക ചിഹ്നങ്ങൾ ഒഴിവാക്കണമെന്ന് സംസ്ഥാനസർക്കാർ ആവശ്യപ്പെട്ടിരുന്നു. പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ആർ എസ് എസിന്റേതിനു സമാനമായ പതാക ഉള്ള ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചിരുന്നു. പരിപാടിൽ പങ്കെടുക്കാനാകില്ലെന്ന് അറിയിച്ച് ചടങ്ങിൽ നിന്ന് കൃഷിമന്ത്രി പി പ്രസാദ് ഇറങ്ങിപ്പോയി.
ഇതേ കാര്യത്തെത്തുടർന്ന് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ പുരസ്കാര ദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും പ്രസംഗത്തിനിടെ കാര്യം വ്യക്തമാക്കി ഇറങ്ങിപ്പോയിരുന്നു. വിവാദങ്ങളിൽ ആദ്യം ഗവർണർ കടുംപിടുത്തം നടത്തിയെങ്കിലും പിന്നീട് അയഞ്ഞു. തുടർന്ന് ഔദ്യോഗിക ചടങ്ങുകളിൽ ചിത്രം ഉപയോഗിക്കില്ലെന്ന് ഉറപ്പുനൽകുകയായിരുന്നു.
അതേസമയം കേരള സർവകലാശാലയുടെ സെനറ്റ് ഹാളിൽ ഗവർണർ പങ്കെടുത്ത സ്വകാര്യ സംഘടനയുടെ വേദിയിൽ ഭാരതാംബ ചിത്രം വെച്ചത് തടഞ്ഞെന്ന ആരോപണത്തിൽ രജിസ്ട്രാറിനെ സസ്‍പെൻഡ് ചെയ്തിരുന്നു. രജിസ്ട്രാർ കെ എസ് അനിൽ കുമാറിനെയായിരുന്നു സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ നടപടി ഇതുവരെ പിൻവലിച്ചിട്ടില്ല. ഇന്ന് നടത്തുന്ന പരിപാടി പൊതുവിൽ വിവാദങ്ങളിൽ മഞ്ഞുരുകിയതിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്
















