Homepage Featured News World

എഐ മതിയെന്ന് ആക്സഞ്ചർ; മൂന്ന് മാസത്തിനിടെ പിരിച്ചുവിട്ടത് 11000 ജീവനക്കാരെ

അയർലൻഡ്: എഐ ഉപയോ​ഗിച്ച് ഉപയോ​ഗിച്ച് ജോലികൾ കാര്യക്ഷമമായി ചെയ്യാമെന്ന കണക്കുകൂട്ടലിൽ മൂന്നു മാസത്തിനിടെ 11000 ത്തോളം ജീവനക്കാരെ ആക്സഞ്ചർ പിരിച്ചുവിട്ടു . ഒന്നുകിൽ എഐ അഥവാ കൃത്രിമ ബുദ്ധിയിൽ ജീവനക്കാർ പരിശീലനം നേടണം അല്ലെങ്കിൽ ജോലിയോട് വിട പറയാം എന്നാണ് കമ്പനി നിലവിലെ ജോലിക്കാരെ അറിയിച്ചിരിക്കുന്നത്. ​

ആ​ഗോള തലത്തിൽ ഓ​ഗസ്റ്റ് അവസാനത്തെ കണക്കനുസരിച്ച് ആക്സഞ്ചറിൽ ജോലി ചെയ്തിരുന്നവരുടെ എണ്ണം മൂന്നുമാസം മുന്നേയുണ്ടായിരുന്ന 7,91,000 ത്തിൽ നിന്ന് 7, 79,000 ആയി കുറഞ്ഞെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിലൂടെ കമ്പനി 615 മില്ല്യൺ ഡോളറിന്റെ നേട്ടമാണ് ഉണ്ടാക്കിയത്. ഇത്തരത്തിൽ അടുത്ത മൂന്നു മാസത്തിനുള്ളിൽ 250 മില്ല്യൻ ഡോളർ കൂടി ലാഭിക്കാനാണ് കമ്പനിയുടെ കണക്കു കൂട്ടൽ. ആകെ 865 മില്ല്യൺ ഡോളറിന്റെ (ഏകദേശം 7669 കോടി രൂപ) ക്രമീകരണം കമ്പനിയിലുണ്ടാകുമെന്നാണ് ആക്സഞ്ചർ പറയുന്നത്.

ജെനറേറ്റീവ് എഐ ഉപയോ​ഗിച്ച് 5 ബില്ല്യൺ ഡോളറിന്റെ നേട്ടമാണ് കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനി ഉണ്ടാക്കിയത്. ഇതിനു മുമ്പുള്ള വർഷത്തിൽ ഇത് 3 ബില്ല്യൺ ഡോളർ ആയിരുന്നു. അതുകൊണ്ട് തന്നെ എഐ ഉപയോ​ഗം ഇരട്ടിയാക്കാനാണ് ആക്സഞ്ചർ പദ്ധതിയൊരുക്കുന്നത്. ഇതിനായാണ് ജീവനക്കാരെ വെട്ടിക്കുറക്കുന്നത്. കൃത്യമായി എത്ര പേരെ മാറ്റുമെന്ന കണക്കുകൾ പുറത്തുവന്നിട്ടില്ലെങ്കിലും ആക്സഞ്ചറിന്റെ പുന:ക്രമീകരണം 2025 നവംബർ വരെ തുടരുമെന്നാണ് വിവരം.

നിലവിലെ ജീവനക്കാർക്ക് എഐയിൽ പരിശീലനം നൽകുക എന്നതാണ് കമ്പനിയുടെ മുൻ​ഗണനയെങ്കിലും എല്ലാവരേയും ഇത്തരത്തിൽ കമ്പനിയുടെ ഭാ​ഗമായി നിലനിർത്തുക സാധ്യമല്ലെന്ന് ആക്സഞ്ചർ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ആയ ജൂലി സ്വീറ്റ് പറഞ്ഞു. കോർപ്പറേറ്റ് കമ്പനികൾ അവരുടെ ബഡ്ജറ്റ് ചുരുക്കുകയാണ്. യുഎസ് ഫെഡറലിന്റെ കോൺട്രാക്ടുകളും കുറയുന്നു. പണ്ടത്തേപ്പോലെ ഉപഭോക്താക്കളുടെ ഓഫീസിലേക്ക് കൺസൾട്ടെൻ്‍റുകളെ അയക്കുന്ന രീതി ഇന്ന് ഫലപ്രദമല്ല. ഈ സാഹചര്യത്തിൽ എഐയെ ആശ്രയിച്ചേ തീരൂ. ഒഴിവാക്കേണ്ടവരെ നില നിർത്തുന്നതും സാധ്യമല്ല. തങ്ങളുടെ വിശാലമായ ക്ലയന്റ് അടിത്തറ നിലനിർത്താൻ മികച്ച വൈദ​ഗ്ധ്യമുള്ള കുറച്ചുപേർ മതിയാകുമെന്നാണ് കമ്പനി വിലയിരുത്തുന്നത്.

മനുഷ്യന്റെ കഴിവുകളെ എഐയുമായി താരതമ്യം ചെയ്യുന്ന കാലഘട്ടമെന്ന നിലയിൽ കോർപ്പറേറ്റുകളിൽ ഇനിയും ഇത്തരം അഴിച്ചുപണിയുണ്ടാകാനുള്ള സാധ്യതയിലേക്കാണ് ആക്സഞ്ചറിന്റെ നിലപാട് വിരൽ ചൂണ്ടുന്നത്. ഓപ്പൺ എഐ യുടെ സിഇഒ സാം ആൾട്ട്മാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ജോലി സാധ്യത കുറയ്ക്കുമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.

Related Posts